| Sunday, 29th October 2023, 4:40 pm

ആഴത്തിലുള്ള കഥയും കഥാപാത്രങ്ങളുമായി ഇമ്പം; റിവ്യൂ വായിക്കാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യുവനടന്‍മാരില്‍ ശ്രദ്ധേയനായി മാറിക്കൊണ്ടിരിക്കുന്ന ദീപക് പറമ്പോല്‍ പ്രധാനവേഷത്തിലെത്തിയ ഇമ്പം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കുടുംബം, പ്രണയം, രാഷ്ട്രീയം തുടങ്ങിയ മേഖലകളെയെല്ലാം തൊട്ട് പോകുന്ന ചിത്രം വളരെ ആഴത്തിലുള്ള കഥയും കഥാപാത്രങ്ങളെയുമാണ് പ്രേക്ഷകര്‍ക്ക് മുന്‍പിലേക്കിട്ട് കൊടുക്കുന്നത്. ശബ്ദം എന്ന് പേരുള്ള ഒരു പബ്ലിഷിങ് ഹൗസുമായി ബന്ധപ്പെട്ടാണ് കഥ പുരോഗമിക്കുന്നത്.

ഈ പബ്ലിഷിങ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്‍ എന്ന കഥാപാത്രമായി നടന്‍ ലാലു അലക്‌സ് ആണ് അഭിനയിക്കുന്നത്. ബ്രോ ഡാഡിക്ക് ശേഷം അദ്ദേഹം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പുതിയ കാലത്ത് ഒട്ടും അപ്‌ഡേറ്റഡ് അല്ലാതെ നില്‍ക്കുന്ന ഈ മാഗസിന്‍ പുറത്തിറക്കാന്‍ തന്നെ കരുണാകരന്‍ ഏറെ കഷ്ടപ്പെടുന്നുണ്ട്. ഇതിനിടെ, ശബ്ദത്തില്‍ അവിചാരിതമായി എത്തിച്ചേരുകയാണ് നിഥിന്‍ എന്ന ചെറുപ്പക്കാരന്‍.

പിന്നീടയാള്‍ ശബ്ദത്തിന്റെ കാര്‍ട്ടൂണിസ്റ്റായി മാറുന്നു. അതിനിടയില്‍ അവിടുത്തെ എഴുത്തുകാരിയായ കാദംബരിയും നിഥിനും തമ്മില്‍ പ്രണയത്തിലാകുന്നു. അതേസമയം ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ അപ്രീതിക്ക് പാത്രമായ കരുണാകരന്‍ വലിയൊരു പ്രശ്‌നത്തിലകപ്പെടുന്നു. അതില്‍ നിന്നും കരുണാകരനെ രക്ഷിക്കാന്‍ കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരിയും ചേര്‍ന്ന് നടത്തുന്ന രസകരവും ഉദ്വേഗ ജനകവുമായ സന്ദര്‍ഭങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

സോളമന്റെ തേനീച്ചകളിലൂടെ സിനിമാലോകത്തെത്തിയ ദര്‍ശന സുദര്‍ശന്‍ ആണ് എഴുത്തുകാരിയായ കാദംബരിയുടെ വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്. കരുണാകരന്റെ സഹപാഠിയായ മൈഥിലി സ്വാമിനാഥന്‍ എന്ന ഏറെ പ്രാധാന്യമുള്ളൊരു വേഷത്തില്‍ സിനിമാ – സീരിയല്‍ രംഗത്തെ ശ്രദ്ധേയ താരമായ മീര വാസുദേവും ചിത്രത്തിലുണ്ട്. പ്രേമരാജന്‍ എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ നടന്‍ ഇര്‍ഷാദാണ് എത്തിയിരിക്കുന്നത്.

കലേഷ് രാമാനന്ദ്, ദിവ്യ എം. നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളായുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്ര നിര്‍മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് ചന്ദ്രനാണ്.

ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്‌നറായാണ് ശ്രീജിത്ത് ‘ഇമ്പം’ ഒരുക്കിയിരിക്കുന്നത്. ശ്രദ്ധേയ സംഗീത സംവിധായകന്‍ പി.എസ്. ജയഹരി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ശ്രുതി മധുരമാണ്. പശ്ചാത്തല സംഗീതവും സിനിമയിലെ രംഗങ്ങളോട് ഏറെ ചേര്‍ന്നുപോകുന്നതാണ്. നിജയ് ജയന്‍ ഒരുക്കിയിരിക്കുന്ന മനോഹരമായ ദൃശ്യങ്ങളും കുര്യാക്കോസ് ഫ്രാന്‍സിസിന്റെ എഡിറ്റിങ്ങും മികച്ചുനില്‍ക്കുന്നതാണ്.

Content Highlight: Imbam movie review

We use cookies to give you the best possible experience. Learn more