'എന്താണ് ഇന്ത്യയില്‍ നടക്കുന്നത്.?; പ്രധാനമന്ത്രിയെ ഉപദേശിച്ച് വീണ്ടും ഐ.എം.എഫ് അധ്യക്ഷ
Kathua gangrape-murder case
'എന്താണ് ഇന്ത്യയില്‍ നടക്കുന്നത്.?; പ്രധാനമന്ത്രിയെ ഉപദേശിച്ച് വീണ്ടും ഐ.എം.എഫ് അധ്യക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th April 2018, 9:52 am

വാഷിംഗ്ടണ്‍: കഠ് വ, ഉന്നാവോ ബലാത്സംഗക്കേസുകളില്‍ പ്രധാനമന്ത്രിയെ ഉപദേശിച്ച് ഐ.എം.എഫ് അധ്യക്ഷ ക്രിസ്റ്റീന ലാഗാര്‍ഡ്. മോദി രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ജാഗ്രത കാണിക്കണമെന്ന് ക്രിസ്റ്റീന അഭിപ്രായപ്പെട്ടു.

“എന്താണ് ഇന്ത്യയില്‍ നടക്കുന്നത്. മോദി അടക്കമുള്ള ഇന്ത്യയിലെ ഭരണാധികാരികള്‍ സ്ത്രീകളുടെ സുരക്ഷയില്‍ കുറച്ച് കൂടി ശ്രദ്ധ പുലര്‍ത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.”

അന്താരാഷ്ട്ര ധനകാര്യ സംഘടനകളുടെ യോഗത്തിനുശേഷം വാഷിംഗ്ടണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു ക്രിസ്റ്റീനയുടെ പ്രതികരണം. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഐ.എം.എഫിന്റേതല്ലെന്നും അവര്‍ വ്യക്തമാക്കി.


Also Read:  കഠ് വ, ഉന്നാവോ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് വനിതാ നേതാവ്


നാലുമാസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ഐ.എം.എഫ് അധ്യക്ഷ രാജ്യത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് മോദിയെ ഉപദേശിക്കുന്നത്. നേരത്തെ ജനുവരിയില്‍ നടന്ന ലോക ഇക്കണോമിക് ഫോറത്തിനിടെ മോദി പ്രസംഗത്തിനിടെ രാജ്യത്തെ സ്ത്രീകളെക്കുറിച്ച് പരാമര്‍ശിക്കാത്തതിനെ ക്രിസ്റ്റീന ചൂണ്ടിക്കാണിച്ചിരുന്നു.

രാജ്യത്തെ നടുക്കിയ ബലാത്സംഗക്കേസുകളില്‍ കേന്ദ്രസര്‍ക്കാരിനും ഭരണകക്ഷിയായ ബി.ജെ.പിയ്ക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി വിദേശപര്യടനത്തിന് പോയത് ഏറെ വിമര്‍ശനം നേരിടവേയാണ് ക്രിസ്റ്റീനയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.


Also Read:  കഠ് വ ബലാത്സംഗം; പ്രതിഷേധ ചിത്രം വരച്ച ദുര്‍ഗ മാലതിയുടെ വീടിനുനേരെ ആക്രമണം


ലണ്ടനില്‍ സന്ദര്‍ശനം നടത്തുന്ന മോദി കഠ് വ ബലാത്സംഗക്കേസ് രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പറഞ്ഞിരുന്നു.

WATCH THIS VIDEO: