| Tuesday, 23rd July 2024, 4:40 pm

2024ലെ ജനപ്രിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഐ.എം.ഡി.ബി, കരുത്ത് കാട്ടി മലയാളം ഇന്‍ഡസ്ട്രി, ലിസ്റ്റില്‍ ഇടം പിടിക്കാനാകാതെ കോളിവുഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024 പകുതി പിന്നിടുമ്പോള്‍ ജനപ്രിയ സിനിമകളുടെയും കാത്തിരിക്കുന്ന സിനിമകളുടെ കണക്ക് പുറത്തുവിട്ട് പ്രശസ്ത സിനിമാ വെബ്‌സൈറ്റായ ഐ.എം.ഡി.ബി. പ്രേക്ഷകപ്രീതി നേടിയ സിനിമകളുടെ ലിസ്റ്റില്‍ ആദ്യ പത്തില്‍ മലയാളത്തില്‍ നിന്ന് മൂന്ന് സിനിമകളാണ് ഇടം നേടിയത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സാണ് ലിസ്റ്റില്‍ രണ്ടാമതുള്ളത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലും എട്ടാം സ്ഥാനത്തും, ജിത്തു മാധവന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒമ്പതാം സ്ഥാനത്തും ഇടം നേടി.

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എ.ഡിയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് കല്‍ക്കി. ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചന്‍, ഉലകനായകന്‍ കമല്‍ ഹാസന്‍, ദീപികാ പദുകോണ്‍ എന്നിവര്‍ അണിനിരന്ന കല്‍ക്കി ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടിക്കു മുകളില്‍ കളക്ഷന്‍ നേടി.

ഹൃതിക് റോഷന്‍, സിദ്ധാര്‍ത്ഥ് ആനന്ദ് കോമ്പോയുടെ ഫൈറ്റര്‍ (3), സായ് തേജ നായകനായ ഹനുമാന്‍ (4), അജയ് ദേവ്ഗണ്‍ ചിത്രം ശൈത്താന്‍ (5), കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് (6), യാമി ഗൗതം പ്രധാന വേഷത്തിലെത്തിയ ആര്‍ട്ടിക്കിള്‍ 370 (7), ഹൊറര്‍ ഫാന്റസി ചിത്രം മൂഞ്ച്യ (10) എന്നിവയാണ് ലിസ്റ്റിലെ മറ്റ് സിനിമകള്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രികളിലൊന്നായ കോളിവുഡില്‍ നിന്ന് ഒരൊറ്റ സിനിമ പോലും ലിസ്റ്റില്‍ ഇടം നേടിയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റും ഐ.എം.ഡി.ബി പുറത്തുവിട്ടു. അല്ലു അര്‍ജുന്‍- സുകുമാര്‍ കോമ്പോയുടെ പുഷ്പ 2 ആണ് ലിസ്റ്റില്‍ ഒന്നാമത്. ഓഗസ്റ്റ് 15ന് പുറത്തിറങ്ങുമെന്ന് അറിയിച്ച ചിത്രം റിലീസ് മാറ്റിവെക്കുകയായിരുന്നു. ആര്‍.ആര്‍.ആറിന് ശേഷം ജൂനിയര്‍ എന്‍.ടി.ആര്‍ നായകനാകുന്ന ദേവര പാര്‍ട്ട് വണ്‍ ആണ് രണ്ടാം സ്ഥാനത്ത്. സെപ്റ്റംബര്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും.

കോളിവുഡില്‍ നിന്ന് മൂന്ന് സിനിമകള്‍ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. വിജയ് ചിത്രം ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (4), സൂര്യ- ശിവ കോമ്പോ ഒന്നിക്കുന്ന കങ്കുവ (5), വിക്രം നായകനാകുന്ന തങ്കലാന്‍ (8) എന്നിവയാണ് ലിസ്റ്റില്‍ ഇടം നേടിയ തമിഴ് സിനിമകള്‍. തങ്കലാന്‍ ഓഗസ്റ്റ് 15നും, ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം സെപ്റ്റംബര്‍ അഞ്ചിനും, കങ്കുവ ഒക്ടോബര്‍ 10നും തിയേറ്ററുകളിലെത്തും.

വെല്‍ക്കം സീരീസിലെ മൂന്നാമത്തെ സിനിമയായ വെല്‍ക്കം ടു ദ ജംഗിള്‍ (4), അജയ് ദേവ്ഗണ്‍- രണ്‍വീര്‍ സിങ്, അക്ഷയ് കുമാര്‍ ഒന്നിക്കുന്ന സിംഗം എഗൈന്‍ (6), ഭൂല്‍ ഭൂലയ്യ 3 (7) അജയ് ദേവ്ഗണ്‍- തബു കോമ്പോ ഒന്നിക്കുന്ന ഔറോം മേന്‍ കഹാ ദം ഥാ (8) ബോളിവുഡ് ഹൊറര്‍ യൂണിവേഴ്‌സിലെ മൂന്നാമത് ചിത്രം സ്ത്രീ 2 (10) എന്നിവയാണ് മറ്റ് സിനിമകള്‍.

Content Highlight: IMDB’s list of most popular movies of 2024 so far is out

We use cookies to give you the best possible experience. Learn more