വാഷിങ്ടണ്‍: അമേരിക്കയില്‍ നിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സിവിലിയന്‍ വിമാനത്തിലെത്തിക്കാതെ സ്വീകരിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്മാറി കൊളംബിയ. കഴിഞ്ഞ ദിവസം സൈനിക വിമാനത്തില്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് കൊളംബിയന്‍ സര്‍ക്കാര്‍ പറഞ്ഞതോടെ കൊളംബിയന്‍ ഉത്പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൊളംബിയ നിലപാടില്‍ നിന്ന് പിന്മാറിയത്.
ചൈനയ്ക്കും കാനഡയ്ക്കും മെക്‌സിക്കോയ്ക്കും പിന്നാലെയാണ് ട്രംപ് കൊളംബിയയ്ക്കും നികുതി ഭീഷണി ഉയര്‍ത്തിയത്. ‘ധാരാളം കുറ്റവാളികളുമായുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ക്ക് കൊളംബിയയില്‍ ഇറങ്ങാന്‍ അനുമതിയില്ലെന്ന് എനിക്ക് വിവരം ലഭിച്ചു. ഈ ഉത്തരവ് നല്‍കിയത് കൊളംബിയയുടെ സോഷ്യലിസ്റ്റ് പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ്. അദ്ദേഹം ഇതിനകം തന്നെ സ്വന്തം ജനങ്ങള്‍ക്ക് പോലും താത്‌പര്യമില്ലാത്ത ആളാണ്.
പെട്രോയുടെ വിമാനം നിരസിക്കാനുള്ള തീരുമാനം യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ദേശീയ സുരക്ഷയെയും പൊതു സുരക്ഷയെയും അപകടത്തിലാക്കി. അതിനാല്‍ അടിയന്തരവും നിര്‍ണായകവുമായ പ്രതികാര നടപടികള്‍ ഉടനടി സ്വീകരിക്കാന്‍ ഞാന്‍ എന്റെ അഡ്മിനിസ്‌ട്രേഷനോട് നിര്‍ദ്ദേശിച്ചു,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് വരുന്ന എല്ലാ കൊളംബിയന്‍ ഉത്പ്പന്നങ്ങള്‍ക്കും അടിയന്തരമായി 25% താരിഫ് ചുമത്തുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ അത് 25 ശതമാനത്തില്‍ നിന്ന് 50% ആയി ഉയര്‍ത്തുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി.
ഇതിന് പുറമെ കൊളംബിയന്‍ സര്‍ക്കാറിലെ ഉദ്യോഗസ്ഥര്‍ക്കും എല്ലാ സഖ്യകക്ഷികള്‍ക്കും പിന്തുണക്കാര്‍ക്കും യാത്രാ നിരോധനവും കൊളംബിയന്‍ ഗവണ്‍മെന്റിന്റെ എല്ലാ പാര്‍ട്ടി അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പിന്തുണക്കാര്‍ക്കും വിസ ഉപരോധവും ഏര്‍പ്പെടുത്തുമെന്നും ട്രംപ് അറിയിക്കുകയുണ്ടായി.
സുരക്ഷാ കാരണങ്ങളാല്‍ കൊളംബിയന്‍ പൗരന്മാരും ചരക്കുകളും കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പരിശോധനകള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ താരിഫ് ഉയര്‍ത്തുന്ന കാര്യം മാത്രമാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. മറ്റ് നിബന്ധനകള്‍ കുടിയേറ്റക്കാരെ സ്വീകരിച്ചതിന് ശേഷമാവും പിന്‍വലിക്കുക എന്നാണ് യു.എസ് അറിയിച്ചത്.
കൊളംബിയയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ഉള്‍പ്പെടുന്ന യു.എസിന്റ സൈനിക വിമാനങ്ങള്‍ സ്വീകരിക്കില്ലെന്നാണ് ഗുസ്താവോ പെട്രോ ആദ്യം അറിയിച്ചത്. സൈനിക വിമാനങ്ങളില്‍ വരുന്നത് തങ്ങളുടെ പൗരന്മാരുടെ ആത്മാഭിമാനം തകര്‍ക്കുമെന്നും അതിനാല്‍ അവരെ സിവിലിയന്‍ വിമാനങ്ങളില്‍ കൊണ്ടുവരണമെന്നുമാണ് പെട്രോ ആവശ്യപ്പെട്ടത്. എന്നാല്‍ പെട്രോയുടെ ആവശ്യം യു.എസ് സ്വീകരിച്ചില്ല.
കൂടാതെ 15 ശതമാനം താരിഫ് ഉയര്‍ത്തുമെന്ന ട്രംപിന്റെ തീരുമാനത്തിനെതിരെ യു.എസില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് പെട്രോ പറയുകയും ചെയ്തു. ഇതും ഇനി പിന്‍വലിക്കപ്പെട്ടേക്കും.
Content Highlight: Immigrants will be accepted; Colombia changed decision after Trump’s threat of tariffs