തെന്നിന്ത്യന്‍ തേരോട്ടത്തിന് കണക്ക് നിരത്തി ഐ.എം.ഡി.ബി റാങ്കിങ്
Entertainment news
തെന്നിന്ത്യന്‍ തേരോട്ടത്തിന് കണക്ക് നിരത്തി ഐ.എം.ഡി.ബി റാങ്കിങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 11th December 2022, 8:09 pm

ഇന്ത്യന്‍ സിനിമയില്‍ തെന്നിന്ത്യയുടെ തേരോട്ടം തുടരുന്ന കാലമാണിത്. അതിന് മാറ്റ് കൂട്ടിക്കൊണ്ടാണ് 2022ല്‍ ഇന്ത്യയിലെ പോപ്പുലര്‍ താരങ്ങളുടെ നിരയിലേക്ക് ഒന്നാമനായി ധനുഷ് തെരഞ്ഞെടുക്കപ്പെട്ടത്. ഐ.എം.ഡി.ബി പുറത്തുവിട്ട കണക്കിലാണ് ധനുഷ് മുന്നിലെത്തിയിരിക്കുന്നത്.

ബോളിവുഡ് താരങ്ങളായ അലിയ ഭട്ടിനെയും ഐശ്വര്യ റായിയേയും പിന്നിലാക്കിയാണ് ധനുഷ് ഒന്നാമനായിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഈ നിരയില്‍ ആദ്യ സ്ഥാനത്ത് ഒരു തെന്നിന്ത്യന്‍ താരം വരുന്നത്, അതുതന്നെയാണ് ഈ ലിസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകതയും.

ആദ്യ പത്ത് സ്ഥാനങ്ങളില്‍ ആറും സൗത്ത് ഇന്ത്യന്‍ താരങ്ങളാണ് എന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തെ പട്ടികക്കുണ്ട്. രാം ചരണ്‍, സാമന്ത, ജൂനിയര്‍ എന്‍.ടി.ആര്‍, അല്ലു അര്‍ജുന്‍, യഷ് എന്നിവരാണ് പത്തില്‍ ഇടം പിടിച്ചിരിക്കുന്ന തെന്നിന്ത്യന്‍ താരങ്ങള്‍.

 

ഈ നിരയില്‍ ആറാം സ്ഥാനത്തുള്ള ഹൃത്വിക് റോഷനാണ് ബോളിവുഡില്‍ നിന്നുമുള്ള ലിസ്റ്റിലെ ആദ്യ നടന്‍ എന്നതും പുതിയ കാഴ്ചയാണ്. കിയാര അദ്വാനിയാണ് ഏഴാം സ്ഥാനത്തുള്ള താരം. ജൂനിയര്‍ എന്‍.ടി.ആര്‍ എട്ടാം സ്ഥാനത്തും അല്ലു അര്‍ജുനും യഷും അവസാന സ്ഥാനങ്ങളിലുമായി ജനപ്രിയ നിരയില്‍ ഇടംപിടിച്ചിട്ടുണ്ട്.

അമീര്‍ ഖാന്‍, അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, ദീപിക പദ്‌കോണ്‍ തുടങ്ങിയവരും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ നിരയില്‍ ഒന്നാനമതെത്തിയിരുന്നു. ഇതിന് മുമ്പ് പുറത്ത് വിട്ട കണക്കുകളില്‍ എല്ലാത്തവണയും ഒന്നാം സ്ഥാനത്ത് എത്തുന്നത് ബോളിവുഡ് താരങ്ങളാണ്. എന്നാല്‍ മുമ്പ് പറഞ്ഞതുപോലെ ഇതൊരു പുത്തന്‍ മാറ്റമാണ്.

ദ ഗ്രേ മാന്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ധനുഷ് ആഗോളതലത്തില്‍ തന്നെ ഏറെ ശ്രദ്ധ നേടിയ വര്‍ഷമായിരുന്നു 2022. ഇതിനൊപ്പം തിരുച്ചിത്തിരമ്പലത്തിന്റെ വമ്പന്‍ ഹിറ്റിലൂടെ തമിഴ് മാര്‍ക്കറ്റിലും ധനുഷ് നിറഞ്ഞുനിന്നിരുന്നു.

ധനുഷിന്റെ സിനിമാ വിജയങ്ങള്‍ക്കപ്പുറത്ത് തെന്നിന്ത്യന്‍ സിനിമയുടെ കുതിപ്പാണ് ഈ ജനപ്രീതിയിലേക്ക് എത്തിച്ചത്. ഇന്ത്യന്‍ സിനിമ എന്നാല്‍ ബോളിവുഡ് എന്ന സ്ഥിരം പല്ലവിയില്‍ നിന്നും നല്ല കണ്ടന്റുള്ള സിനിമകള്‍ പ്രേക്ഷകര്‍, ഭാഷക്ക് അധീതമായി ഏറ്റെടുക്കുന്ന കാലത്തേക്ക് ഇന്ത്യന്‍ സിനിമ മാറി.

തിയേറ്ററുകളില്‍ ബോളിവുഡ് സിനിമകള്‍ തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളാവട്ടേ വിജയക്കുതിപ്പ് തുടര്‍ന്നു. ഈയടുത്ത വര്‍ഷങ്ങളിലായി ഇന്ത്യന്‍ സിനിമയില്‍ സൗത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ നേടിയ സ്വീകാര്യത തന്നെയാണ് ഐ.എം.ഡി.ബി പട്ടികയിലും പ്രതിഫലിക്കുന്നത് എന്ന് നിസംശയം പറയാന്‍ കഴിയും. കാന്താരയും കെ.ജി.എഫും തുടങ്ങി വിവിധ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചപ്പോള്‍, മറ്റ് പല സിനിമകളും ഒ.ടി.ടിയിലൂടെ വലിയ തോതില്‍ പ്രേക്ഷകരെ സമ്പാദിച്ചിരുന്നു.

ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളി അടക്കമുള്ള സിനിമകള്‍ ഈ കാലയളവില്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ റീച്ച് നേടിയിരുന്നു. ഇത്തരം സിനിമകള്‍ എല്ലാം തന്നെ വലിയ ചര്‍ച്ചകളിലേക്ക് പോവുകയും ചെയ്തു.

 

തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ബോളിവുഡ് തിയേറ്ററുകളിലേക്ക് ജനങ്ങളെ തിരിച്ചെത്തിക്കുന്നതില്‍ പോലും മൊഴിമാറ്റിയെത്തിയ ദക്ഷിണേന്ത്യന്‍ സിനിമകള്‍ വലിയ പങ്ക് വഹിച്ചിരുന്നു. അതിനാല്‍ തന്നെ പ്രേകഷകരും നിരൂപകരുമെല്ലാം സിനിമാ അനുഭവങ്ങള്‍ തേടി തെന്നിന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. സിനിമകള്‍ ഒറ്റ ഇന്‍ഡസ്ട്രിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സഞ്ചരിക്കുന്ന ഈ കാലത്ത് മേന്മയുള്ള കണ്ടന്റുകള്‍ക്കാണ് പ്രാധാന്യം.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷാഭേദങ്ങള്‍ക്കപ്പുറം നല്ല സിനിമകളും കണ്ടന്റുകളുമാണ് കാണികള്‍ക്ക് ആവശ്യം. ഇന്ത്യന്‍ സിനിമകള്‍ക്കപ്പുറം വിദേശ സിനിമകളും പ്രേക്ഷകര്‍ തേടിപ്പിടിച്ച് കാണുന്ന കാലത്ത് കേവലം മാസ് മസാല പടങ്ങള്‍ മാത്രം പോരാ തിയേറ്ററുകളിലേക്ക് ആളുകള്‍ കയറാന്‍. കൊവിഡിന് ശേഷം സിനിമ പ്രേമികള്‍ പൊതുവെ ഒ.ടി.ടിയിലേക്ക് ചുരുങ്ങുന്നു എന്നത് ഒരു വാസ്തവം തന്നെയാണ്.

അതിനെ അതിജീവിക്കുന്നതിനുള്ള ഏക മാര്‍ഗം ക്വാളിറ്റി കണ്ടന്റുകള്‍ സൃഷ്ടിക്കുക എന്നതാണ്. ഷാരൂഖ് ഖാന്റെ പത്താന്‍ അടക്കമുള്ള സിനിമകളാണ് ബോളിവുഡിന് ഇപ്പോള്‍ പ്രതീക്ഷകള്‍ നല്‍കുന്നത്.

 

content highlight: IMDB RANKING RESULT ANALYSING