ന്യൂദല്‍ഹി: ആര്‍.എസ്.എസിന്റെ പോഷക സംഘടനകളായ വി.എച്ച്.പിയും ബജ്‌റംഗ്ദളും തീവ്രവാദ സംഘടനകളാണെന്ന് ഇത്തിഹാദ് ഇ മില്ലത്ത് കൗണ്‍സില്‍ ചെയര്‍മാന്‍ മൗലാനാ തൗക്കീര്‍ റസാ ഖാന്‍. ഹരിയാനയിലെ മുസ്‌ലിം ചെറുപ്പക്കാരുടെ കൊലപാതകത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച പോലെ വി.എച്ച്.പിയെയും ബജ്‌റംഗ്ദളിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ച് നിരോധിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ഭിവാനിയില്‍ സംഭവിച്ചത് രാജ്യത്ത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും രാജ്യത്ത് വര്‍ദ്ധിച്ച് വരികയാണെന്നും എ.എന്‍.ഐ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
‘ഈ മാസം 16നാണ് ഭീവാനിയില്‍ വെച്ച് ഞങ്ങളുടെ കുട്ടികളെ(ജുനൈദ്,നാസിര്‍) ചെയ്യാത്ത തെറ്റിന്റെ പേരില്‍ ആക്രമിച്ചു കൊന്നു കളഞ്ഞത്. ഇത്രയും ദിവസം ഞങ്ങള്‍ ക്ഷമ പാലിച്ചു. എന്നിട്ടിപ്പോള്‍ കൊലപാതകികളെ രക്ഷപ്പെടുത്താനും വിട്ട് കിട്ടാനും പൊതുയോഗങ്ങള്‍ നടത്തപ്പെടുന്നു.
ഇന്ന് ഈ രാജ്യത്ത കൊലപാതകങ്ങളും, ആള്‍ക്കൂട്ട ആക്രമണങ്ങളും സര്‍വ സാധാരണയായിക്കൊണ്ടിരിക്കുന്നു.
ഭീവാനിയില്‍ നടന്നത് ഭാരതത്തിലെ ഹിന്ദുക്കള്‍ക്കിടയിലും തെറ്റായ സന്ദേശമാണ് നല്‍കുന്നത്. സമാനമായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ തങ്ങള്‍ക്കും അവര്‍ക്കിടയില്‍ ഹീറോ പരിവേശം ലഭിക്കുമെന്ന് ചിലര്‍ക്കെങ്കിലും തോന്നാം. ഇത്തരം സാഹചര്യങ്ങള്‍ മനപൂര്‍വ്വം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം ഇവിടെ നടക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
സര്‍ക്കാര്‍ വേണമെന്ന് വിചാരിച്ചാല്‍ ഈ അവസ്ഥ ഇല്ലാതെയാക്കാം. പക്ഷെ അവരത് ചെയ്യുന്നില്ല. ഇനിയും ഇക്കാര്യത്തില്‍ അനാസ്ഥ കാണിച്ചാല്‍ അത് നമ്മുടെ രാജ്യത്തിന് തന്നെ ഭീഷണിയാണ്.
അത് കൊണ്ട് സിമിയെയും, പോപ്പുലര്‍ ഫ്രണ്ടിനെയും തീവ്രവാദ മുദ്രകുത്തി നിരോധിച്ചത് പോലെ വിശ്വഹിന്ദു പരിഷത്തിനെയും, ബജ്‌റംഗ്ദളിനെയും നിരോധിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറാവണം,’ തൗക്കീര്‍ റാസ പറഞ്ഞു.
ഫെബ്രുവരി 16 ന് ഹരിയാനയിലെ ഭീവാനിയില്‍ വെച്ചാണ് കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ രണ്ട് മുസ്‌ലിം യുവാക്കളുടെ മൃതദേഹം കിട്ടുന്നത്. പശുക്കടത്ത് ആരോപിച്ച ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇരുവരെയും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ ഗോ രക്ഷാ സമിതി നേതാവ് മോനു മനേസറിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ മോനുവിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlight: IMC chairman demand to ban vhp and bajrangdal