പ്രത്യേക ചീഫ് സെക്രട്ടറിയും ഡി.ജി.പിയും വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കുകി എം.എല്‍.എമാര്‍
national news
പ്രത്യേക ചീഫ് സെക്രട്ടറിയും ഡി.ജി.പിയും വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കുകി എം.എല്‍.എമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th August 2023, 3:46 pm

ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ കുകി-സോമി എം.എല്‍.എമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. തങ്ങളുടെ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന സര്‍ക്കാര്‍ തസ്തിക സൃഷ്ടിക്കണമെന്നും സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ഇവര്‍ കത്തയച്ചിരിക്കുന്നത്.

കാങ്‌പോക്പി, ചാന്ദല്‍, ചുരാചന്ദ്പൂര്‍, തെങ്‌നൗപാല്‍, ഫെര്‍സാവല്‍ എന്നീ മലയോര ജില്ലകളില്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും സമാനമായ പദവി എം.എല്‍.എമാര്‍ക്ക്
നല്‍കണമെന്നും ഇവര്‍ പ്രധാനമന്ത്രിക്ക് നല്‍കിയിരിക്കുന്ന നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

തങ്ങളുടെ വിഭാഗക്കാര്‍ താമസിക്കുന്ന മേഖലകളിലെ കാര്യക്ഷമമായ ഭരണത്തിന് തസ്തികകള്‍ സൃഷ്ടിക്കുന്നത് ആവശ്യമാണെന്നും സംഘര്‍ഷം മൂലം തങ്ങള്‍ക്ക് ഇംഫാലുമായി ഉണ്ടായിരുന്ന ബന്ധം ഇല്ലാതായെന്നും എല്‍.എല്‍.എമാര്‍ പറയുന്നു. കുകി-സോ വിഭാഗക്കാര്‍ക്ക് ഇംഫാലിപ്പോള്‍ മണത്തിന്റെയും നാശത്തിന്റെയും താഴ്‌വര ആയി മാറിയെന്നും അവര്‍ പറയുന്നു. മലയോര ജില്ലകള്‍ക്ക് പ്രത്യേക ഭരണ പദവി ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കുകി-സോമി വിഭാഗക്കാരുടെ പുനരധിവാസത്തിനായി 500 കോടി രൂപ അനുവദിക്കണമെന്നും മാസങ്ങള്‍ നീണ്ട അക്രമങ്ങളുടെ പ്രത്യാഘാതങ്ങളില്‍ നിന്നും കരകയറാന്‍ അവരെ സഹായിക്കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.

മെയ് മൂന്നിന് ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ മണിപ്പൂര്‍ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഗോത്ര വര്‍ഗ പദവി മെയ്തി വിഭാഗക്കാര്‍ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു അവര്‍ മാര്‍ച്ച് നടത്തിയത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് നിരവധി വീടുകള്‍ തകര്‍ക്കപ്പെടുകയും ആളുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തു.

2012 മുതല്‍ എസ്.ടി പദവി വേണമെന്ന ആവശ്യം മെയ്തി വിഭാഗം ഉന്നയിക്കുന്നുണ്ട്. തങ്ങളുടെ സംസ്‌കാരവും സ്വത്വവും ഭാഷയും സംരക്ഷിക്കുന്നതിന് ഭരണഘടനാപരമായ സംരക്ഷണത്തിന് പദവി സഹായിക്കുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ മെയ്തികളുടെ ആവശ്യത്തിനെതിരെ മലയോര മേഖലയിലെ ഗോത്രവര്‍ഗക്കാരും രംഗത്ത് വന്നിരുന്നു. പദവി അനുവദിച്ചാല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ ജോലിയിലെയും വിദ്യാഭ്യാസ മേഖലയിലെയും ആനുകൂല്യങ്ങള്‍ കുറയുമെന്നാണ് കുകി-സോ വിഭാഗക്കാര്‍ ആശങ്കപ്പെടുന്നത്.

മാര്‍ച്ചില്‍ മെയ്തികള്‍ക്ക് ഗോത്ര പദവി അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ ഇതുവരെ 150ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 1000ലധികം ആളുകള്‍ക്ക് പലായനം ചെയ്യേണ്ടിവന്നു.

 

 

Content Highlights: Imphal has become valley of death and destruction