| Friday, 17th July 2020, 11:23 am

കുഞ്ഞാലിക്കുട്ടി റമീസിന്റെ വല്ല്യമ്മാവന്‍: ഐ.എന്‍.എല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസുമായി ബന്ധമില്ലെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍.

കള്ളക്കടത്തിലെ മുഖ്യപ്രതിയുടെ വല്യമ്മാവനാണ് താനെന്നത് അധികനാള്‍ അദ്ദേഹത്തിന് മറച്ചുപിടിക്കാനാവില്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ പിതൃസഹോദരന്‍ (മൂത്താപ്പ) പാണ്ടിക്കടവത്ത് അയമ്മദ് കുട്ടി ഹാജിയുടെ മകളെ വിവാഹംചെയ്തത് മുന്‍ വിദ്യാഭ്യാസ മന്ത്രി പരേതനായ ചാക്കീരി അഹമ്മദ് കുട്ടിയുടെ മൂത്തമകന്‍ ചാക്കിരി അബ്ദുള്‍ ജബ്ബാര്‍ എന്ന ബാപ്പൂട്ടിയാണ്. ഇവരുടെ ചെറുമകനാണ് റമീസ്. കുറെക്കാലം കുഞ്ഞാലിക്കുട്ടിയുടെ ബിസിനസ് നടത്തിയത് റമീസാണ്.

യു.ഡി.എഫ് ഭരണകാലത്ത് സ്വര്‍ണക്കടത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇയാള്‍ പിടിയിലായപ്പോള്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍വഴിയാണ് കൊഫെപോസയില്‍നിന്നും മറ്റും രക്ഷപ്പെട്ടത്.

ബി.ജെ.പി നേതാക്കളില്‍ നിന്ന് ഈ കാര്യങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്ക് എല്ലാ സഹായങ്ങളും ലഭിച്ചിട്ടുണ്ടെന്നത് അങ്ങാടിപ്പാട്ടാണെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. റമീസിന്റെ മുസ്ലിം ലീഗ് ബന്ധം അന്വേഷിക്കണമെന്ന് ഐ.എന്‍.എല്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലീഗ് ശേഖരിക്കുന്ന പണം സ്വര്‍ണക്കടത്തിന് ഉപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണമുണ്ടെന്നും പല കേസുകളും ഒതുക്കിത്തീര്‍ത്തതിന് പിന്നില്‍ ബി.ജെ.പി നേതാക്കളുടെ കേന്ദ്രസര്‍ക്കാര്‍ സ്വാധീനവും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ റമീസിനെ എന്‍.ഐ.എ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. റമീസിനെ ആലുവ സബ് ജയിലിലേക്കാണ് മാറ്റിയത്. റമീസിന്റെ വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.

സരിത്ത്, സന്ദീപ് എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും സ്വര്‍ണം വില്‍ക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് റമീസ്. സരിത്തിന്റെ മൊഴിയനുസരിച്ചാണ് വീട്ടില്‍ നിന്ന് കസ്റ്റംസ് സംഘം റമീസിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ, സ്വര്‍ണക്കടത്ത് കേസ്, മാന്‍ വേട്ട കേസുകളില്‍ പ്രതിയാണ് റമീസ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more