ന്യുദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. രാജ്യസഭയില്‍ കൊണ്ടുവരാനുള്ള കരട് പ്രമേയത്തിന്റെ പകര്‍പ്പ് കോണ്‍ഗ്രസ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കൈമാറി. പ്രമേയത്തില്‍ രാജ്യസഭ കോണ്‍ഗ്രസ് എംപിമാര്‍ ഒപ്പ് വച്ചു.
ചീഫ് ജസ്റ്റിസിനെതിരേ കൊണ്ടുവരുന്ന ഇംപീച്ച്മെന്റ് പ്രമേയം പരിഗണിക്കാന്‍ 50 എം.പി. മാര്‍ ഒപ്പിട്ട നോട്ടീസാണ് നല്‍കേണ്ടത്. കോണ്‍ഗ്രസ് എം.പിമാര്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തുനിന്ന് ആവശ്യത്തിലേറെ എം.പി.മാര്‍ ഒപ്പിട്ടു കഴിഞ്ഞതായാണ് സൂചന. ഒരിടവേളക്ക് ശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാക്കി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.
തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.ഐ.എം, തുടങ്ങിയ പാര്‍ട്ടികള്‍ നേരത്തെ തന്നെ സമാന നിലപാട് വ്യക്തമാക്കിയിരുന്നു. പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍പ്പെടെ പരമാവധി പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പുവരുത്താനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ ഒന്നിച്ചണിനിരത്തുക എന്നതാണ് ലക്ഷ്യം.
രാജ്യസഭയിലെ കോണ്‍ഗ്രസ് എംപിമാര്‍ കരട് പ്രമേയത്തില്‍ ഇതിനകം ഒപ്പ് വച്ചിട്ടുണ്ട്. എന്‍സിപി അംഗങ്ങളും ഒപ്പ് വച്ചതായാണ് വിവരം. ഡി.എം.കെ അടക്കമുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസ് വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നതിനോട് തന്റെ പാര്‍ട്ടിക്ക് യോജിപ്പാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ കഴിഞ്ഞ ജനുവരിയിലാണ് 4 മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. സുപ്രീംകോടതി കൊളീജിയത്തില്‍ അംഗങ്ങളായ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ദീപക് മിശ്രയ്‌ക്കെതിരെ പരസ്യമായി പ്രതിഷേധിച്ചതിനെ തുടര്‍ന്നു ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലുണ്ടായ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല.
ആരോപണങ്ങളെ അഭിമുഖീകരിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍.