അപ്രതീക്ഷിതമായി വന്നു പെട്ട കോവിഡ് പ്രതിസന്ധിയെ മറികടന്നുകൊണ്ട് വിദ്യാഭ്യാസ പ്രക്രിയയുടെ തുടർച്ചയ്ക്ക് വേണ്ടിയുള്ള നാനാതരം പദ്ധതികൾ ലോകമെമ്പാടും രൂപപ്പെട്ടു കഴിഞ്ഞു. കുട്ടികളും അധ്യാപകരും നേർക്കുനേർ കാണുന്ന സാമ്പ്രദായിക ക്ലാസ് മുറികൾ ഉടനെയൊന്നും തിരിച്ചു പിടിക്കാനാവില്ല എന്ന ബോധ്യം വന്നതോടെ, ലഭ്യമായ എല്ലാ സാധ്യതകളെയും പരമാവധി പ്രയോജനപ്പെടുത്തി കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ലോകം മുഴുവൻ നടക്കുന്ന ഈ ശ്രമങ്ങളുടെ ഒപ്പം തന്നെയാണ് ഇന്ത്യയും, കൂടെ കേരളവും.
കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ കേരള ഗവൺമെന്റ്, വിദ്യാഭ്യാസരംഗത്തും പൊതു സംവിധാനങ്ങളെ ഉപയോഗിക്കാനുള്ള ശ്രമങ്ങൾ തുടക്കത്തിൽ തന്നെ നടത്തിയിരുന്നു. സ്കൂളുകൾ തുറക്കേണ്ടിയിരുന്ന ജൂൺ ഒന്നിന് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ ചാനൽ വിക്ടേഴ്സ് വഴി ഒന്നുമുതൽ പന്ത്രണ്ടാം തരം വരെയുള്ള കുട്ടികൾക്ക് പാഠഭാഗങ്ങൾ കൈമാറ്റം ചെയ്യാൻ തുടങ്ങി.
പ്രക്ഷേപണ പഠനം തുടങ്ങിയതിനു പിന്നാലെ, വീട്ടിൽ ടെലിവിഷൻ സൗകര്യമില്ലാത്ത ദേവിക എന്ന പിന്നോക്ക വിഭാഗത്തിൽ പെടുന്ന ദരിദ്രയായ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. അതേത്തുടർന്ന് കേരളം മുഴുവൻ വിവിധ സംഘടനകളുടെയും സർക്കാരിന്റെയും പൊതുജനങ്ങളുടെയും സംയുക്ത ശ്രമം കൊണ്ടു ടെലിവിഷൻ സൗകര്യം ഇല്ലാത്തവർക്ക് ടിവി എത്തിച്ച് പ്രശ്നപരിഹാരത്തിനുള്ള ശ്രമവും നടന്നിരുന്നു. പ്രശ്നം പരിഹരിക്കപ്പെട്ടോ എന്നും ടിവി മാത്രമായിരുന്നോ പ്രശ്നമെന്നും, വിദ്യാഭ്യാസത്തെയും പഠനത്തെയും കുറിച്ച് നാമെന്തു മനസ്സിലാക്കുന്നു എന്നതും അടക്കം ധാരാളം ചോദ്യങ്ങൾ വിശദമായ മറുപടി അർഹിക്കുന്നു. എന്നാൽ ഇവിടെ സംസാരിക്കാൻ ശ്രമിക്കുന്നത് കുറച്ചു കൂടി സൂക്ഷ്മമായ മറ്റൊരു വിഷയമാണ്. വാട്സ്ആപ്പ് വഴിയോടുന്ന വിദ്യാഭ്യാസം.
വീട്ടിലിരിക്കുന്ന കുട്ടികൾ ടിവി ഓഫ് ചെയ്യുന്നതോടെ അവസാനിക്കുന്ന മട്ടിലല്ല വിക്ടേഴ്സ് ചാനല്‍ മുഖാന്തരം സംപ്രേക്ഷണം ചെയ്യുന്ന പാഠഭാഗങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കുട്ടികള്‍ തങ്ങളുടെ സ്വന്തം അധ്യാപകരോടുള്ള ബന്ധം നിലനിർത്തുക എന്ന ഉദ്ദേശത്തോടുകൂടിയും കൂട്ടുകാരോട് ഏതെങ്കിലും വിധത്തിൽ ഒക്കെ സംവദിക്കുക എന്ന ആലോചനയിലും വീട്ടിലിരിക്കുന്ന കുട്ടികളുടെ മാനസികാരോഗ്യം കണക്കിലെടുത്തും പഠനപ്രക്രിയ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോവുക എന്ന ലക്ഷ്യത്തിലുമാണ് വിദ്യാഭ്യാസ വകുപ്പ് ചാനൽ വഴി പാഠങ്ങൾ നൽകുന്നത്.
അതുകൊണ്ടുതന്നെ ക്ലാസ്സ് കേൾക്കുന്ന കുട്ടിക്കും ചാനലിലെ പാഠങ്ങൾക്കും ഇടയിൽ ഒഴിവാക്കാനാകാത്ത സാന്നിധ്യമായി സ്കൂളുകളിലെ അധ്യാപകർ നിലനിൽക്കുന്നുണ്ട്. സ്വന്തം വീടുകളിലിരിക്കുന്ന കുട്ടികളിലേക്ക് സ്വന്തം വീടുകളിലിരിക്കുന്ന അധ്യാപകർ എങ്ങനെയാണ് തുടർപ്രവർത്തനങ്ങൾ നൽകുക? പാഠം പഠിപ്പിക്കുക? ഇവർക്കിടയിലെ ആശയ വിനിമയം എങ്ങനെയാണ് സാധ്യമാകുന്നത്? ആരും പറഞ്ഞു കൊടുക്കാതെ, പ്രത്യേകിച്ച് ആരോടും ചോദിക്കാതെ സംശയലേശമന്യേ കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരും അനായാസം അഭയം കണ്ടെത്തിയത് വാട്സ്ആപ്പിലാണ്.
ഡിജിറ്റൽ ക്ലാസ് മുറികളും ഇൻറർനെറ്റ് സൗകര്യങ്ങളും സ്കൂളുകളിൽ മുൻപേ ഉണ്ടായിരുന്നെങ്കിലും ഇത്തരമൊരുഅടിയന്തരാവസ്ഥക്കാലത്ത് മുന്നോട്ടുപോകാൻ വേണ്ട ബോധന രീതികൾ ഒന്നും നമ്മൾ ശീലിച്ചിട്ടില്ല. പ്രത്യേകിച്ച്, മീഡിയം ഓണ്‍ലൈന്‍ ആകുമ്പോൾ! വിദേശരാജ്യങ്ങളിൽ പലയിടങ്ങളിലും സാധാരണമായ, സ്കൂളിന് സ്വന്തമായുള്ള- ലേണിങ് മാനേജ്മെൻറ് സിസ്റ്റം (LMS) നമുക്ക് പരിചിതമല്ല. ക്ലാസ് പി.ടി.എ യുടെ മറ്റൊരു രൂപം എന്നുള്ള നിലയിലോ, ക്ലാസിലെ കളി ചിരി വർത്തമാനങ്ങൾക്കുള്ള ഇടം എന്ന നിലയിലോ തുടർന്നു പോന്നിരുന്ന ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ മാത്രമാണ് ഇക്കാര്യത്തിലെ പൊതുവിലുള്ള മുൻപരിചയം. അപ്പോഴാണ് ചിട്ടപ്പടിയുള്ള, ചട്ടക്കൂടുള്ള ക്ലാസ് റൂം വിദ്യാഭ്യാസത്തെ വാട്സ്ആപ്പില്‍ പുനസ്ഥാപിക്കാനുള്ള അധ്യാപകരുടെ പെടാപാടുകകൾ.
ആത്യന്തികമായി ആശയവിനിമയ സാധ്യതയൊരുക്കുന്ന അനേകം സാമൂഹിക മാധ്യമങ്ങളില്‍ ഒന്നു മാത്രമാണ് വാട്സ്ആപ്പ് . 2009 ല്‍ കാലിഫോര്‍ണിയയില്‍ നിന്നാണ് വാട്സ്ആപ്പ് ലോഞ്ച് ചെയ്യപ്പെടുന്നത്. 2014 ആയപ്പോഴേക്കും ഫേസ്ബുക് എന്ന കുത്തക വാട്സ്ആപ്പിനെ വിലക്കു വാങ്ങി. ഇപ്പോഴിതാ 2020 ല്‍ 180 ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള 2 ബില്ല്യണ്‍ ജനങ്ങള്‍ക്ക് വാട്സ്ആപ്പ് സന്തത സഹചാരിയായി മാറിക്കഴിഞ്ഞു.
End to end എന്‍ക്രിപ്ഷന്‍ ഉള്ളത് കൊണ്ട് പൊതുവേ സുരക്ഷിതമായ പ്ലാറ്റ് ഫോം ആണ് എന്നൊരു ബോധവും നിലനില്‍ക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലാണെങ്കില്‍ സാധാരണ ഗതിയില്‍ ടീച്ചര്‍ അയക്കുന്ന മെസേജുകള്‍ എത്ര കുട്ടികള്‍ കണ്ടു എന്നറിയാനുള്ള അടിസ്ഥാന സൌകര്യവും വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഉണ്ട്. ഈ നേട്ടങ്ങളൊക്കെ പരിഗണിച്ചു തന്നെയാകണമല്ലോ, കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ WHO , UNICEF തുടങ്ങിയ ആഗോള സംഘടനകള്‍ വാട്സപ്പുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചത്. ഇതൊക്കെ ആണെങ്കിലും വാട്സ്ആപ്പ് കണ്ണടച്ച് പിന്തുടരാവുന്ന ഒരു ആപ്പ് ആണോ?
വാട്സ്ആപ്പിന് എന്താണ് പ്രശ്നം?
ഒറ്റനോട്ടത്തിൽ വാട്സ്ആപ്പിന് ഒരു പ്രശ്നവുമില്ല. കേരളത്തിലെ സാഹചര്യത്തിൽ ഡിജിറ്റൽ അന്തരം പരമാവധി കുറച്ചുകൊണ്ട് പ്രായോഗികമായി ഉപയോഗിക്കാവുന്ന ഒരു ശരാശരി സാങ്കേതിക സംവിധാനമാണ് വാട്സ്ആപ്പ്. നിർണായകമായ ഈ നേരത്തിരുന്ന്, പരിചിതമല്ലാത്ത സങ്കീർണമായ പുതിയ സാങ്കേതിക വിദ്യകൾ പഠിക്കുന്നതിലും അധ്യാപകർക്ക് എളുപ്പം; ലഭ്യമായ, സാർവത്രികമായ എന്തെങ്കിലും ഉപയോഗിക്കൽ തന്നെയാകും. ഉപയോഗ ശീലം കൊണ്ടും ഉപയോഗ ഗുണം കൊണ്ടും വാട്സ്ആപ്പ് ഇതിന് അനുയോജ്യമായ മാധ്യമമാണ് എന്ന് പൊതുവെ വിലയിരുത്താം.
എന്നാല്‍, കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളുടെയും അധ്യാപകരുടെയും സകലമാന വിവരങ്ങളും ആത്യന്തികമായി ഫേസ്ബുക്ക് എന്ന കേന്ദ്രീകൃത കുത്തകയ്ക്ക് നിസ്സാരമായി പണയപ്പെടുത്തുകയാണ് നാം ചെയ്യുന്നത് എന്നോര്‍ക്കണം. നിങ്ങളിത് കണക്കിലെടുക്കുന്നില്ല എന്ന് കരുതിയാൽ തന്നെ, അടുത്ത പ്രശ്നം പ്രത്യക്ഷത്തിൽ തന്നെ മനസ്സിലാക്കാവുന്നതാണ്. അധ്യാപകരുടെയും കുട്ടികളുടെയും വ്യക്തി ജീവിതത്തിലേക്ക് അറിഞ്ഞുകൊണ്ടുള്ള സ്വകാര്യതാ ലംഘനം കൂടി നടക്കുന്നുണ്ട് ഇപ്പോൾ. അനുവാദമില്ലാതെ മൊബൈൽ നമ്പറുകൾ നിരുപാധികം കൈമാറ്റം ചെയ്യപ്പെടുന്നു. പേഴ്സണൽ ചാറ്റ് ബോക്സുകൾ വിദ്യാഭ്യാസത്തിൻറെ പേരിൽ ചൂഷണങ്ങൾക്ക് സാധ്യത ഒരുക്കുന്നു. ഇതും ശരിയല്ലെന്ന് വാദിച്ചു സ്ഥാപിക്കാം. എങ്കില്‍ പിന്നെ പഠിപ്പിക്കാനായി വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ എന്തു കരുതുന്നു എന്നു നോക്കാം.
പൊതുവിദ്യാലയങ്ങളിലെ അധ്യാപകരിൽ നിന്ന് ശേഖരിച്ച അനുഭവങ്ങളും വിവരങ്ങളും സൂചിപ്പിക്കുന്നത് കുട്ടികളോട് ബന്ധപ്പെടാൻ ചുരുക്കം ചിലരൊഴിച്ച് ബാക്കി എല്ലാവരും വാട്സ്ആപ്പ് തന്നെയാണ് ഉപയോഗിക്കുന്നത് എന്നാണ്. ഇത്രമേൽ പരിചിതമായ പ്ലാറ്റ്ഫോം ആയിട്ടുപോലും വാട്സ്ആപ്പിലൂടെയുള്ള പഠിപ്പിക്കൽ അത്യന്തം ദുഷ്കരമാണ് എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.
പ്രധാനമായും അധ്യാപകർ മുന്നോട്ടുവെക്കുന്ന പ്രായോഗിക പ്രശ്നങ്ങൾ ഇവയാണ്:
ഇത്രയും പറയുമ്പോൾ അധ്യാപകർ ഇതിൽ യാതൊരു മെച്ചവും കാണുന്നില്ല എന്നുമല്ല. അധ്യാപകരുടെ തന്നെ അഭിപ്രായത്തിൽ:
ബ്രോഡ്കാസ്റ്റ് വഴി ഓരോ കുട്ടിയോടും നേരിട്ട് ആശയ വിനിമയം നടത്തുന്ന അധ്യാപകരില്‍ പലര്‍ക്കും പകല്‍ 12 മണിക്കൂര്‍ തികയാത്ത അവസ്ഥയാണ്. മുഴുനീളന്‍ ദിവസവും പാതിരാത്രിയിലും മൊബൈല്‍ സ്ക്രീനില്‍ തന്നെ നോക്കി ഇരിക്കണം. ആത്മാർത്ഥമായി അത്യധ്വാനം ചെയ്യുന്ന ഒരു കൂട്ടം അധ്യാപകർ ഇങ്ങനെ പരിശ്രമിക്കുമ്പോൾ തീരെയും ശ്രദ്ധ നൽകാതെ കൈകാര്യം ചെയ്യുന്ന അധ്യാപകർ വേറെയുമുണ്ട്. ദിവസം ഒരു മണിക്കൂര്‍ മാത്രം ഗ്രൂപ്പില്‍ വഴിപാടു വിദ്യാഭ്യാസം നല്‍കുന്ന അദ്ധ്യാപകര്‍ എന്താകും പഠിപ്പിക്കുന്നുണ്ടാവുക?
പരിഹാരങ്ങള്‍ പറയുമ്പോള്‍
അദ്ധ്യാപകര്‍ തന്നെ പറയുന്ന പ്രശ്നനങ്ങളെ വിലയിരുത്തിയാല്‍ അവ രണ്ടു തരത്തില്‍ പ്രതിഫലിക്കുന്നവയാണ് എന്നു മനസിലാക്കാം.
ഇതില്‍ തന്നെ ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടും, പഠിപ്പിക്കല്‍ പ്രക്രിയയിലും രീതിശാസ്ത്രത്തിലുമുള്ള ബുദ്ധിമുട്ടും വെവ്വേറെയാണ്.
അടിയന്തിര വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എങ്ങനെ വാട്സ്ആപ്പ് കാര്യക്ഷമമായി ഉപയോഗിക്കാം എന്ന് വാട്‌സ്ആപ്പിന്റെ തന്നെകൊറോണ വൈറസ് ഇന്‍ഫൊര്‍മേഷന്‍ ഹബ്ബില്‍ നിന്നു നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ അദ്ധ്യാപകര്‍ നേരിടുന്ന വാട്സ്ആപ്പ് ഉപയോഗ സംബന്ധിയായ ചില പ്രശ്നങ്ങളെങ്കിലും പരിഹരിക്കാന്‍ ഈ നിര്‍ദേശങ്ങള്‍ പിന്‍പറ്റിയാല്‍ തന്നെ മതിയാകും.
മറ്റു പ്രശ്നങ്ങള്‍ എങ്ങിനെ പരിഹരിക്കും?
രീതിശാസ്ത്ര സംബന്ധിയായ പ്രശ്നങ്ങളും, പഠിപ്പിക്കലും പഠനമുറപ്പിക്കലും വാട്സ്ആപ്പില്‍ പരിഹരിക്കപ്പെടാവുന്നതല്ല എന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടത്. അത്ര ലളിതമായ പരിഹാരങ്ങള്‍ നിലനില്‍ക്കുന്ന കുറുക്കുവഴിയല്ല പഠനം. വ്യക്തി വികാസത്തില്‍ ക്ലാസ്മുറിയ്ക്കുള്ള പ്രധാന്യവും കുട്ടിയുടെ സാമൂഹിക വളര്‍ച്ചയില്‍ ക്ലാസ്മുറിയുടെ അന്തരീക്ഷം തീര്‍ക്കുന്ന സ്വാധീനവും പരിഗണിച്ചാല്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസ് ഒരു ശാശ്വതമായ പാതയാകുന്നതില്‍ അര്‍ത്ഥമില്ല എന്നു തിരിച്ചറിയാം.
കൂടുതല്‍ ഡിജിറ്റല്‍ ടൂളുകള്‍ ഉപയോഗിക്കുന്നത് കൊണ്ടോ ഗ്രൂപ്പുകളില്‍ വീഡിയോ-ഓഡിയോ പാഠങ്ങള്‍ അപ്ലോഡ് ചെയ്യപ്പെടുന്നത് കൊണ്ടോ പഠനം നടക്കില്ല. ഇടതടവില്ലാതെ കേള്‍ക്കുന്ന വാട്സ്ആപ് നോട്ടിഫിക്കേഷന്‍ ശബ്ദങ്ങള്‍ പഠനം നടക്കുന്നുണ്ട് എന്ന മിഥ്യാ ബോധം സൃഷ്ടിക്കുക മാത്രമാണു ചെയ്യുന്നത്. നിരന്തരമായി കഠിനാധ്വാനം ചെയ്യുകയും കുട്ടികളില്‍ ചിലരെങ്കിലും ചിത്രങ്ങളിട്ടും വോയിസ് മെസേജ് അയച്ചും പ്രതികരിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ കഷ്ടപ്പെട്ടു പഠിപ്പിക്കുന്നു എന്ന സംതൃപ്തി അദ്ധ്യാപകരില്‍ പ്രകടമാകുന്നു. ഈ സംതൃപ്തി പഠനത്തെ അളക്കാനുള്ള നല്ല അളവുകോല്‍ ആകുന്നേയില്ല. അങ്ങനെയാണെങ്കില്‍ യഥാര്‍ത്ഥ മാനദണ്ഡങ്ങള്‍ എന്താണ് പറയുന്നത്?
അടുത്തിടെയായി പുറത്തു വരുന്നപഠനങ്ങള്‍ പറയുന്നത് വാട്സ്ആപ് മാത്രമല്ല; ‘ഗുണം ചെയ്യും’ എന്ന ധാരണയില്‍ നാം പ്രയോഗിച്ച് നോക്കുന്ന ഡിജിറ്റല്‍ ടൂളുകളുംപ്ലാറ്റ്ഫോമുകളും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല,പഠനത്തെ പിന്നോട്ടടിക്കുകയും ചെയ്യുന്നു എന്നാണ്. പല തലങ്ങളില്‍ നടന്ന പലവിധ ഗവേഷണങ്ങളും പറയുന്നത് മുഖാമുഖമുള്ള വിദ്യാഭ്യാസത്തില്‍ നിന്നുണ്ടായ നേട്ടം ഇ -ലേണിങ് വഴി സാധ്യമാകുന്നില്ല എന്നാണ്. അഥവാ പ്രയോജനം ചെയ്യുന്ന സന്ദര്‍ഭം കണ്ടെത്തിയാല്‍ തന്നെ, ക്ലാസ്മുറിയിലെ കൃത്യമായ മാര്‍ഗ്ഗരേഖയുള്ള വിദ്യാഭ്യാസ പ്രക്രിയയെ ത്വരിതപ്പെടുത്തുക എന്നുള്ളത് മാത്രമാണു അതിന്‍റെ പ്രയോജനം.
പഠനങ്ങളില്‍ അധികവും കൌമാരം കടന്നവരിലും മുതിര്‍ന്നവരിലുമാണ് നടത്തിയത്. എന്നിട്ടും ഭേദപ്പെട്ട ഫലമല്ല എന്നു പറയുമ്പോള്‍ കുട്ടികളിലേക്ക് വരുമ്പോള്‍ അത് വീണ്ടും കുറയാന്‍ ത്തന്നെയാണ് സാധ്യത. കാരണം ഓരോ ഫോണും ഒരു കാര്‍ണിവല്‍ ലോകമാണ്. ശ്രദ്ധയോടെ ചെയ്യേണ്ട പഠന പ്രക്രിയയ്ക്കു ഉതകുന്ന വിധത്തിലല്ല വാട്സ്ആപ്പിന്റെ അടക്കം ഒരു മെസേജിങ് ആപ്പിന്റെയും ഫോണിന്‍റെ തന്നെയും രൂപപ്പെടുത്തല്‍.
നിരന്തരം മറ്റു ഗ്രൂപ്പുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍ ക്ഷണങ്ങളും പ്രലോഭനങ്ങളും മുതിര്‍ന്നവര്‍ക്ക് പോലും അതിജീവിക്കാന്‍ ത്രാണിയില്ലെന്നിരിക്കെ കുട്ടികള്‍ എങ്ങനെ പഠിക്കും എന്നാണ് നാം കരുതുന്നത്? ചുരുക്കിപ്പറഞ്ഞാല്‍ വാട്സ്ആപ്പില്‍ ഒരു ക്ലാസ്മുറി വിഭാവനം ചെയുന്നതില്‍ അര്‍ഥമില്ല. എന്നാല്‍ ക്ലാസ്മുറിയിലെ ചില ഇടപെടലുകള്‍ വാട്സപ്പ് വഴി സുഗമമാക്കാം. ഉദാ: അടുത്ത ദിവസത്തെ അസൈന്‍മെന്‍റുകള്‍ പറയുക, വരാത്ത കുട്ട്കളിലേക്ക് പാഠഭാഗം എത്തിക്കുക, ഓണ്‍ലൈന്‍ ആയി സംശയങ്ങള്‍ ക്രോഡീകരിക്കുക തുടങ്ങി ഒരുപാട് ഗുണങ്ങള്‍. ക്ലാസിനെ പൂരിപ്പിക്കുന്ന ഘടകങ്ങളായി അത് പ്രവര്‍ത്തിക്കുന്നത് നല്ല കാര്യം തന്നെ. എന്നുകരുതി അതിന് വാട്സപ് തന്നെ വേണമെന്ന് നിര്‍ബന്ധവുമില്ല.
അപ്പോഴിതൊന്നും വേണ്ട എന്നാണോ?
നിശ്ചയമായും അങ്ങനെയല്ല. എന്നാല്‍ Something is better than Nothing എന്ന ധാരണയോടെ കൊറോണക്കാലത്ത് തുടങ്ങി വെക്കുന്ന വിദ്യാഭ്യാസ ഇടപെടലുകള്‍ തിരിച്ചടിയാകാനുള്ള എല്ലാ സാധ്യതയും നമ്മുടെ മുന്നിലുണ്ട്. ആര്‍ക്കെങ്കിലും ഉപകാരപ്രദമാകട്ടെ എന്നു കരുതിയാണ് ചെയ്യുന്നതെങ്കിലും സൌകര്യങ്ങളും സാഹചര്യങ്ങളും ഇല്ലാത്ത ഒരു കുട്ടിയെങ്കിലും ക്ലാസിലുണ്ടെങ്കില്‍ അത് അസമത്വത്തെ വീണ്ടും കൂട്ടും. ക്ലാസ് മുറിയിലുള്ള ഓരോ കുട്ടിയും സംവിധാനങ്ങളിലും മറ്റ് സന്നാഹങ്ങളിലും പര്യാപ്തരായ ശേഷം മാത്രം അടുത്ത ഘട്ടം ആലോചിച്ചാല്‍ മതി. അല്ലെങ്കില്‍ അവരെ കൂടി ഒപ്പം ചേര്‍ത്ത് മുന്നോട്ട് പോകാനുള്ള എന്തുവഴികളും പാലിക്കേണ്ടി വരും. വാട്സ്ആപ്പില്‍ തുടരാനാകാത്ത ഓരോ കുട്ടിയെയും നേരില്‍ വിളിച്ച് സംസാരിക്കാനുള്ള സമയം അദ്ധ്യാപകര്‍ കണ്ടെത്തേണ്ടി വരും. ഇപ്പോള്‍ തന്നെ ധാരാളം പേര്‍ ഈ വിധം പ്രവര്‍ത്തിക്കുന്നുണ്ട്. കണക്കറ്റ സമയവും ഊര്‍ജ്ജവും ഇതിനായി ചിലവഴിക്കുകയും ചെയ്യുന്നുണ്ട്.
രസകരമായ മറ്റൊരു വസ്തുത കൂടി തുറന്നു കാണിച്ച് അവസാനിപ്പിക്കാം. കോവിഡ് കാലവിദ്യാഭ്യാസത്തിനായി വിവിധരാജ്യങ്ങള്‍ ഏതൊക്കെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളാണ് ഉപയോഗിക്കുന്നത് എന്നു വേള്‍ഡ് ബാങ്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. മിക്കവാറും രാജ്യങ്ങള്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നു എന്ന വിവരം അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഏറ്റവുമാധികമാളുകള്‍ വാട്സപ്പ് ഉപയോഗിയ്ക്കുന്ന രാജ്യമായ , ഇന്‍ഡ്യ വിദ്യാഭ്യാസ ആവശ്യത്തിന് വാട്സ്ആപ്പ് ഉപയോഗിയ്ക്കുന്ന വിവരം പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ല. എന്നു മാത്രമല്ല, നിരത്തി ലിസ്റ്റ് ചെയ്യപ്പെട്ട ഇന്‍ഡ്യന്‍ പ്ലാറ്റ്ഫോമുകള്‍ സംബന്ധിച്ച് കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ധാരണ പരിതാപകരവുമാണ്.
ഇനിയും ആലോചിക്കാന്‍
ഈ ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് യുക്തിസഹമായ മറുപടികള്‍ കണ്ടെത്തുന്നതിനൊപ്പം അദ്ധ്യാപകര്‍ വാട്സ്ആപ്പ് അതിര്‍ത്തി മറികടന്ന് പോകേണ്ടിയിരിക്കുന്നു. ഏത് പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുന്നു എന്നുള്ളത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. കോവിഡ് വ്യാപനം മൂര്‍ഛിച്ചപ്പോള്‍ തന്നെ സ്കൂളുകള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടിUNESCO നിര്‍ദേശിച്ച ചില സങ്കേതങ്ങളെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. ഒപ്പം മറ്റു ചില കാര്യങ്ങളും പരിഗണിക്കാം.
ചുരുക്കിപ്പറഞ്ഞാല്‍ , ഈ സമയം ക്രിയാത്മകമായി വിനിയോഗിച്ച് കൊണ്ട് വിദ്യാഭ്യാസ സംബന്ധിയായി ഉപയോഗിക്കാനാകുന്ന മറ്റ് സൌകര്യങ്ങള്‍ കണ്ടെത്തി പഠിക്കാനുള്ള സന്നദ്ധത അദ്ധ്യാപകര്‍ കാണിക്കേണ്ടതുണ്ട്. അപ്പോഴും മനസില്‍ ഉണ്ടാകേണ്ടത്, അവയൊന്നും തന്നെ ശാശ്വത പരിഹാരമോ ലഭ്യമായതില്‍ വെച്ചു ഏറ്റവും നല്ല പരിഹാരമോ പോലുമല്ല എന്നുള്ളതാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ