| Thursday, 23rd July 2020, 5:14 pm

'ഇതിലൊന്നിലും വേദനിക്കാതിരിക്കാനുള്ള പ്രതിരോധശേഷി എനിക്കിപ്പോഴുണ്ട്'; സുപ്രീംകോടതിയില്‍ കപില്‍ സിബലിന്റെ തമാശ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാന്‍ മന്ത്രിസഭയില്‍നിന്നും പുറത്താക്കിയതിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതിയില്‍ വാദം കേള്‍ക്കവെ കോടതിമുറിയില്‍ ചില രസകരമായ സംഭാഷണങ്ങളുമുണ്ടായി. സ്പീക്കര്‍ക്കുവേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവും അഭിഭാകനുമായ കപില്‍ സിബലും ജഡ്ജിയും തമ്മിലായിരുന്നു. ഇത്.

വാദത്തിനിടെ എന്തിനാണ് നിങ്ങള്‍ ഇത്രത്തോളം വേദനിക്കുന്നത് എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര  സിബലിനോട് ചോദിച്ചു. ‘പാര്‍ട്ടി വിരുദ്ധ” പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന ആരോപണത്തില്‍ പൈലറ്റിനും സംഘത്തിനും നേരെ അയോഗ്യതാ നോട്ടീസ് നല്‍കുന്നത് ശരിയാണോയെന്നും നോട്ടീസുകളെ നിയമപരമായി വെല്ലുവിളിക്കാന്‍ വിമതര്‍ക്ക് അവകാശമില്ലേ എന്നുമുള്ള വാദം നടക്കവെയായിരുന്നു ഇത്.

ഇതിന് സിബലിന്റെ മറുപടി ഇങ്ങനെ, ‘എനിക്ക് തെല്ലും വേദനയില്ല. ചുറ്റും ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇതിലെല്ലാം വേദനിക്കുന്ന പരിപാടി ഞാന്‍ നിര്‍ത്തി. സാല്‍വേ പുഞ്ചിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്’.

പൈലറ്റ് പക്ഷത്തിനായി ഹാജരായ ഹരീഷ് സാല്‍വെയെ പരാമര്‍ശിച്ചായിരുന്നു ഈ പ്രതികരണം.

‘നിങ്ങള്‍ എന്തൊക്കെയോ ചിന്തിക്കുകയാണെന്ന് തോന്നുന്നു’, എന്ന് വീണ്ടും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.

അടുത്തിടെയായി വേദന പരിഹരിക്കാനുള്ള പ്രതിരോധ ശേഷി എനിക്കു കൈവന്നിട്ടുണ്ട് എന്നാണ് സിബല്‍ ഇതിന് മറുപടി നല്‍കിയത്. ഇത്തരം പരാമര്‍ശങ്ങളില്‍ കൂടുതല്‍ വിശദീകരണത്തിന് അദ്ദേഹം മുതിര്‍ന്നതുമില്ല.

തീര്‍ത്തും തമാശ എന്ന രീതിയിലാണ് സിബല്‍ കോടതിയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിക്കായി ചെയ്യുന്ന ജോലിയില്‍ വെല്ലുവിളി നിറഞ്ഞിരിക്കുന്നതിന്റെ സൂചനയാണ് സിബല്‍ പങ്കുവെച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

പാര്‍ട്ടിക്കുള്ളില്‍ അടിക്കടിയുണ്ടാകുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ സിബലിനെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് വിവരം. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെയും തുടര്‍ന്ന് അധികാരവും നഷ്ടമായതുപോലെ രാജസ്ഥാനില്‍ പൈലറ്റിനെയും നഷ്ടപ്പെട്ടേക്കുമെന്നാണ് സിബല്‍ സൂചിപ്പിച്ചുവെക്കുന്നത്.

അതേസമയം, സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാര്‍ക്കെതിരേ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് രാജസ്ഥാന്‍ സ്പീക്കറുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.

കോണ്‍ഗ്രസ് വിമതര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതിക്ക് നിയന്ത്രണങ്ങളില്ലെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം ഹൈക്കോടതി ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഹരജി സുപ്രീംകോടതി 27-ന് വീണ്ടും പരിഗണിക്കും. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ ആവശ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ജനാധിപത്യത്തില്‍ വിയോജിപ്പിന്റെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനാവില്ലെന്ന് വാദത്തിനിടെ സുപ്രീം കോടതി നിരീക്ഷിച്ചു. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ജനപ്രതിനിധിക്ക് അദ്ദേഹത്തിന്റെ വിയോജിപ്പ് പാര്‍ട്ടിയില്‍ രേഖപ്പെടുത്തുന്നതിനുള്ള അവകാശമില്ലേയെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more