ന്യൂദല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതിയുടെ നപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.കെ. സിക്രിയുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അതേസമയം ഹര്‍ജി പരിഗണിക്കുന്ന ഭരണഘടനാബെഞ്ചില്‍ നിന്നും ചീഫ് ജസ്റ്റിസിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തുവന്ന കൊളീജിയത്തിലെ മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിനെതിരായ ഹര്‍ജി സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയും കൊളീജിയം അംഗവുമായ ജസ്റ്റിസ് ചെലമേശ്വറിന്റെ ശ്രദ്ധയില്‍ പെടുത്താനായിരുന്നു കോണ്‍ഗ്രസ്സ് തീരുമാനം.
എന്നാല്‍ ഇതിനു പിന്നാലെ മുതിര്‍ന്ന ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ഭരണഘടന ബെഞ്ചില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ രംഗത്തുവന്ന ജഡ്ജിമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍.ബി.ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിനെയാണ് ചീഫ് ജസ്റ്റിസ് ഒഴിവാക്കിയത്.
ഇവരെ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ഒഴിവാക്കി പുതിയ ഭരണഘടന ബെഞ്ച് രൂപീകരിക്കുകയായിരുന്നു. പുതുതായി രൂപീകരിച്ച ബെഞ്ചില്‍ കൊളീജിയം അംഗങ്ങളായ ഇവരെ ഉള്‍പ്പെടുത്താത്തതും ചര്‍ച്ചയ്ക്ക് കാരണമാകുകയാണ്.
അതേസമയം ചീഫ് ജസ്റ്റിസിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യസഭാ അധ്യക്ഷനായ എം.വെങ്കയ്യ നായിഡു ഇംപീച്ച്‌മെന്റ് പ്രമേയം തള്ളാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് അധ്യക്ഷന്‍ പറഞ്ഞത്. നോട്ടീസ് സംബന്ധിച്ച് എം.പിമാര്‍ സഭയ്ക്കുള്ളില്‍ പൊതു ചര്‍ച്ച നടത്തിയത് ചട്ട ലംഘനമാണന്നും നായിഡു പറഞ്ഞിരുന്നു.
കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളാണ് ഇംപീച്ച്മെന്റ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ രാജ്യസഭാ ചട്ടങ്ങള്‍ക്ക് ചേര്‍ന്നതല്ല ഈ നിലപാടെന്നും ഇതില്‍ വിശദീകരണം നല്‍കണമെന്നും രാജ്യസഭാധ്യക്ഷന്‍ പറഞ്ഞിരുന്നു.
ഇതേത്തുടര്‍ന്നാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ വേഗത്തിലാക്കിയത്. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എന്‍.സി.പി, സി.പി.ഐ.എം, സി.പി.ഐ, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി. എന്നീ പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്.