|

കുട്ടികള്‍ക്ക് ധാര്‍മിക വിദ്യാഭ്യാസം നല്‍കണമെന്ന് രക്ഷിതാക്കളോട് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഒളിച്ചോട്ടങ്ങളും രക്ഷിതാക്കള്‍ അറിയാതെയുള്ള വിവാഹങ്ങളും തടയാന്‍ കുട്ടികള്‍ക്ക് ധാര്‍മിക വിദ്യാഭ്യാസം നല്‍കണമെന്ന് കോടതി. തട്ടിക്കൊണ്ട് പോകലിന്റെയും ബലാത്സംഗങ്ങളുടെയും പേരില്‍ തെറ്റായ കേസുകള്‍ നല്‍കുകയല്ല ചെയ്യേണ്ടത്.

മകളെ യുവാവ് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ വാദം കേള്‍ക്കവേ ദല്‍ഹി കോടതിയാണ് ഈ നിരീക്ഷണം നടത്തിയത്.

ഈ കേസില്‍ ബീഹാര്‍ സ്വദേശിയായ യുവാവിനെ  അറസ്റ്റ് ചെയ്തതും വിചാരണ ചെയ്തതും ദൗര്‍ഭാഗ്യകരമായിപ്പോയി എന്ന് കോടതി പറഞ്ഞു. യുവാവ് യാതൊരു ക്രിമിനല്‍ പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ വെറുതെ വിടുകയല്ലാതെ മറ്റൊന്നും കോടതിയ്ക്ക് ചെയ്യാനില്ലെന്നും ഉത്തരവില്‍ പറയുന്നു.

“മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും കേബിള്‍ ടി.വിയും അരങ്ങ് വാഴുന്ന ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ക്ക് വളരെ വലിയ ഉത്തരവാദിത്തമാണുള്ളത്. നല്ല സംസ്‌കാരത്തില്‍ വളരാനും ശരിയും തെറ്റും തമ്മില്‍ വേര്‍തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കാന്‍ ശരിയായ ധാര്‍മ്മിക മൂല്യങ്ങള്‍ കുട്ടികള്‍ക്ക് പഠിപ്പിച്ച് കൊടുക്കേണ്ടതുണ്ട്.”

“ആകര്‍ഷണീയമായതെല്ലാം എപ്പോഴും നല്ലതാവണമെന്നില്ലെന്നും നല്ലതിനെ ഒരിക്കലും വിട്ടുകളയരുതെന്നും അവരെ പറഞ്ഞ് പഠിപ്പിക്കണം. തെറ്റായ ബലാത്സംഗക്കേസുകള്‍ ഫയല്‍ ചെയ്യുന്നത് കൊണ്ട് ഒളിച്ചോട്ടങ്ങളുടെ എണ്ണം കുറയ്ക്കാനാവില്ല.

ശരിയായ ധാര്‍മിക വിദ്യാഭ്യാസം നല്‍കുകയും കൗമാര പ്രായത്തിലെ കുട്ടികളുടെ പ്രവൃത്തികളില്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്താല്‍ ഇതിന്റെ നിരക്ക് കുറയ്ക്കാന്‍ സാധിക്കും.” അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിരേന്ദര്‍ ഭട്ട് പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു എന്ന കേസില്‍ ആരോപണവിധേയനായ യുവാവിനെ വെറുതെ വിട്ടു കൊണ്ടാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കുകയും ചെയ്തിരുന്നു.

13 വയസ്സുള്ള തന്റെ മകളെ കാണാനില്ലെന്ന് കാണിച്ച് മാര്‍ച്ച് 2010-ല്‍ പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയിരുന്നത്. അന്വേഷണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ തനിക്ക് 17-18 വയസ്സുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ബീഹാര്‍ സ്വദേശിയായ യുവാവിനൊപ്പം പോയതെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.

പൊലീസ് കണ്ടെത്തുമ്പോള്‍ ബീഹാറില്‍ വെച്ച് ഇരുവരും വിവാഹിതരാവുകയും പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മകളെ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ യുവാവിനെതിരെ പരാതി നല്‍കിയത്.

വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരായതിനാല്‍ തന്റെ മാതാപിതാക്കള്‍ ഈ ബന്ധത്തിനെതിരായിരുന്നെന്നും അതിനാലാണ് ഒളിച്ചോടിയതെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയത്.

സ്വന്തം മകളെ പ്രണയിച്ച യുവാവിനെ ശിക്ഷിക്കണമെന്ന അമ്മയുടെ ആഗ്രഹം കൊണ്ട് മാത്രമാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.

സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിന്റെ ഒപ്പം പോയതെന്നാണ് ആദ്യമൊഴികളില്‍  പെണ്‍കുട്ടി പറയുന്നത്. എന്നാല്‍ പിന്നീട് അമ്മയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തന്നെ തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്ന് പെണ്‍കുട്ടി പറഞ്ഞത്. ഈ മൊഴിയുടെ പേരിലാണ് യുവാവിനെ കുറ്റക്കാരനാക്കിയത്. കോടതി പറയുന്നു.

തെറ്റായ ഒട്ടേറെ ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതായി മറ്റൊരു കേസിന്റെ വിചാരണവേളയില്‍ കോടതി പറഞ്ഞിരുന്നു.

“ഇത്തരം തെറ്റായ കേസുകള്‍ വര്‍ദ്ധിച്ച് വരുന്നത് കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നു. അതിനാല്‍ യഥാര്‍ത്ഥമായ അഴിമതിക്കേസുകള്‍ തീര്‍പ്പാകാന്‍ കാലതാമസം നേരിടുന്നു.

തങ്ങളുടെ അനുവാദം കൂടാതെ പ്രിയപ്പെട്ട മക്കള്‍ ഒളിച്ചോടിപ്പോകുന്ന മാതാപിതാക്കളുടെ ദു:ഖം മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ അത്ര തന്നെ പങ്കുള്ള യുവാവിനെ ബലാത്സംഗക്കേസില്‍ ഉള്‍പ്പെടുത്തുന്നത് ന്യായമല്ല.

രക്ഷിതാക്കളുടെ ഈയൊരു പ്രവണത അവസാനിപ്പിക്കേണ്ടതാണ്. ഇരുവരുടെയും നന്മയ്ക്ക് വേണ്ടി ഉത്തരവാദിത്തത്തോടെ പെരുമാറണം. ” കോടതി പറഞ്ഞു.

“ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായി കുട്ടികളെ സൂക്ഷ്മതയോടെ വളര്‍ത്തണം. അല്ലെങ്കില്‍ സംഭവിക്കുന്ന കാര്യങ്ങളെ അഭിമുഖീകരിക്കണം.” കോടതി കൂട്ടിച്ചേര്‍ത്തു.

Video Stories