സിയോള്‍: ദക്ഷിണ കൊറിയയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ തയ്യാറാകണമെന്ന് സൈന്യത്തോട് ഉത്തര കൊറിയ ഉത്തരവിട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ ആഴ്ച ആദ്യം രണ്ട് വിമാനങ്ങള്‍ ഉള്‍പ്പെടെ മൂന്ന് തവണയായി പ്യോയാങ്ങിന് മുകളിലൂടെ ദക്ഷിണ കൊറിയ ഡ്രോണുകള്‍ പറത്തിയതായി ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചപ്പുചവറുകളും മറ്റ് അവശിഷ്ടങ്ങളും നിറച്ച ബലൂണുകള്‍ സൗത്ത് കൊറിയയിലേക്ക് നോര്‍ത്ത് കൊറിയ അയച്ചിരുന്നു. തുടര്‍ന്നാണ് സൈന്യം പ്രതികരിക്കുമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നത്.
ഈ മാസം മൂന്ന് വ്യത്യസ്ത അവസരങ്ങളിലായി ഡ്രോണുകള്‍ ഉപയോഗിച്ച് പ്രചരണ ലഘുലേഖകള്‍ പതിച്ചതിനുള്ള മറുപടിയായാണ് സൈന്യത്തെ തയ്യാറാക്കുന്നതെന്നാണ് ഉത്തരകൊറിയ അറിയിച്ചത്.
കൂടാതെ ദക്ഷിണ കൊറിയയുടെ ഇത്തരം പ്രവര്‍ത്തികള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ സൈനിക ശക്തി ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും ഉത്തരകൊറിയ അറിയിച്ചു.
ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിക്കടുത്തുള്ള സൈനിക വിഭാഗങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും വെടിവെപ്പിന് തയ്യാറെടുക്കാന്‍ മുന്നറിയിപ്പ് നല്‍കിയതായും ഉത്തരകൊറിയ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ആക്രമണത്തില്‍ ദക്ഷിണ കൊറിയയ്ക്ക് കടുത്ത നാശം നേരിടേണ്ടിവരുമെന്നും ശക്തമായ ആക്രമണമുണ്ടായാല്‍ ചാരക്കൂമ്പാരമായി ദക്ഷിണ കൊറിയ മാറുമെന്നും ഉത്തരകൊറിയ വക്താവ് മുന്നറിയിപ്പ് നല്‍കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഉത്തരകൊറിയയിലേക്ക് ഡ്രോണുകള്‍ വിന്യസിച്ചതായി ദക്ഷിണ കൊറിയ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തങ്ങളുടെ പൗരന്മാരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ആക്രമണങ്ങളുണ്ടായാല്‍ ശക്തമായി പ്രതികരിക്കുമെന്നും അറിയിച്ചിരുന്നു.
നേരത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഗതാഗത സംവിധാനങ്ങള്‍ അവസാനിപ്പിക്കുമെന്നും പ്രതിരോധസംവിധാനങ്ങളിലൂടെ അതിര്‍ത്തി സുരക്ഷിതമാക്കുമെന്നും ഉത്തര കൊറിയ പറഞ്ഞിരുന്നു.
Content Highlight: Immediate retaliation against provocative actions from South Korea; North Korea with threats