ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ, എല്ലാ പരസ്യവും പറയുന്നത് ഒരേ കാര്യം; കൊവിഡ് 'പരസ്യ'തന്ത്രമാകുമ്പോള്‍
Kerala News
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ, എല്ലാ പരസ്യവും പറയുന്നത് ഒരേ കാര്യം; കൊവിഡ് 'പരസ്യ'തന്ത്രമാകുമ്പോള്‍
അന്ന കീർത്തി ജോർജ്
Wednesday, 8th July 2020, 7:57 pm

ലോകത്ത് നടക്കുന്ന ഏതൊരു മാറ്റവും ഏറ്റവും ആദ്യം ഉള്‍ക്കൊള്ളുന്ന, അതിനനുസരിച്ച് അവതരണവും രീതികളും മാറ്റിമറിച്ചുകൊണ്ട് എല്ലാ ഉത്പന്നങ്ങളെയും മാര്‍ക്കറ്റില്‍ സജീവമാക്കി നിര്‍ത്തുന്നത് പരസ്യങ്ങളാണ്. വര്‍ഷാവര്‍ഷം വരുന്ന ആഘോഷങ്ങളും ആചാരങ്ങളും മുതല്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തങ്ങള്‍ വരെ പരസ്യങ്ങളില്‍ പ്രതിഫലിക്കാറുണ്ട്. പക്ഷെ സാധാരണയായി ഇതെല്ലാം ഒരു ഉത്പന്നത്തിന്റെയോ സേവനത്തിന്റെയോ യുണീക് സെല്ലിംഗ് പോയിന്റില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ കടന്നുവരികയാണ് പതിവ്.

ഒരു ഉത്പന്നത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഈ ഘടകത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയോ അല്ലെങ്കില്‍ ആ സെല്ലിംഗ് പോയിന്റിന്റെ വകഭേദങ്ങള്‍ പരസ്യങ്ങളില്‍ കടന്നുവരികയോ ചെയ്യും. പക്ഷെ കൊവിഡ് കാലം ഇതുവരെയുണ്ടായിരുന്ന ഈ രീതികളില്‍ മാറ്റം വരുത്തിയിരിക്കുകയാണെന്നാണ് സമീപകാലത്തിറങ്ങിയ പരസ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

ഇവിടെ എല്ലാം ക്ലീനാണ്

കൊവിഡ് ഭീതി സൃഷ്ടിക്കാന്‍ തുടങ്ങിയ സമയം മുതല്‍ എല്ലാ ഉത്പന്നങ്ങളുടെയും നിലവിലുണ്ടായിരുന്ന പരസ്യത്തില്‍ മാസ്‌ക് ധരിക്കണം, വീട്ടിലിരിക്കണം, കൈ കഴുകണം എന്നീ നിര്‍ദേശങ്ങള്‍ കടന്നുവന്നിരുന്നു. പക്ഷെ ഇത്തരം സന്ദര്‍ഭങ്ങളിലുണ്ടാകുന്ന വളരെ സ്വാഭാവികമായ മാറ്റമായതിനാല്‍ ഇത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കുറിക്ക് കൊള്ളുന്ന ക്യാപ്ഷനുകളുമായെത്തിയ ഡ്യുറെക്‌സിന്റെയും ചില ഉത്പന്നങ്ങളുടെ ഒറ്റപ്പെട്ട പരസ്യങ്ങളലല്ലാതെ മറ്റൊന്നും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നില്ല.

 

View this post on Instagram

 

Do it in public. Wear a mask. Ensure you stay protected inside and outside. #WearYourProtection

A post shared by Durex India (@durex.india) on

പക്ഷെ രോഗം വ്യാപകമായി പടരാന്‍ തുടങ്ങിയതോടെ അത് പരസ്യങ്ങളുടെ രീതികളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. ‘കൈകൊണ്ട് തൊടാത്തത്’ എന്ന പാരച്യൂട്ട് ഹെയര്‍ ഓയിലിന്റെ ക്യാപ്ഷന്‍, ജി.ആര്‍.ബി നെയ്യിന്റെ പരസ്യ ചിത്രത്തിലെ എല്ലാ സുരക്ഷാനിര്‍ദേശങ്ങളും പാലിക്കുന്ന ഫാക്ടറി യൂണിറ്റുകള്‍ തുടങ്ങി കേരളത്തില്‍ മാര്‍ച്ച് അവസാനം മുതല്‍ ഇറങ്ങിയ പരസ്യങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.

ശുചിത്വത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധ്യങ്ങള്‍ക്കൊപ്പം തന്നെ വലിയ പരിഭ്രാന്തിയും കൊവിഡ് 19 ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചിട്ടുണ്ട്. മുന്‍പ് ഇല്ലാത്തവിധം വാങ്ങുന്ന ഉത്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള ജാഗ്രതയിലാണ് എല്ലാവരും. അതുകൊണ്ടു തന്നെ തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഏറ്റവും സുരക്ഷിതമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കേണ്ട ബാധ്യതയിലാണ് കമ്പനികള്‍. ഇതിന്റെ പ്രതിഫലനമാണ് ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ വസ്തുക്കളുടെയും ഇപ്പോള്‍ വരുന്ന പരസ്യങ്ങളില്‍ ‘ശുചിത്വമാണ് ഞങ്ങള്‍ക്കെല്ലാം’ എന്ന അര്‍ത്ഥം വരുന്ന ഓരോ ക്യാപ്ഷനുകളും. പരസ്യങ്ങളില്‍ പല കമ്പനികളും സിനിമാതാരങ്ങളെയും മോഡലുകളെയും ഒഴിവാക്കി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു പ്രവര്‍ത്തിക്കുന്ന തങ്ങളുടെ നിര്‍മ്മാണശാലകള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

‘നമുക്ക് കൊവിഡിന്റെ കൂടെ ജീവിച്ചേ മതിയാകൂ. അതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് ബ്രേക്ക് ദ ചെയ്ന്‍, മാസ്‌ക്, സ്‌റ്റേ അറ്റ് ഹോം എന്നിങ്ങനെ കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയേ തീരു. ജനങ്ങള്‍ അത്രമാത്രം പരിഭ്രാന്തരാണ്. ഒപ്പം ഭയം സൃഷ്ടിക്കുന്ന വ്യാജവാര്‍ത്തകളും ധാരാളമായി വരുന്നുണ്ട്. ഇതിനിടയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ പരസ്യങ്ങളില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയേ തീരു’ ഒ.ബി.ഡബ്ല്യു, യാറ കമ്മ്യൂണിക്കേഷന്‍സ് എന്നീ പരസ്യ ഏജന്‍സികളുടെ ക്രിയേറ്റീവ് ഡയറക്ടറും അധ്യാപകനുമായ ഫേവര്‍ ഫ്രാന്‍സിസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം തന്നെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പല കമ്പനികളും കൊവിഡുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പരസ്യങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും ഫേവര്‍ ഫ്രാന്‍സിസ് ചൂണ്ടിക്കാണിക്കുന്നു. കെട്ടിട നിര്‍മ്മാണ കമ്പനികളാണ് കൊവിഡിനെക്കുറിച്ച് ഇനി സംസാരിക്കേണ്ടതില്ല എന്ന ആവശ്യവുമായി രംഗത്ത് വരുന്നതില്‍ കൂടുതല്‍. ഇത്തരം കമ്പനികളുടെ പ്രധാന നിക്ഷേപകരായ പ്രവാസികള്‍, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ നിക്ഷേപം ഇറക്കാന്‍ മടിക്കുകയാണ്. ഇനി കൊവിഡിനെക്കുറിച്ചുള്ള ഭയം പരസ്യത്തില്‍ കൂടി കടന്നുവന്നാല്‍ ഫ്‌ളാറ്റുകള്‍ വാങ്ങാനും ഈ മേഖലയില്‍ പണമിറക്കാനും നിക്ഷേപകര്‍ തയ്യാറാവില്ലെന്നാണ് ബില്‍ഡേഴ്‌സിന്റെ കണക്കുക്കൂട്ടല്‍.

‘ഞങ്ങളുടെ ക്ലൈന്റുകളില്‍ ചിലർ പരസ്യങ്ങളില്‍ നിന്ന് കൊവിഡ് അനുബന്ധ നിര്‍ദേശങ്ങള്‍ ഒഴിവാക്കണമെന്ന് ഇപ്പോള്‍ പറയുന്നുണ്ട്. ആളുകളില്‍ കൊവിഡിന്റെ ഭയം ഇനിയും ഉണര്‍ത്തേണ്ടതില്ല എന്നാണ് ഇവര്‍ പറയുന്നത്. മുന്‍ പരസ്യങ്ങളിലേക്കും അതേ പാറ്റേണുകളിലേക്കും തിരിച്ചുപോകാം എന്നാണ് ഇവരുടെ നിലപാട്. പക്ഷെ ലോക്ക്ഡൗണിന് ശേഷം ഞങ്ങള്‍ തിരിച്ചെത്തുന്നു എന്ന നിലയില്‍ മാര്‍ക്കറ്റിലേക്ക് കമ്പനികളെത്തുന്ന സമയത്ത് എല്ലാവര്‍ക്കും തങ്ങള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടി വരും. നിര്‍മ്മാണശാലകളില്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ട്, അണുനശീകരണം നടത്തിയിട്ടുണ്ട്, തൊഴിലാളികള്‍ മാസ്‌ക് ധരിക്കുന്നുണ്ട് തുടങ്ങിയവ കമ്പനികള്‍ക്ക് ശ്രദ്ധിക്കേണ്ടതുണ്ട്’ ഫേവര്‍ ഫ്രാന്‍സിസ് വ്യക്തമാക്കി.

ഇനിയുള്ള കാലം ഏതൊരു ഉത്പന്നത്തിന്റെ പരസ്യത്തിലും ശുചിത്വം പ്രധാന ഘടകമായി വരുമെന്ന് തന്നെയാണ് ഈ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്. ‘കൊവിഡ് തുടങ്ങിയതിന് ശേഷം ആദ്യം വന്ന ഹോര്‍ഡിംഗ് ക്യാംപെയ്‌നായിരുന്നു പുളിമൂട്ടില്‍ സില്‍ക്കിന്റേത്. അതിലെ മോഡല്‍ മാസ്‌ക് ധരിച്ചാണ് നില്‍ക്കുന്നത്. അതാണ് കാര്യം. കൊവിഡ് നിര്‍ദേശങ്ങളില്ലാത്ത പരസ്യങ്ങളുമായി മുന്നോട്ടുപോകുക എന്നത് അസംഭവ്യം തന്നെയാണ്.’ ഫേവര്‍ ഫ്രാന്‍സിസ് അഭിപ്രായപ്പെടുന്നു.

നിങ്ങള്‍ വീട്ടിലിരുന്നോളൂ, ഞങ്ങള്‍ അങ്ങോട്ടെത്തിക്കോളാം

കൊവിഡ് 19 യൂണിക് സെല്ലിംഗ് പോയന്റിനെ ശുചിത്വത്തിലേക്കും സുരക്ഷയിലേക്കും ഏകീകരിച്ചപ്പോള്‍ ലോക്ഡൗണ്‍ മറ്റൊരു മാറ്റമാണ് കമ്പനികളുടെ പ്രവര്‍ത്തനങ്ങളിലും അവരുടെ പരസ്യത്തിലും വരുത്തിയത്.

നിയമത്തിന്റെയും ഒപ്പം ജാഗ്രതയുടെയും ഭാഗമായി ജനങ്ങള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ എല്ലാം ഓണ്‍ലൈനിലേക്കാക്കുക എന്ന മാറ്റത്തിലേക്ക് കമ്പനികളും നീങ്ങി. ഓണ്‍ലൈന്‍ രീതികള്‍ വലിയ പ്രചാരത്തിലില്ലാത്ത കേരളത്തിലെ ചെറിയ കടകള്‍ വരെ ഹോം ഡെലിവറി നടപ്പിലാക്കി, ഇടത്തരം ഹോട്ടലുകള്‍ ഫുഡ് ഡെലിവറി ആപ്പുകളുടെ ഭാഗമായി, പലരും സ്വന്തമായി ആപ്പുകള്‍ നിര്‍മ്മിച്ചു, ഇന്ത്യയിലെ ആദ്യ വിര്‍ച്വല്‍ ഉദ്ഘാടനം എന്ന ടാഗോടെ കോഴിക്കോട് കുന്ദമംഗലത്ത് ഫാമിലി എന്ന ടെക്‌സൈറ്റല്‍ ഷോപ്പിന്റെ ഉദ്ഘാടനം വരെ നടന്നു.

‘ഞങ്ങളുടെ ക്ലൈന്റുകളിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് കഴിഞ്ഞ ദിവസം സ്വന്തം ആപ്പ് ആരംഭിച്ചിരിക്കുകയാണ്. മാര്‍ച്ച് 17 മുതല്‍ തന്നെ വാട്‌സ്ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി അതു വീടുകളില്‍ എത്തിക്കുന്ന രീതി ഇവര്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ആപ്പ് തുടങ്ങിയിരിക്കുന്നു. അങ്ങിനെ വേറെയും ക്ലൈന്റുകളുണ്ട്. ഇവരൊന്നും തന്നെ വമ്പന്‍ കമ്പനികളല്ല. പക്ഷെ ആളുകളുടെ ആവശ്യം അതാണ്. അതിനാല്‍ അവര്‍ ആ മാറ്റം ഉള്‍ക്കണ്ട് മുന്നോട്ടുപോകുകയാണ്.’ ഫേവര്‍ ഫ്രാന്‍സിസ് പറഞ്ഞു.

ആമസോണ്‍ റീട്ടെയ്ല്‍, ജിയോ മാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് സൈറ്റുകള്‍ നാട്ടിലെ ചെറിയ കടകളെ വരെ തങ്ങളുടെ വ്യാപാര ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതികളിലാണ്. നമ്മള്‍ സ്ഥിരമായി നടന്നുപോയി സാധനങ്ങള്‍ വാങ്ങിയിരുന്ന കടകള്‍ ഈ വമ്പന്‍ ശൃംഖലകളുടെ ഭാഗമാകുകയാണ്. വമ്പന്‍ കമ്പനികള്‍ പ്രാദേശിക മാര്‍ക്കറ്റിലേക്ക് എത്തുന്നത് പുതിയ സംഭവമല്ലെങ്കിലും പ്രാദേശിക മാര്‍ക്കറ്റുകളില്ലാതെ നിലനില്‍ക്കാനാവില്ലെന്ന ബോധ്യം ഓണ്‍ലൈന്‍ രംഗത്തെ പ്രമുഖര്‍ക്ക് വരെ ബോധ്യമായതിന്റെ കൂടി പ്രതിഫലനമാണ് ചെറിയ കടകള്‍ വരെ ഇത്തരം ശൃംഖലകളുടെ ഭാഗമാകുന്നതിന് പിന്നിലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇങ്ങിനെ ലോക്ക്ഡൗണില്‍ ഓണ്‍ലൈനിലേക്ക് നടത്തിയ ചുവടുമാറ്റം ഓരോ കമ്പനികളുടെ പരസ്യത്തിലെയും പ്രധാന ഘടകമായി.

പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലങ്ങളിലും മാറ്റങ്ങള്‍ വന്നിരിക്കുകയാണ്. പത്രങ്ങള്‍, തിയറ്ററുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവയില്‍ നല്‍കിയിരുന്ന പരസ്യങ്ങളെല്ലാം ഏകദേശം നിലച്ച മട്ടിലാണ്. ടെലിവിഷന്‍ ചാനലുകളില്‍ വന്നിരുന്ന പരസ്യങ്ങള്‍ തുടരുന്നുണ്ടെങ്കിലും പരസ്യങ്ങള്‍ നല്‍കുന്ന പ്രധാന പ്ലാറ്റ്‌ഫോമായി മാറിയത് സമൂഹമാധ്യമങ്ങളാണ്. ഫേസ്ബുക്ക് ആഡുകള്‍ക്ക് മുന്‍പുള്ളതിനേക്കാള്‍ പ്രധാന്യമാണ് ഓരോ കമ്പനികളും നല്‍കുന്നത്.

‘എന്തൊക്കെ പറഞ്ഞാലും പത്രങ്ങളെ വളരെ പ്രതികൂലമായാണ് കൊവിഡും ലോക്ക്ഡൗണും ബാധിച്ചത്. സര്‍ക്കുലേഷനില്‍ വലിയ കുറവ് വന്നു. അതുകൊണ്ട് തന്നെ പത്രങ്ങളില്‍ പരസ്യങ്ങള്‍ നല്‍കാന്‍ ആരും താല്‍പ്പര്യപ്പെടുന്നില്ല. ആളുകള്‍ പുറത്തേക്ക് ഇറങ്ങാതിരിക്കുമ്പോള്‍ ഹോര്‍ഡിംഗുകള്‍ക്ക് പ്രസക്തിയേ ഇല്ലല്ലോ. തിയറ്ററുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ആ പരസ്യങ്ങള്‍ കുറെക്കാലത്തേക്ക് ഇല്ലാതെയാകും. ടെലിവിഷനും റേഡിയോയും സോഷ്യല്‍ മീഡിയയുമാണ് പിന്നെ ഉള്ള മാര്‍ഗങ്ങള്‍. ഇതില്‍ ഏറ്റവും ചെലവ് കുറഞ്ഞ മേഖല സമൂഹമാധ്യമങ്ങളായതിനാല്‍ കമ്പനികള്‍ ആ വഴി സ്വീകരിച്ചിരിക്കുകയാണ്.

ചെറിയ പരസ്യ ഏജന്‍സികള്‍ക്ക് കൊവിഡ് കാലം ഗുണകരമായെന്നും നിരീക്ഷണങ്ങള്‍ വരുന്നുണ്ട്. ‘കമ്പനികള്‍ക്ക് പരസ്യം നല്‍കാതിരിക്കാനാവില്ല. അതേസമയം സാമ്പത്തികനില അത്ര നല്ല രീതിയില്‍ അല്ലാത്തതിനാല്‍ ഇവര്‍ക്ക് വമ്പന്‍ ഏജന്‍സികളിലേക്ക് പോകാനാകില്ല. ചെറിയ ബജറ്റില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന പരസ്യങ്ങളാണ് കമ്പനികളുടെ ആവശ്യം. ഇതാണ് ചെറിയ പരസ്യ ഏജന്‍സികള്‍ക്ക് ഗുണകരമായത്.’ ഫേവര്‍ ഫ്രാന്‍സിസ് പറയുന്നു.

കൊവിഡിനെ തുടര്‍ന്ന് ഒട്ടുമിക്ക രാഷ്ട്രങ്ങളും ലോക്ക്ഡൗണിലേക്ക് നീങ്ങിയതിനും പിന്നാലെ മാര്‍ക്കറ്റ് പരിപൂര്‍ണ്ണമായും നിശ്ചലമായ അവസ്ഥയിലെത്തിയിരുന്നു. മുന്‍പേ തന്നെ തകര്‍ച്ചയുടെ വക്കിലായിരുന്ന ഇന്ത്യയ സാമ്പത്തിക വ്യവസ്ഥ ഏറ്റവും മോശം ഘട്ടത്തിലെത്തി.
ഇപ്പോള്‍ ചെറിയ രീതിയില്‍ മാര്‍ക്കറ്റ് സജീവമാകാന്‍ തുടങ്ങിയിരിക്കുകയാണ്. പക്ഷെ കൊവിഡ് വലിയ വെല്ലുവിളിയായി തുടരുന്നുമുണ്ട്.

ഈ ഒരു സാഹചര്യത്തില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തലും സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കലുമാണ് കമ്പനികള്‍ക്ക് നിലനില്‍ക്കാനുള്ള ഏക മാര്‍ഗം. അതുകൊണ്ടു തന്നെ ഈ ഘടകങ്ങള്‍ തന്നെയായിരിക്കും പരസ്യമേഖലയിലും നിറഞ്ഞുനില്‍ക്കുക എന്നാണ് പുറത്തുവരുന്ന വിലയിരുത്തലുകളെല്ലാം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.