| Friday, 7th July 2023, 10:22 am

കലാപത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രി; മണിപ്പൂരിലേത് ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള ആക്രമണം: ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ടുണ്ടായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നെന്ന് ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമിനോ. മണിപ്പൂരിലെത്തിയ ഇടതുപക്ഷ എം.പിമാരുടെ പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബിരേന്‍ സിങ് മുഖ്യമന്ത്രി പദത്തില്‍ തുടരുന്നിടത്തോളം മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനാകില്ല. അദ്ദേഹമാണ് കലാപത്തിന്റെ സൂത്രധാരന്‍. കലാപകാരികളെ നിയന്ത്രിക്കാന്‍ ഒരു നടപടിയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നില്ല.

രണ്ട് മാസത്തിലേറെയായി മണിപ്പൂര്‍ കത്തിയെരിയുമ്പോഴും മൗനം തുടരുന്ന പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല. മണിപ്പൂരില്‍ ഭരണസംവിധാനം പൂര്‍ണമായും തകര്‍ന്നു.

കലാപകാരികള്‍ ആയുധങ്ങളുമായി റോന്ത് ചുറ്റുകയാണ്. പട്ടാളത്തിനും പൊലീസിനും നിയന്ത്രിക്കാനാകുന്നില്ല. മെയ്തി, കുക്കി വിഭാഗങ്ങളിലെ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്.

മെയ്തി വിഭാഗം മാത്രമുള്ള മേഖലകളില്‍പ്പോലും ആ വിഭാഗത്തിലെ ക്രൈസ്തവരും ക്രൈസ്തവസ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നത് നിഷ്‌കളങ്കമായി കാണാനാകില്ല. മെയ്തി വിഭാഗക്കാരായ ക്രൈസ്തവര്‍ ആരാധന നടത്തിയിരുന്ന 247 പള്ളികള്‍ തകര്‍ക്കപ്പെട്ടു. ആകെ 400ഓളം പള്ളികള്‍ തകര്‍ക്കപ്പെട്ടു,’ ആര്‍ച്ച് ബിഷപ് പറഞ്ഞു.

അതേസമയം, മണിപ്പൂരില്‍ നിരന്തരം ആക്രമിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തോടുള്ള ഐക്യദാര്‍ഢ്യവും പിന്തുണയും സി.പി.ഐ.എം രാജ്യസഭാംഗങ്ങളായ ജോണ്‍ ബ്രിട്ടാസും ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയും ആര്‍ച്ച് ബിഷപ്പിനെ അറിയിച്ചു. ഇംഫാല്‍ വികാരി ജനറലും മലയാളിയുമായ ഫാദര്‍ വര്‍ഗീസും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ക്ഷത്രിമയൂം ശാന്തയും ബിഷപ് ഹൗസിലെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

ഇംഫാലിന് സമീപം കെ. സുന്ധരപാമിലെ ബിരഹരി കോളേജില്‍ പ്രവര്‍ത്തിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പും ഇടത് എം.പിമാര്‍ സന്ദര്‍ശിച്ചു. ക്യാമ്പിലെ ജീവിതം പരിതാപകരമാണെന്നും സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നും രണ്ട് മാസത്തിലേറെയായി ക്യാമ്പില്‍ താമസിക്കുന്നവര്‍ പറഞ്ഞു.

Content Highlights: imphal arch bishop criticizes bjp govt for manipur genocide
We use cookies to give you the best possible experience. Learn more