ഓഖി ബാധിച്ചത് കരയിലെ ജീവിതങ്ങളില്‍ മാത്രമല്ല കടലിന്റെ അടിത്തട്ടിനെയുമാണ്. കടലിന്റെ അടിത്തട്ടിലും തീരപ്രദേശങ്ങളിലും ഓഖി വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍. ജലാന്തര്‍ഭാഗത്തുള്ള ജൈവസമൂഹത്തിലും പരിസ്ഥിതിയിലും ഓഖി മൂലം വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.
ഓഖിക്കു ശേഷം പരിസ്ഥിതിക്കുണ്ടായ മാറ്റങ്ങളെ കുറിച്ച് കേരള സര്‍വകലാശാലയിലെ മത്സ്യ ജീവശാസ്ത്രം വിഭാഗത്തിലെ ഡോ. ബിജു പറയുന്നത് ഇതാണ്- “ഈ ഭാഗങ്ങളിലെ ജൈവവൈവിദ്ധ്യം സംരക്ഷിക്കുന്നത് ഇവിടുത്തെ ചിപ്പിയുടെ ആവാസ വ്യവസ്ഥയാണ്. കടുക്കയുടെ നഷ്ടം ഇവിടുത്തെ ഭക്ഷ്യശൃംഖലയെയും സാരമായി ബാധിക്കുന്നതാണ്.”
ഓഖി കടലിനെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നത് വ്യക്തമാക്കുന്നതാണ് കോവളത്തു പ്രവര്‍ത്തിക്കുന്ന ബോണ്ട് ഓഷ്യന്‍ സഫാരി എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളത്തിലുള്ള സാഹസ വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന സംഘം പുറത്തുവിട്ട ചിത്രങ്ങള്‍. ഓഖി മൂലം കടല്‍സമ്പത്തിലുണ്ടായ മാറ്റം ഈ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.
പാറകളുടെ മുകളില്‍ നിന്ന് ജീവജാലങ്ങള്‍ തുടച്ചു നീക്കപ്പെട്ട അവസ്ഥയാണ് തങ്ങള്‍ കണ്ടതെന്ന് ബോണ്ട് ഓഷ്യന്‍ സഫാരിയുടെ എം.ഡിയായ ജാക്സണ്‍ പീറ്റര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. “ഓഖി നടന്നതിന് ശേഷം ഞങ്ങളുടെ സംഘം കടലിന്റെ അടിത്തട്ടില്‍ ഉണ്ടായിട്ടുള്ള ആഘാതം പഠിക്കുവാന്‍ വേണ്ടി പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഞങ്ങള്‍ പങ്കുവെച്ചത്. ചെറിയൊരു മേഖല കേന്ദ്രികരിച്ചായിരുന്നു ഈ പഠനം. അവിടെ കൂടുതലായിട്ടുള്ളത് കടുക്കയാണ്. കടലിലെ മറ്റു ഭാഗങ്ങളെ സംബന്ധിച്ചു കുറച്ചു കൂടി സുരക്ഷയുള്ള സ്ഥലമാണ്, ഈ ഭാഗങ്ങളില്‍ കുന്നുകളും പാറകളും കൊണ്ട് സമ്പന്നമാണ്. തിരയടിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള സ്വാഭാവിക പരിസ്ഥിതിയുള്ള ഭാഗമാണ്. ഇവിടെയുള്ള പരിസ്ഥിതി ഇത്രയേറെ ബാധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഇത്തരം സുരക്ഷയൊന്നും ഇല്ലാത്ത തുറന്ന പ്രദേശങ്ങളില്‍ ഇതിലേറെ ശക്തിയായ സ്വാധീനം ഉണ്ടായിട്ടുണ്ടാവും.” അദ്ദേഹം പറയുന്നു.
കടലിനുള്ളിലെ പരിസ്ഥിതിയിലുണ്ടായ ഈ മാറ്റങ്ങള്‍ മത്സ്യ സമ്പത്തിനെ തന്നെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്.
“ചിപ്പികള്‍ നശിപ്പിക്കപ്പെടുന്നതോടെ മറ്റു മത്സ്യങ്ങളുടെ വിളനിലം കൂടിയാണ് ഇവിടെ ഇല്ലാതാവുന്നത്. ചിപ്പി ഇവിടെ വീണ്ടും ഉണ്ടാകുന്നതിനു ഏകദേശം ഒരു വര്‍ഷം എടുക്കും, അതിനു ശേഷം മാത്രമേ ഈ ഭാഗങ്ങളില്‍ നല്ല രീതിയില്‍ മത്സ്യം ലഭിക്കുകയുള്ളൂ. ഈ മാസം കഴിയുമ്പോള്‍ ചിപ്പിയുടെ സീസണ്‍ തുടങ്ങുന്നതാണ്, അതിനെ ഇപ്പോഴത്തെ അവസ്ഥ കാര്യമായി ബാധിക്കും. മറ്റു മത്സ്യങ്ങള്‍ ചിപ്പിയില്‍ നിന്നും അതിന്റെ ചുറ്റുപാടില്‍ നിന്നും ഭക്ഷണം തേടുന്നത് കൊണ്ട് അതിലും കുറവുണ്ടാകും. “ഡോ. ബിജു പറയുന്നു.
ഓഖി മത്സ്യബന്ധന മേഖലയിലുണ്ടാക്കിയ പ്രതിസന്ധി അല്‍പകാലം നീണ്ടുനില്‍ക്കുന്നതാണെന്ന വിശ്വാസം തെറ്റാണെന്നും ഇവര്‍ പറയുന്നു. കടലിലെ അടിത്തട്ടില്‍ ഓഖിയുണ്ടാക്കിയ മാറ്റം മത്സ്യങ്ങളുടെ അതിജീവനത്തെ ബാധിക്കും. കൂടാതെ കടുക്ക, കക്ക എന്നിവയെ ആശ്രയിച്ചു ജീവിക്കുന്നവരെയും ഇത് ബാധിക്കുമെന്ന് ജാക്‌സണ്‍ പീറ്റര്‍ പറയുന്നു.
“ചിപ്പിയും കക്കയും എടുത്ത് ജീവിക്കുന്ന ആയിരകണക്കിന് മത്സ്യത്തൊഴിലാളികള്‍ ഉണ്ട്. ചിപ്പിയും കക്കയും എല്ലായിടത്തും ഉണ്ടാകില്ല, ചില മേഖലകളിലാണ് അധികമായിട്ടുള്ളത്. അത്തരത്തില്‍ ഒരു മേഖലയാണ് ഓഖി കാരണം നശിച്ചത്. ഇത് കാരണം മത്സ്യത്തൊഴിലാളികള്‍ മാസങ്ങളോളം പട്ടിണിയിലാവാനുള്ള സാധ്യതയുണ്ട്. ” ജാക്‌സണ്‍ മുന്നറിയിപ്പു നല്‍കുന്നു.
കഴിക്കാനുള്ള രുചി എന്നതിലുപരി കടലിലെ പല സുപ്രധാന കര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്ന വിരുതനാണ് കടുക്ക. കടലിനടിയിലെ ഇന്ദ്രിയവസ്തുക്കള്‍ ശേഖരിച്ചാണ് അവരുടെ ശരീരത്തിന് മുകളിലെ തോടുണ്ടാക്കുന്നത്, കൂടെ തന്നെ അതില്‍ നിന്നും പുഷ്ടിപ്രദമായ ആഹാരം മറ്റു മത്സ്യങ്ങള്‍ക്കു കഴിക്കാന്‍ പാകത്തില്‍ പുറത്തേക്കു വിടുകയും ചെയ്യുന്നു. ഈ പ്രക്രിയക്ക് ഇടയില്‍ കടലില്‍ അതിന്റെ വാസസ്ഥലത്തിനു ചുറ്റുമുള്ള അജീവീയമായ ഭാഗങ്ങളില്‍ പറ്റികിടക്കുന്ന അണുക്കളും മറ്റും നീക്കം ചെയ്യുകയും ചെയ്യുന്നു. കടുക്കകള്‍ നശിപ്പിക്കപ്പെടുന്നതോടെ ഈ പ്രക്രിയ തന്നെയാണ് ഇല്ലാതാവുന്നതെന്നും ഇവര്‍ പറയുന്നു.
ഇത് മൂലം മത്സ്യകര്‍ഷകര്‍ ദീര്‍ഘനാള്‍ ബുദ്ധിമുട്ട് അനുഭവിക്കാനുള്ള സാധ്യതയുണ്ടെന്നും ഈ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടു സര്‍ക്കാര്‍ കാര്യക്ഷമമായ പദ്ധതികള്‍ രൂപീകരിക്കേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പുനരധിവാസ പരിപാടികള്‍ രൂപീകരിക്കുമ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടിയിരിക്കുന്നെന്നും ജാക്സണ്‍ പീറ്റര്‍ വ്യക്തമാക്കി.
കടലിന്റെ അടിത്തട്ടില്‍ ഓഖി സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ചും അത് വീണ്ടെടുക്കുന്നതിനെക്കുറിച്ചും വിശദമായ പഠനം നടക്കേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.
“കടലിന്റെ അടിത്തട്ടില്‍ ഓഖി മൂലം നഷ്ടപ്പെട്ട വിവിധ ജീവജാലങ്ങളുടെ വീണ്ടെടുക്കലിനെ കുറിച്ചും, നഷ്ടം സംഭവിച്ച ഭാഗങ്ങളുടെ പുനഃപ്രാപ്തിയെ കുറിച്ചും വിശദമായി പഠിക്കേണ്ടിയിരിക്കുന്നു.” ഡോ. ബിജു പറയുന്നു.
“വിശദമായ പഠനവും ഗവേഷണവും നടന്നാല്‍ മാത്രമേ കടലിന്റെ അടിത്തട്ടില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളെ കുറിച്ച കൃത്യമായ വിവരം ലഭിക്കാനാവുകയുള്ളു. ഇതിനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സമഗ്രമായ ഇടപെടല്‍ ആവശ്യമാണ്.” എന്ന് ജാക്‌സണ്‍ പീറ്ററും അഭിപ്രായപ്പെടുന്നു.
ഓഖി പോലുള്ള ദുരന്തങ്ങള്‍ക്ക് കാരണം തന്നെ കടലിലെ കാലാവസ്ഥാ മാറ്റമാണെന്നാണ് ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് എന്നെ സംഘടനയുടെ സ്ഥാപകനായ റോബേര്‍ട്ട് ഡൂള്‍ന്യൂസിനോടു പറഞ്ഞത്. കടലിലെ പാസ്റ്റഇക് മാലിന്യങ്ങള്‍ സമുദ്രജലത്തിലെ താപനിലയിലുണ്ടാക്കുന്ന മാറ്റമാണ് ഇതുപോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതും അദ്ദേഹം പറയുന്നു.
“നമ്മള്‍ ഇപ്പോള്‍ കണ്ട ദുരന്തത്തിന്റെ ഒരു പ്രധാന കാരണം കടലിലെ കാലാവസ്ഥാ മാറ്റമാണ്. അതിനു കടലിലുള്ള പ്ലാസ്റ്റിക് ഒരു പ്രധാന കാരണമാണ്. കെട്ടികിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രജലത്തിന്റെ താപനിലയില്‍ വ്യത്യാസമുണ്ടാക്കാന്‍ ഒരു പ്രധാന കാരണമാണ്. ” അദ്ദേഹം പറയുന്നു.
ഓഖിക്കുശേഷം കടലിലെ പരിസ്ഥിതി നിരീക്ഷിച്ചപ്പോള്‍ വലിയ തോതില്‍ പാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞു കിടക്കുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
“ഡിസംബര്‍ 8, 9 തീയതികളില്‍ കടലിലെ ജൈവസമൂഹവും പരിസ്ഥിതിയും നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഓഖിക്കു ശേഷം ഉണ്ടായ മാറ്റങ്ങള്‍ കാണാന്‍ ആഴങ്ങളിലേക്ക് പോയപ്പോള്‍ അവിടെ നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞു കിടക്കുന്നതാണ് കണ്ടത്. ചിപ്പിയുടെ ആവാസ വ്യവസ്ഥയും മുഴുവനായും നശിച്ച അവസ്ഥയാണ്. ആയിരകണക്കിന് സമുദ്ര ജൈവ വൈവിധ്യമുള്ള സ്ഥലമാണ് ചിപ്പിയുടെ ആവാസ വ്യവസ്ഥയെന്നു പറയുന്നത്. അവിടെ നിന്ന് മാത്രം 400 വ്യത്യസ്ത ഞണ്ടുകളെ ഞങ്ങള്‍ മുന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.” അദ്ദേഹം വ്യക്തമാക്കി.
സമുദ്രാന്തര്‍ ഭാഗത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നിന് പ്രധാന കാരണം ഇത്തരം മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥതയാണെന്നും അദ്ദേഹം തുറന്നടിക്കുന്നു. ഈ വിഷയത്തില്‍ നമ്മുടെ ദുരന്ത നിവാരണ അതോറിറ്റി സ്വീകരിച്ച സമീപനത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
“ഐക്യരാഷ്ട്രസഭ കഴിഞ്ഞ ജൂണില്‍ യു.എന്നിന്റെ ആസ്ഥാനത്തു ലോക സമുദ്ര സമ്മേളനം സംഘടിപ്പിച്ചിരുന്നു. അതില്‍ കടല്‍ മലിനീകരണവുമായി ബന്ധപ്പെട്ടു ഏറ്റവും ഗൗരവമായി ചര്‍ച്ച ചെയ്ത വിഷയം കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെ കുറിച്ചാണ്. ലോകമെമ്പാടും അത് പരിഹരിക്കാനുള്ള അജണ്ട തയ്യാറാക്കുമ്പോളാണ് നമ്മുടെ ദുരന്ത നിവാരണ അതോറിറ്റി തിരുവനന്തപുരത്തു നഗരത്തില്‍ മഴ പെയ്യുമ്പോള്‍ വെള്ളം കെട്ടുന്ന ദുരന്തം മാറ്റാന്‍ നഗരത്തിലെ പുഴകളിലും, തോടുകളിലും, ആറുകളിലും കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ മുഴുവന്‍ സ്ഥിരമായി കടലിലേക്ക് ഒഴുക്കാനുള്ള പ്ലാന്‍ ഉണ്ടാക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പ് മൂലം അത് നിര്‍ത്തി വെക്കുകയായിരുന്നു. ദുരന്ത നിവാരണ അതോറിറ്റി തന്നെ നഗരത്തിലെ കരയിലെ ദുരന്തം ഒഴിവാക്കാന്‍ വേണ്ടി കടലില്‍ മറ്റൊരു ദുരന്തം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.” അദ്ദേഹം വിശദീകരിക്കുന്നു.
കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറി ആയിട്ടുള്ള ശേഖര്‍ കുര്യാക്കോസാണ് ഈ പദ്ധതിയുടെ പിന്നിലെ ആളെന്നാണ് ഇദ്ദേഹം ഉന്നയിക്കുന്ന ഒരു പ്രധാന ആരോപണം. ഉദ്യോഗസ്ഥര്‍ക്ക് കടലിനോടും തീരത്തോടും തീരജനതയോടുമുള്ള അവജ്ഞയാണ് ഈ മാലിന്യങ്ങള്‍ കടലിലേക്ക് തള്ളണമെന്നു തോന്നുവാന്‍ കാരണം,” എന്നും റോബര്‍ട്ട് പറയുന്നു.
ലോകത്തു ഏറ്റവും അധികം പ്ലാസ്റ്റിക് മാലിന്യം തെറ്റായി കൈകാര്യം ചെയുന്ന പതിനഞ്ചു രാജ്യങ്ങളില്‍ നമ്മുടെ സ്ഥാനം പത്രണ്ടാമത്തെയാണ്. ഇതില്‍ ഒരു മാറ്റം വന്നില്ലെങ്കില്‍ വലിയ തോതില്‍ കടല്‍ സമ്പത്തു നഷ്ടമാവുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.
ചിപ്പിയുടെയും മറ്റും നാശം അതിനു ചുറ്റുമായി അനേകം ജീവജാലങ്ങളെയും ബാധിക്കുമെന്ന് അദ്ദേഹം പറയുന്നു. “പവിഴപ്പാറകള്‍ക്ക് ചുറ്റും വളരുന്ന ജൈവവൈവിധ്യത്തിന്റെ സംരക്ഷണം സുപ്രധാനമാണ്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു വന്‍തിരകള്‍ തിരുവനന്തപുരം ജില്ലയിലെ തീരത്തെ മണല്‍തീരം കടലിലേക്ക് വലിച്ചു കൊണ്ടുപോയി. അത്രയും മണല്‍ കടലില്‍ ഒഴുകി നടക്കുമ്പോള്‍ ഒരുപാട് ജീവജാലങ്ങളെ ബാധിക്കാന്‍ ഇടയുണ്ട്. കടല്‍പ്പഞ്ഞി പോലെയുള്ള ജീവികളും ഇതിന്റെ കൂടെ നശിക്കുന്നു.” എന്നും റോബര്‍ട്ട് പറയുന്നു.
250,000 ടണ്‍ മുതല്‍ ഒരു ലക്ഷം ടണ്‍ വരെ പ്ലാസ്റ്റിക് മാലിന്യം നമ്മുടെ രാജ്യം മാത്രം കടലിലേക്ക് തള്ളുന്നു എന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.