| Wednesday, 8th May 2013, 12:26 am

പെന്റാവാലന്റ് വാക്‌സിന്‍ മൂലം കേരളത്തില്‍ മരിച്ചത് 14 കുഞ്ഞുങ്ങളെന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിരോധ വാക്‌സിനായ പെന്റാവാലന്റ് കുത്തിവെയ്പ് നടത്തിയതുമൂലം കേരളത്തില്‍ 14 നവജാത ശിശുക്കള്‍ മരിച്ചതായി വാക്‌സിനേഷനുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന വയനാട് സ്വദേശി ഡോ. പി.ജി. ഹരി പത്രസമ്മേളനത്തില്‍ പറഞ്ഞു. []

കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തമിഴ്‌നാട്ടിലും കേരളത്തിലുമായി പെന്റാവാലന്റ് കുത്തിവയ്പിനെ തുടന്ന് 19 കുട്ടികളാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെന്റാവാലന്റ് മരണകാരണമാണെന്ന സൂചനയുണ്ട്. വിഷയത്തെ കുറിച്ച് ആരോഗ്യ മന്ത്രിക്കും മറ്റും പരാതി നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുകയോ ആശ്വാസനടപടികളെടുക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു.

വാക്‌സിന്‍ നിരോധിക്കണമൊവശ്യപ്പെട്ട് ഒരു വര്‍ഷമായി നിയമനടപടികള്‍ നടത്തിവരികയാണെന്നും അടിയന്തരമായി ഇടപെടേണ്ട പ്രശ്‌നമായിട്ടും കോടതിയും ഇതില്‍ ഇടപെടുന്നില്ലെന്നും ഡോ. ഹരി പറഞ്ഞു.

വാക്‌സിനെടുത്ത് മണിക്കൂറുകള്‍ക്കകം മരണമടഞ്ഞ 42 ദിവസം മാത്രം പ്രായമുള്ള കീര്‍ത്തന, 47 ദിവസം പ്രായമുള്ള അബിലേഷ് എന്നീ കുഞ്ഞുങ്ങളുടെ മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഒരു കുഴപ്പവുമില്ലാതിരുന്ന കുഞ്ഞ് വാക്‌സിനെടുത്ത് മണിക്കൂറുകള്‍ക്കകം ശരീരമാകെ കരുവാളിച്ച് അനക്കമില്ലാതാവുകയായിരുന്നുവെന്ന് അബിലേഷിന്റെ രക്ഷിതാക്കള്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പൊതുപ്രതിരോധ മരുന്ന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പെന്റാവാലന്റ് 2011 ഡിസംബര്‍ 14 മുതലാണ് കേരളത്തില്‍ വാക്‌സിനേഷന്റെ പൈലറ്റ് പ്രോജക്ടായി ഇത് നല്‍കിത്തുടങ്ങിയത്.

പൈലറ്റ് പ്രോജക്ട് എന്നാല്‍ മരുന്ന് പരീക്ഷണം തന്നെയാണ്. ഈ മരുന്ന് പരീക്ഷണത്തിലാണ് കുട്ടികളുടെ ജീവന്‍ പൊലിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാക്‌സിന്‍ പല വിദേശരാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. പല വെബ്‌സൈറ്റുകളിലും ഇതിന്റെ വിശദാംശങ്ങളുണ്ട്. ആദിവാസികളെ പോലെ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ കുഞ്ഞുങ്ങളാണ് വാക്‌സിനേഷനെ തുടര്‍ന്ന് മരണമടയുന്നത്.

കോര്‍പ്പറേറ്റ് കുത്തക കമ്പനികളുടെ സ്വാധീനത്താലാണ് അധികൃതര്‍ മൗനം പാലിക്കുന്നതെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തി.

നവജാതശിശുക്കള്‍ക്ക് ഡിഫ്തീരിയ, ഹെപ്പറ്റൈറ്റിസ്ബി, വില്ലന്‍ചുമ, ടെറ്റനസ്, മസ്തിഷ്‌ക ജ്വരം,  എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഒറ്റത്തവണ നല്‍കുന്ന വാക്‌സിനാണ് പെന്റാവാലന്റ്

കേന്ദ്രസര്‍ക്കാരിന്റെ യൂണിവേഴ്‌സല്‍ വാക്‌സിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പെന്റാവാലന്റ് കേരളത്തിന് പുറമേ ഗോവയിലും തമിഴ്‌നാട്ടിലും ഉപയോഗിച്ചിട്ടുണ്ട്.

പെന്റാവാലന്റിന്റെ സുരക്ഷിതത്വത്തെ പറ്റി ആശങ്കയുണ്ടായിരുന്നതിനാല്‍ മൂന്നിടത്തേയും ഫലങ്ങള്‍ ഒരു വര്‍ഷത്തിന് ശേഷം വിശകലനം ചെയ്ത് ഉറപ്പാക്കിയ ശേഷമേ മറ്റ് സംസ്ഥാനങ്ങളില്‍ ഇത് പ്രയോഗിക്കാവൂ എന്ന് സമിതി നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം തന്നെ ഇത് ഹരിയാനയിലും നടപ്പാക്കി. അവിടെയും വാക്‌സിനേഷനെ തുടര്‍ന്ന് ശിശു മരണം റപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more