ബാലനീതി നിയമത്തില്‍ ഭേദഗതി വരുത്താന്‍ നിര്‍ദ്ദേശങ്ങളുമായി മേനക ഗാന്ധി
Daily News
ബാലനീതി നിയമത്തില്‍ ഭേദഗതി വരുത്താന്‍ നിര്‍ദ്ദേശങ്ങളുമായി മേനക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd July 2014, 5:25 pm

[] ന്യൂദല്‍ഹി: ബാലനീതി നിയമത്തില്‍ ഭേദഗതി വരുത്താന്‍ നിര്‍ദ്ദേശങ്ങളുമായി വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി.  മന്ത്രിയുടെ മേല്‍നോട്ടത്തില്‍ രൂപം നല്‍കിയ ഭേദഗതി കേന്ദ്രം പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി.

ബാല നീതി നിയമത്തിലെ പ്രായപരിധി 18 വയസ്സില്‍ നിന്ന് 16വയസ്സാക്കി പുനര്‍നിര്‍ണയിക്കാനാണ് ഭേദഗതി ലക്ഷ്യമിടുന്നത്.  കുട്ടികളില്‍ പകുതിയിലധികം പേരും നിയമത്തിലെ പഴുതുകള്‍ അറിഞ്ഞ് കൊണ്ടാണ് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതെന്നും വനിതാ ശിശുക്ഷേമന്ത്രാലയം കുറ്റപ്പെടുത്തി.

ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ ശിക്ഷ നല്‍കാന്‍ വനിതാ ശിശുക്ഷേമ മന്ത്രിയുടെ മേല്‍നോട്ടത്തില്‍ രൂപം നല്‍കിയ ഭേദഗതി കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതിയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.

16 വയസ്സിനു മുകളിലുളളവര്‍ക്ക് ഇന്ത്യന്‍ നിയമപ്രകാരം ശിക്ഷ നല്‍കിയാല്‍ കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് വനിതാശിശുക്ഷേമ മന്ത്രി മേനകാഗാന്ധി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പതിനെട്ട് വയസിനു താഴെയുളളവരെ കുട്ടികുറ്റവാളികളായി കണ്ട് ബാലനീതി നിയമത്തിലെ ഇളവുകള്‍ നല്‍കണമെന്ന് സുപ്രീംകോടതിയും പരാമര്‍ശിച്ചിരുന്നു.