വയനാട് കല്ലൂര്‍ സ്വദേശിയും കര്‍ഷകനുമായ ഭാസ്‌കരന്‍ കരടിമാട് കഴിഞ്ഞ ദിവസം സഹകരണ ബാങ്കില്‍ എത്തിയത് 80000 രൂപയുമായിട്ടായിരുന്നു. ഉപജീവനമാര്‍ഗ്ഗമായ കൃഷി, കാലാവസ്ഥ മോശമായതിനെത്തുടര്‍ന്നും വന്യജീവികളുടെ ആക്രമണത്തെത്തുടര്‍ന്നും പ്രതിസന്ധികള്‍ നേരിടാന്‍ തുടങ്ങിയിട്ട് കാലങ്ങളേറേയായി. അതിനിടയിലാണ് കിടപ്പാടം പണയപ്പെടുത്തി എടുത്ത ലോണ്‍ തിരിച്ചടയ്ക്കണെമന്ന് ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നോട്ടീസ് ഇദ്ദേഹത്തെ തേടിയെത്തുന്നത്.
മറ്റ് വഴികളില്ലാതെ ജീവിതമാര്‍ഗ്ഗമായ രണ്ട് പോത്തുകളെ വിറ്റ് കിട്ടിയ 80000 രൂപയുമായി ബാങ്കിലെത്തി. എന്നാല്‍ വായ്പതുക മുഴുവന്‍ ഒരുമിച്ചടയ്ക്കണമെന്നും ഗഡുക്കളായി സ്വീകരിക്കാന്‍ കഴിയില്ലെന്നും ബാങ്ക് അധികാരികള്‍ പറഞ്ഞു. കാലതാമസം വരുത്തിയാല്‍ സ്ഥലം ജപ്തി ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കി. കിടപ്പാടം നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഈ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
സമാനമായി മാനന്തവാടി, മക്കിയാട്, അമ്പലവയല്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ഷകര്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടായ സര്‍ഫാസി നിയമമാണ് കര്‍ഷകരുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് കിസാന്‍ ജനത അടക്കമുള്ള കര്‍ഷക സംഘടനകള്‍ പറയുന്നത്.
ALSO READ: വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിക്കുന്ന ആത്മഹത്യാ പ്രവണതകള്‍; കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത് 29 ജീവന്‍
വായ്പ കുടിശ്ശിക വരുത്തിയവര്‍ക്ക് നേരേ ബാങ്കിന്റെ ഭാഗത്ത് നിന്ന് സര്‍ഫാസി നിയമം പ്രയോഗിക്കാന്‍ തുടങ്ങിയതോടെ വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കാനും കര്‍ഷകര്‍ കുടിയിറക്ക് ഭീഷണിയിലുമാണ് ഇപ്പോള്‍. മൂന്ന് ഗഡുക്കള്‍ തുടര്‍ച്ചയായി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഈടായി നല്‍കിയ വസ്തു കണ്ടുക്കെട്ടാന്‍ ബാങ്കിന് അധികാരം നല്‍കുന്നതാണ് സര്‍ഫാസി നിയമം.
കഴിഞ്ഞ വര്‍ഷം മുതല്‍ ബാങ്കുകള്‍ സര്‍ഫാസി കര്‍ശനമാക്കിയതോടെ വയനാട്ടില്‍ മാത്രം ജപ്തി ഭീഷണി നേരിടുന്നത് എണ്ണായിരം കുടുംബങ്ങളാണ്. കാനറാ ബാങ്ക്, കേരള ബാങ്ക്, എസ്.ബി.ഐ സഹകരണ ബാങ്കുകള്‍ എന്നിവ നടപടി കര്‍ശനമാക്കിയിരിക്കുന്നത്. വയനാടിനെ സംബന്ധിച്ച് സഹകരണ ബാങ്കുകളില്‍ നിന്നാണ് കര്‍ഷകര്‍ സര്‍ഫാസി ഏറ്റവും കൂടുതല്‍ നേരിടുന്നത്.
നിലവില്‍ 8000 ലേറേ പേര്‍ക്ക് വയനാട്ടില്‍ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഏകദേശം 100 പേരുടെ കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ജപ്തി നടപടികള്‍ ആരംഭിക്കുമെന്നുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ വയനാട്ടില്‍ നിന്ന് ലഭിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട വസ്തുത സംസ്ഥാനത്ത് മറ്റൊരു ജില്ലയിലും ഇത്രയധികം പേര്‍ സര്‍ഫാസി കാരണം ജപ്തി ഭീഷണി നേരിടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ALSO READ: കേരളം വീണ്ടും മാതൃകയാകുന്നു; ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ രണ്ടു ലക്ഷം നല്‍കും
എന്താണ് സര്‍ഫാസി നിയമം
2002-ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ സര്‍ഫാസി എന്ന പേരില്‍ അറിയപ്പെടുന്ന സെക്യുരിറ്റൈസഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യുരിറ്റി ഇന്‍ട്രസ്റ്റ് ആക്റ്റ് പാസ്സാക്കുന്നത്. നവ ലിബറല്‍ സാമ്പത്തിക നയത്തിന്റെ വര്‍ത്തമാനകാലത്ത് ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, ധന വിപണിയിലെ കഴുത്തറപ്പന്‍ മത്സരങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള ശേഷി ഉയര്‍ത്തുക എന്ന ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരുന്നത്.
സര്‍ഫാസി നിയമം ബാങ്കുകള്‍ക്ക് കിട്ടാനുള്ള കടം തിരിച്ചു പിടിക്കാന്‍ വിപുലമായ അധികാരങ്ങള്‍ നല്‍കുന്നു.മുന്‍കാലങ്ങളില്‍ കടം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ സിവില്‍ നിയമമനുസരിച്ച് സിവില്‍ കോടതികളെ ആണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ സിവില്‍ കോടതികളിലെ നടപടികളുടെ കാലതാമസം ബാങ്കുകളുടെ മത്സരശേഷിയെ ബാധിക്കുമെന്നതിനാലാണ് സര്‍ക്കാര്‍ വിപുലമായ അധികാരം ബാങ്കുകള്‍ക്ക് നല്‍കിയത്.
ഇതനുസരിച്ച് ബാങ്കുകള്‍ നല്‍കിയ വായ്പ തിരിച്ചടക്കുന്നതില്‍ 60 ദിവസത്തെ കാലതാമസം വരുത്തിയാല്‍ വായ്പയ്ക്ക് ഈടായി നല്‍കിയ വസ്തുവിന്മേല്‍ ബാങ്കിന് നടപടികള്‍ സ്വീകരിക്കാം. മൂന്നു സാധ്യതകളാണ് ഇതുപ്രകാരം ബാങ്കിനുള്ളത്.
1. ബാങ്കിന് നേരിട്ട് വസ്തു ഏറ്റെടുക്കാം
2. ചീഫ് ജുഡിഷ്യല്‍ മജിസ്ട്രറ്റ് കോടതിയെ സമീപിച്ച് വസ്തു ജപ്തി ചെയ്യാം
3. ഡെബ്റ്റ് റിക്കവറി ട്രൈബ്യുണല്‍ വഴി നടപടികള്‍ സ്വീകരിക്കാം.
ഇതില്‍ എതായിരുന്നാലും പഴയ സിവില്‍ നടപടിക്രമങ്ങള്‍ പോലെ പരിശോധനകള്‍ ഒന്നുമില്ലാതെ വളരെ പെട്ടെന്ന് തന്നെ ബാങ്കുകള്‍ക്ക് വസ്തു ജപ്തി ചെയ്ത് കടം തിരിച്ചു പിടിക്കാനാവും. ജനങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ച് ആവശ്യകാര്‍ക്ക് വായ്പ നല്‍കുകയാണ് മുതലാളിത്ത ബാങ്കിംഗ് രീതി.
സര്‍ഫാസി നിയമത്തിന്റെ വേഗതക്കും കാര്‍ക്കശ്യത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ തന്റെ ഭൂമിയില്‍ നിന്ന്, കിടപ്പാടത്തില്‍ നിന്ന് ഇറങ്ങികൊടുക്കേണ്ടിവരികയും ചെയ്യും. എറണാകുളം ജില്ലയില്‍ പനമ്പുകാട് എന്ന പ്രദേശത്ത് 14 ഓളം കുടുംബങ്ങളാണ് ക്ലബ്ബിങ്ങ് വായ്പ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വായ്പാ തട്ടിപ്പിന് ഇരയായി ജപ്തി ഭീഷണി നേരിടുന്നത്.
അതില്‍ ഭൂരിപക്ഷവും ദളിതരാണ്. എന്നാല്‍ ഈ നിയമം ജനങ്ങള്‍ക്ക് അനുകൂലമായ തരത്തില്‍ ഭേദഗതി ചെയ്യുന്നതിനും,സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തി നടപടികള്‍ നിറുത്തിവെക്കാനും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇവരാരും തയ്യാറാവുന്നില്ല. മാത്രവുമല്ല വായ്പാ തട്ടിപ്പിനിരയായവര്‍ക്ക് അവരുടെ നഷ്ടപ്പെട്ട ഭൂമി വീണ്ടെടുത്തു നല്‍കാനും, വായ്പാ തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റകാരെ മാതൃകാപരമായി ശിക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
“സാധാരണ നടക്കുന്ന സാമ്പത്തിക ജപ്തികളില്‍ കോടതിയെ സമീപിക്കാനുള്ള അവസരങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. അതിലൂടെ ജപ്തിയെ ഒഴിവാക്കാനും കിടപ്പാടം തിരികെ കിട്ടാനും ഇവര്‍ ശ്രമിക്കാറുണ്ട് എന്നാല്‍ സര്‍ഫാസി അതുപോലെയല്ല. ബാങ്ക് നടപടിയുമായി വന്നതിനു ശേഷം പിന്നീട് ഹൈക്കോടതിയില്‍ പോകാനും പണം കെട്ടിവെയ്ക്കാനും ഗതിയില്ലാത്തവരാണ് വയനാട്ടില്‍ ഉള്ളത് “എന്ന് കിസാന്‍ ജനത വൈസ് പ്രസിഡന്റ് എന്‍. ഒ ദേവസി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഇതിനുപുറമേ വീട് ജപ്തി ചെയത് അന്യാധീനപ്പെടുമെന്നുള്ള സാധാരണക്കാരനായ കര്‍ഷകന്റെ പേടി. നാട്ടുകാര്‍ അറിയുമോ എന്നുള്ള നാമക്കേടും പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
വയനാട്ടില്‍ ഇതാദ്യത്തെ സംഭവമല്ല. നിര്‍ധന കര്‍ഷകര്‍ ധാരാളം ഉള്ള ജില്ലയാണ് വയനാട്. 2002- 203 കാലത്ത് ഇരുന്നൂറിലധികം കര്‍ഷകരാണ് വയനാട്ടില്‍ മാത്രം ആത്മഹത്യ ചെയ്തത്. ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെയാണ് അന്ന് കര്‍ഷകര്‍ കൂട്ടമായി ആത്മഹത്യ ചെയ്തത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ നാലുപേരാണ് സര്‍ഫാസി കാരണം വയനാട്ടില്‍ ആത്മഹത്യ ചെയ്തത്. കല്ലൂര്‍, മക്കിയാട്, അമ്പലവയല്‍, മാനന്തവാടി എന്നിവിടങ്ങളിലായി നാലു പേരാണ് ഇപ്പോള്‍ ആത്മഹത്യ ചെയ്തത്. ഇവരില്‍ പലരും ജപ്തി തുക ഗഡുക്കളായി അടയ്ക്കാന്‍ കഴിയുള്ളുവെന്ന് പറഞ്ഞ് ബാങ്ക് അധികാരികളെ സമീപിച്ചിരുന്നു. എന്നാല്‍ ഗഡുക്കളായി സ്വീകരിക്കില്ലെന്നും ജപ്തി തുക ഒരുമിച്ച് അടയ്ക്കണമെന്നും ബാങ്ക് അധികൃതര്‍ കര്‍ഷകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.പകുതി പണവുമായി ചെന്ന പല കര്‍ഷകരെയും വായ്പ അടയ്ക്കാന്‍ സമ്മതിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു.
കല്ലൂരില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ അദ്ദേഹത്തിന്റെ രണ്ട് പോത്തിനെ വിറ്റ് കിട്ടിയ 80000 രൂപയുമായി ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ തുക മാത്രമേ സ്വീകരിക്കുവെന്നും ഈ പണം സ്വീകരിക്കില്ലെന്നും പറഞ്ഞ് ബാങ്ക് അധികാരികള്‍ ഇയാളെ തിരിച്ചയയച്ചു. ഇതേത്തുടര്‍ന്നാണ് ആ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്ന് ദേവസി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഇപ്പോള്‍ ഇവിടങ്ങളില്‍ വായ്പകള്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്നത് സഹകരണ ബാങ്കാണ്. സഹകരണ ബാങ്കിന്റെ ജപ്തി നടപടികള്‍ നേരിടുന്നവരാണ് ആത്മഹത്യ ചെയ്യുന്നവരില്‍ അധികം പേരും.
കോര്‍പ്പറേറ്റുകളുടെ അനധികൃത കയ്യേറ്റങ്ങളും തട്ടിപ്പുകളും കണ്ടുപിടിക്കാനാണ് സര്‍ഫാസി നിയമം കൊണ്ടുവന്നത് എന്നറിയാമല്ലോ. പക്ഷെ ഫലത്തില്‍ അതിന്റെ ഇരകളാകുന്നത് പാവപ്പെട്ട കര്‍ഷകരാണ്. അഞ്ചോ പത്തോ സെന്റ് സ്ഥലം മാത്രമുള്ള കര്‍ഷകരെയാണ് ബാങ്ക് ഉന്നം വെയ്ക്കുന്നത്. സര്‍ഫാസി നിയമം പാവപ്പെട്ടവരെ ലക്ഷ്യം വെച്ചുകൊണ്ടാകരുത്. നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതും അത്യാവശ്യമാണെന്ന് നിലപാടിലാണ് കിസാന്‍ ജനത എന്ന് ദേവസി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
മറ്റ് കര്‍ഷക സംഘടനകളെ കൂടി യോജിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളാണ് കിസാന്‍ ജനത സംഘടിപ്പിക്കാനൊരുങ്ങുന്നത്. വയനാട്ടിലെ കര്‍ഷക ആത്മഹത്യകള്‍ ഇത്രയധികം വര്‍ധിച്ച സാഹചര്യത്തില്‍ കനത്ത പ്രക്ഷോഭവുമായി തന്നെ മുന്നോട്ട് പോകുമെന്നാണ് ദേവസി പറഞ്ഞത്.