ലോകബാങ്കിനു പിന്നാലെ ഐ.എം.എഫും: നോട്ട് നിരോധനം ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.6 ശതമാനമായി കുറക്കുമെന്ന് റിപ്പോര്‍ട്ട്
Daily News
ലോകബാങ്കിനു പിന്നാലെ ഐ.എം.എഫും: നോട്ട് നിരോധനം ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.6 ശതമാനമായി കുറക്കുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th January 2017, 8:18 am

imf

നേരത്തെ ലോകബാങ്കും നോട്ടു നിരോധനം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വളര്‍ച്ചാ നിരക്ക് 7.6 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറയുമെന്നായിരുന്നു ലോകബാങ്ക് കണക്കുകള്‍.

ന്യൂദല്‍ഹി: 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.6 ശതമാനമായി കുറയുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട്). 500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി മൂലമാണ് ഈ ഇടിവെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടുന്നു.

Also read നിലമ്പൂര്‍ മാവോയിസ്റ്റ് വധം: പൊലീസ് റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ തള്ളി, വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

നേരത്തെ 7.6 ശതമാനം വളര്‍ച്ചയായിരുന്നു ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കണക്കാക്കിയിരുന്നത്. ഒക്ടോബറില്‍ പുറത്തിറക്കിയ ലോക രാഷ്ട്രങ്ങളിലെ സാമ്പത്തികാവലോകനത്തിലായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ കണക്കുകളില്‍ നോട്ടു നിരോധനം ഇന്ത്യയുടെ സാമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ഗണ്യമായ കുറവുണ്ടായെന്ന് വ്യക്തമാക്കുന്നതാണ്.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ പുരോഗതിയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ നേരത്തെ കണക്കാക്കിയ വളര്‍ച്ച കൈവരിക്കാനാവുകയില്ല. 7.6 ശതമാനമാണ് വരുന്ന വര്‍ഷം കണക്കാക്കിയതെങ്കിലും 7.2ശതമാനം ആകുമെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതോടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന പദവി ഇന്ത്യക്ക് ന്ഷ്ടമായി. പുതിയ കണക്കുകള്‍ പ്രകാരം ചൈനയാണ് ഇപ്പോള്‍ ഒന്നാമത്. ചൈനയുടെ വളര്‍ച്ചാ നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് 6.7ശതമാനമായാണ് ഉയര്‍ന്നത്.