അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കണം, ഫലസ്തീന്‍ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് ന്യായീകരിക്കാനാകില്ല: ഐക്യരാഷ്ട്രസഭ മേധാവി
Israeli Attacks On Gaza
അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കണം, ഫലസ്തീന്‍ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് ന്യായീകരിക്കാനാകില്ല: ഐക്യരാഷ്ട്രസഭ മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th October 2023, 4:07 pm

ബെയ്ജിങ്: ഇസ്രഈല്‍ – ഗസ യുദ്ധത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്.

ഗസയിലെ അല്‍ അഹ്ലി അറബ് ആശുപത്രി ഇസ്രഈല്‍ ബോംബിട്ട് തകര്‍ത്ത് മണിക്കൂറുകള്‍ക്കകം ബെയ്ജിങ്ങില്‍ ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിന്റെ പത്താം വാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗുട്ടറസ്.

ഹമാസിന്റെ ആക്രമണങ്ങള്‍ക്ക് പകരം ഫലസ്തീന്‍ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹമാസിനോട് അടിയന്തരമായി നിരുപാധികം ബന്ദികളെ വിട്ടയക്കാനും ഇസ്രഈലിനോട് അനിയന്ത്രിതമായി ഗസയില്‍ സഹായങ്ങള്‍ എത്തിക്കുവാന്‍ അനിവദിക്കാനും ഗുട്ടറസ് ആവശ്യപ്പെട്ടു.

‘ഒരുപാട് ജീവനുകളും ഒരു പ്രദേശത്തിന്റെ മൊത്തം വിധിയും തുലാസിലാടുകയാണ്,’ ഗുട്ടറസ് പറഞ്ഞു.

ആശുപത്രി ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയതിന് പിന്നാലെയായിരുന്നു ഗുട്ടറസിന്റെ പ്രസംഗം. കഴിഞ്ഞ ആഴ്ചയിലെ ആക്രമണങ്ങളെ വിശദീകരിച്ചതിനെ അപേക്ഷിച്ച് കടുത്ത ഭാഷയിലാണ് ഗുട്ടറസ് ആശുപത്രി ആക്രമണത്തെ അപലപിച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

500 പേരെങ്കിലും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഗസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 3,300 ആയി ഉയര്‍ന്നിരിക്കുകയാണ്. 13,000ത്തോളം ആളുകള്‍ക്ക് പരിക്കേറ്റെന്നും ഫലസ്തീന്‍ ആരോഗ്യമന്ത്രി അറിയിച്ചു.

വെസ്റ്റ് ബാങ്കില്‍ ഇതുവരെ 61 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രഈലില്‍ ഇതുവരെ 1,400 പേര്‍ കൊല്ലപ്പെടുകയും 3,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രഈല്‍ സന്ദര്‍ശനം ഇസ്രഈലിനോടുള്ള പരസ്യ പിന്തുണ കാണിക്കുവാനാണെന്ന് വിമര്‍ശനം ഉയര്‍ന്നു. ഹമാസ് തൊടുത്തുവിട്ട റോക്കറ്റ് അബദ്ധത്തില്‍ ആശുപത്രിയില്‍ വീണതാണ് ആക്രമണത്തിന് കാരണമെന്ന് നേരത്തെ പറഞ്ഞ ബൈഡന്‍ ഇസ്രഈലിന് എന്തുംചെയ്യാനുള്ള പച്ചക്കൊടി കാണിക്കുകയാണെന്നാണ് പ്രധാന വിമര്‍ശനം.

ആശുപത്രിയിലെ ഇസ്രഈല്‍ ആക്രമണത്തിന് പിന്നാലെ ബൈഡന്റെ അറബ് നേതാക്കളുമായുള്ള ഉച്ചകോടി ജോര്‍ദാന്‍ റദ്ദാക്കിയിരുന്നു.

CONTENT HIGHLIGHTS: Immediate ceasefire must be enforced, mass punishment of Palestinian people unjustifiable: UN chief