Kerala News
ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 25, 06:12 am
Saturday, 25th January 2025, 11:42 am

കോഴിക്കോട്: ഇംഹാന്‍സ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ്) ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ (63) അന്തരിച്ചു.

സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്വയം ഭരണാധികാരമുള്ള ആരോഗ്യ സ്ഥാപനമായ ഇംഹാന്‍സില്‍ 2006 മുതല്‍ ഡയറക്ടറാണ് പി. കൃഷ്ണകുമാര്‍.

കുട്ടികളിലെയും കൗമാരക്കാരിലെയും മാനസികാരോഗ്യവും ചികിത്സയുമായി ബന്ധപ്പെട്ട പ്രഗത്ഭരായ ഡോക്ടര്‍മാരില്‍ ഒരാളാണ് കൃഷ്ണകുമാര്‍. കോഴിക്കോട് കുതിരവട്ടം ആശുപത്രിയിലെ മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്താനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കൃഷ്ണകുമാറാണ്.

2017ലാണ് ഇംഹാന്‍സിനെ സര്‍ക്കാര്‍ ഏറ്റെടുത്തത്. കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് പദ്ധതി ഉള്‍പ്പെടെയുള്ള ഇംഹാന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരിന്നു.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ട് മുറികളിലായി ഒ.പി സെഷനുകള്‍ മാത്രമായാണ് ആദ്യഘട്ടത്തില്‍ ഇംഹാന്‍സ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ നിലവില്‍ പി.ജി-പി.എച്ച്.ഡി സെന്ററുകള്‍ വരെ ഇംഹാന്‍സിനുണ്ട്.

വൈദ്യശാസ്ത്ര പഠനം സ്വകാര്യവത്കരിക്കപ്പെടുന്നതിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ കൊടോളിപ്പുറത്താണ് ജനനം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പീഡിയാട്രിക്‌സില്‍ ഡി.സി.എച്ചും ഡി.എന്‍.ബിയും നേടിയിട്ടുണ്ട്.

1998ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലക്ചററായാണ് അദ്ദേഹം ജോലിയില്‍ പ്രവേശിപ്പിച്ചത്. പങ്കാളി ഡോ. ഗീത ഗോവിന്ദരാജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം പ്രൊഫസറാണ്.

Content Highlight: Imhans Director Dr. P. Krishnakumar passed away