ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായ സിനിമകളുടെ ലിസ്റ്റ് ഐ.എം.ഡി.ബി (IMDb) ഇന്ന് (ഡിസംബര്‍ 10) പുറത്ത് വിട്ടു. സാധാരണയായി പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലെല്ലാം ബോളിവുഡ് ചിത്രങ്ങളായിരിക്കും ഉണ്ടാകുക. എന്നാല്‍ ഇത്തവണ പാന്‍ ഇന്ത്യന്‍ ലെവലില്‍ ഇറങ്ങിയ തെലുങ്ക് ചിത്രമായ കല്‍ക്കി 2898 എ.ഡിയാണ് ലിസ്റ്റില്‍ ഒന്നാമന്‍. പ്രഭാസ്, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നാഗ് അശ്വിന്‍ ആയിരുന്നു. ആയിരം കോടിക്ക് മുകളില്‍ ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു.
‘2024-ലെ IMDb-യുടെ ഏറ്റവും ജനപ്രിയമായ ഇന്ത്യന്‍ സിനിമയായി കല്‍ക്കി 2898 AD ആഘോഷിക്കപ്പെടുന്നത് കാണുന്നത് ശരിക്കും അതിശയകരമാണ്. ഈ അംഗീകാരം അവിശ്വസനീയമായ പ്രേക്ഷകരുടെ സ്‌നേഹത്തിന്റെയും പിന്തുണയുടെയും തെളിവാണ്. പ്രേക്ഷകര്‍ സിനിമയെ തുറന്ന ഹൃദയത്തോടെ സ്വീകരിച്ചു. ഞങ്ങള്‍ സിനിമയിലേക്ക് ഞങ്ങളുടെ ആത്മാവ് പകര്‍ന്നു, ലോകമെമ്പാടുമുള്ള എല്ലാ പ്രായക്കാരും ഒരുപോലെ ഈ ചിത്രത്തെ സ്‌നേഹിക്കുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം,’ അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കല്‍ക്കിക്ക് ശേഷം രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ശ്രദ്ധ കപൂര്‍ കേന്ദ്ര കഥാപാത്രമായി വന്ന സ്ത്രീ 2 ആണ്. മൂന്നാം സ്ഥാനത്ത് വിജയ് സേതുപതി നായകനായ തമിഴ് ചിത്രം മഹാരാജയാണ്. അജയ് ദേവ്ഗണ്‍, ആര്‍. മാധവന്‍ എന്നിവരുടെ ഷൈത്താന്‍ നാലാം സ്ഥാനത്തും ദീപിക പദുക്കോണിന്റെയും ഹൃത്വിക് റോഷന്റെയും ഫൈറ്റര്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുമെത്തി.
മലയാള സിനിമക്ക് അഭിമാനമായി പട്ടികയില്‍ ആറാം സ്ഥാനത്തുള്ളത് മലയാള ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സാണ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും സൂപ്പര്‍ഹിറ്റായിരുന്നു.
ലിസ്റ്റില്‍ ആദ്യ പത്തില്‍ ഏഴും ഹിന്ദി ചിത്രങ്ങളാണ്. കല്‍ക്കി 2898 എ.ഡി, മഹാരാജ, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവയാണ് ലിസ്റ്റില്‍ ഇടം നേടിയ ഹിന്ദി ഇതര ചിത്രങ്ങള്‍. ഭൂല്‍ ഭുലയ്യ 3 (ഏഴാം സ്ഥാനം), സിംഗം എഗെയ്ന്‍ (9-ാം സ്ഥാനം), കില്‍ (എട്ടാം സ്ഥാനം), ലാപത ലേഡീസ് (പത്താം സ്ഥാനം).
ലോകമെമ്പാടുമുള്ള 250 ദശലക്ഷത്തിലധികം പ്രതിമാസ സന്ദര്‍ശകരുടെ IMDbയിലെ കാഴ്ചക്കാരെ അടിസ്ഥാനമാക്കിയുള്ളതാണ് വര്‍ഷാവസാനത്തെ ഈ പട്ടിക. 2024 ജനുവരി ഒന്നിനും നവംബര്‍ 25 നും ഇടയില്‍ ഇന്ത്യയില്‍ റിലീസ് ചെയ്ത സിനിമകളില്‍ ശരാശരി IMDb യൂസര്‍ റേറ്റിങ് അഞ്ചോ അതില്‍ കൂടുതലോ ഉള്ളതിനെ അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്.
Content Highlight: IMDb List Of Most Indian Movie of 2024; Kalki 2898 AD Is Top On The List