|

ആര്‍.ബി.ഐയിലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ വിമര്‍ശിച്ച് ഐ.എം.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യയിലെ പുതിയ സംഭവവികാസങ്ങള്‍ തങ്ങള്‍ സാകൂതം നിരീക്ഷിച്ചുവരികയാണെന്ന് ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട്. കേന്ദ്രസര്‍ക്കാരിന്റയും ആര്‍.ബി.ഐയുടെയും ഇടയില്‍ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങളെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഐ.എം.എഫ്.

“കേന്ദ്ര ബാങ്കുകളുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന തരത്തിലുള്ള ഇടപെടലുകളില്‍ ഐ.എം.എഫ് അതൃപ്തി അറിയിച്ചു. ഞങ്ങള്‍ ഇന്ത്യയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണ്, അത് തുടരുകയും ചെയ്യും. കേന്ദ്രബാങ്കുകളുടെ പരമാധികാരിത്തെ ഇല്ലാതാക്കുന്ന തരത്തിലുള്ള സര്‍ക്കാറിന്റെയോ വ്യവസായത്തിന്റെയോ ഇടപെടലുകള്‍ ഉണ്ടാവാതിരിക്കലാണ് ഏറ്റവും അനുയോജ്യം”- ഐ.എം.എഫ് മേധാവി ജെറി റൈസ് പറഞ്ഞു.


ആര്‍.ബി.ഐയുടെ സ്വതന്ത്ര്യമായ പ്രവര്‍ത്തനാധികാരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ ഈയിടെ വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പോടനുബന്ധിച്ച് വോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി ആര്‍.ബി.ഐയെ കരുവാക്കുകയാണെന്ന വ്യാപകം പ്രതിഷേധവും ഉയര്‍ന്നിരുന്നു.

കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയും തമ്മിലുള്ള പോരുകള്‍ക്കിടെ ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുതായും അഭ്യൂഹങ്ങളുണ്ട്.