[]കഥാപാത്രം എത്ര സമയം പ്രത്യക്ഷപ്പെടുന്നു എന്നതിന് പ്രാമുഖ്യം കൊടുക്കാറില്ലെന്ന് ചലച്ചിത്രതാരം ശ്രുതി ഹാസന്‍.
കഥാപാത്രത്തിന്റെ പ്രാധാന്യമാണ് ശ്രദ്ധിക്കുന്നത്. അടുത്തിടെ റിലീസ് ചെയ്ത രാമയ്യ വാസ്തവയ്യ എന്ന തെലുങ്ക് ചിത്രത്തില്‍ വളരെ ചെറിയൊരു റോളിലാണ് ശ്രുതി ഹാസന്‍ അഭിനയിച്ചിരിക്കുന്നത്.
“ചിത്രത്തിലെ എന്റെ കഥാപാത്രത്തിന് നല്ല പ്രാധാന്യമുണ്ടെന്ന് എനിക്കറിയാം. എന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രത്തിന്റെ പ്രാധാന്യമാണ് വലുത്. എത്ര സമയം പ്രത്യക്ഷപ്പെടുന്നു എന്നതല്ല. അക്കാരണം കൊണ്ടാണ് ആ റോള്‍ അഭിനയിച്ചത്.” ശ്രുതി പറഞ്ഞു.
രാമയ്യ വാസ്തവയ്യയുടെ വിജയാഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. വെള്ളിയാഴ്ച ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇരുപതു കോടിയിലധികം രൂപയുടെ കളക്ഷന്‍ നേടിക്കഴിഞ്ഞു.
സാമന്ത റൂത്തും പ്രഭുവും നായികാനായകന്മാരായി അഭിനയിക്കുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍.ടി.ആറിന്റെ ജോഡിയായാണ് ശ്രുതി എത്തുന്നത്.
ഹരീഷ് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. മുപ്പത്തിയഞ്ച് കോടിയാണ് നിര്‍മാണച്ചെലവ്. ചിത്രത്തിന് ലഭിക്കുന്ന പ്രതികരണത്തില്‍ നിര്‍മാതാവ് ദില്‍ രാജു സന്തുഷ്ടനാണ്.
“ആദ്യ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ ഇരുപതു കോടിയുടെ കളക്ഷന്‍ നേടിക്കഴിഞ്ഞു. ആഴ്ചയവസാനത്തോടു കൂടി മുടക്കുമുതല്‍ തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രൊഡ്യൂസര്‍ എന്ന നിലയിലും ഡിസ്ട്രിബ്യൂട്ടര്‍ എന്ന നിലയിലും ഏറെ സന്തോഷമുണ്ട്.” രാജു പറഞ്ഞു.