കണ്ണിന് മാക്‌സിമം ഇമേജ് നല്‍കുക ഇതാണ് ‘ഐമാക്‌സ്’ എന്ന വാക്കിന്റെ അര്‍ത്ഥമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. സിനിമാ തിയേറ്റര്‍ രംഗത്ത് ഏറ്റവും അഡ്വാന്‍സ്ഡായ സാങ്കേതിക വിദ്യകളിലൊന്നാണെങ്കിലും, ഐമാക്സ് തിയേറ്ററുകള്‍ എന്ന ഐഡിയ സത്യത്തില്‍ അത്ര പുതിയതല്ല. 1971ല്‍ ഇത് രൂപീകരിച്ച് വന്നിട്ടുണ്ട്.
ഇപ്പോള്‍ നമ്മള്‍ ഐമാക്‌സിനെക്കുറിച്ച് സംസാരിക്കാനുള്ള കാരണം തിരുവനന്തപുരം ലുലു മാളില്‍ കേരളത്തിലെ ആദ്യത്തെ ഐമാക്സ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത് കൊണ്ടാണ്. ഈ മാസം 16ന് അവതാര്‍ 2 ആണ് തിരുവനന്തപുരം ഐമാക്‌സില്‍ പ്രദര്‍ശിപ്പിക്കാന്‍ പോകുന്ന ആദ്യ ചിത്രം.
ഐമാക്സ് തിയേറ്ററുകളെക്കുറിച്ച് പലര്‍ക്കും അറിയാമായിരിക്കും എന്നാല്‍ ഐമാക്സ് എന്ന സിനിമ അനുഭവത്തെക്കുറിച്ച് അറിയാത്തവര്‍ക്കായി വളരെ ബേസിക്കായ ചില കാര്യങ്ങള്‍ പങ്കുവെക്കുകയാണ്.
ആദ്യം ചെറിയ ഒരു ചരിത്രത്തിലേക്ക് പോകാം.
ലൂമിയര്‍ സഹോദരങ്ങള്‍ ചേര്‍ന്ന് 1895 മാര്‍ച്ച് 22ന് പാരിസിലെ സൊസെറ്റി ഫോര്‍ ദി ഡെവലപ്മെന്റ് ഓഫ് ദി നാഷണല്‍ ഇന്‍ഡസ്ട്രിയിലെ 200-ഓളം അംഗങ്ങള്‍ക്കായി 17 മീറ്റര്‍ നീളമുള്ള ഫിലിം ഇട്ടുകൊണ്ട് കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന പ്രൊജക്ടര്‍ ഉപയോഗിച്ചുള്ളതായിരുന്നു ആദ്യ സിനിമ പ്രദര്‍ശനം. അതില്‍ നിന്നും 4ഡിഎസ് പോലുള്ള നൂതന സാങ്കേതിക വിദ്യയില്‍ എത്തി നില്‍ക്കുകയാണ് സിനിമാ സാങ്കേതിക മേഖലയും ആസ്വാദനവും.
ഒരു പ്രത്യേക മാതൃകയിലുള്ള ഹൈ റെസല്യൂഷന്‍ ക്യാമറകളുടേയും, പ്രോജെക്ടറുകളുടെയും, പ്രദര്‍ശന രീതിയുടെയും പൊതുവായുള്ള പേരാണ് ഐമാക്സ്. ഒരു സാധാരണ സിനിമ തിയേറ്റര്‍ ഓഡിറ്റോറിയവും പ്രീമിയം സിനിമ തിയേറ്റര്‍ ഓഡിറ്റോറിയവും തമ്മിലുള്ള പ്രധാന വ്യത്യാസം സ്‌ക്രീനിന്റെയും തിയേറ്ററിന്റെയും വ്യാസമാണ്.
കൂടാതെ ഐമാക്സ് സ്‌ക്രീനിന് പിന്നില്‍ ലൗഡ്സ്പീക്കറുകള്‍ ഉപയോഗിക്കുകയും സിനിമ കാണുന്ന വ്യക്തി എവിടെ ഇരുന്നാലും ഉയര്‍ന്ന സ്‌ക്രീന്‍ കാണാനായി ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടുമുണ്ടാകും. ഏറ്റവും മികച്ച നിലവാരമുള്ള ദൃശ്യങ്ങളാണ് ഐമാക്സിലൂടെ ലഭിക്കുക. അവയുടെ യഥാര്‍ത്ഥ 70എം.എം ഫിലിം പ്രിന്റുകള്‍ക്കൊപ്പം ദൃശ്യമാകും.
‘ഐമാക്‌സ്- കണ്ണിന് മാക്‌സിമം ഇമേജ് നല്‍കുക’ അങ്ങനെയാണ് ഈ വാക്ക് ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. ഈ തിയേറ്റര്‍ സാങ്കേതികവിദ്യ പുതിയതല്ല. 1971ലാണ് ആദ്യമായി രൂപീകരിച്ചത്. അന്ന് അത്ര ജനപ്രിയമായിരുന്നില്ല. പിന്നീടാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തുടക്ക കാലത്ത് വന്യജീവി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു പ്രധാനമായും ഈ തിയേറ്ററുകള്‍ ഉപയോഗിച്ചിരുന്നത്. പിന്നീട് നിരവധി ഗ്രാഫിക്കല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി.
ഒരേ സമയം രണ്ടു 2കെ/4കെ പ്രോജക്ടറുകള്‍ ഉപയോഗിച്ചാണ് സിനിമ, സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ തെളിച്ചമുള്ളതും മികവാര്‍ന്നതുമായ ദൃശ്യങ്ങള്‍ കാണാനാവും. 3ഡി സിനിമകള്‍ക്ക് അതിന്റെ യതാര്‍ത്ഥ ത്രിമാന അനുഭവം കിട്ടണമെങ്കില്‍ ഐമാക്‌സില്‍ തന്നെ കാണണം.
വെറും പ്രൊജക്ഷന്‍ കൊണ്ടു മാത്രം തീരുന്നില്ല. അത്യാധുനിക ‘സറൗണ്ട് സൗണ്ട് സ്പീക്കേര്‍സ്’ ഐമാക്‌സിന്റെ പ്രധാന ഘടകമാണ്.ഒപിന്നില്‍ ഇടതും വലതുമായി രണ്ടു സെറ്റ് സ്പീക്കറുകള്‍, സ്‌ക്രീനിന്റെ പുറകിലായി നാല് സെറ്റ് സ്പീക്കറുകള്‍. ഇങ്ങനെയാണ് ഐമാകാസ് ഇല്‍ 360 ഡിഗ്രി ത്രിമാന ശബ്ദവിന്യാസം ഉണ്ടാകുന്നത്. കൂടാതെ അര്‍ധ വൃത്താകൃതിയിലുള്ള സീറ്റിംഗ് മറ്റൊരു പ്രത്യേകതയാണ്. ഏതു കോണിലിരുന്നാലും ഒരേ രീതിയില്‍ സിനിമ ആസ്വദിക്കുവാന്‍ സാധിക്കും.
ഐമാക്‌സും സാധാരണ തീയേറ്ററുകളും തമ്മിലുള്ള വ്യത്യാസം വളരെ സിമ്പിളാക്കി പറയുകയാണെങ്കില്‍ ഐമാക്‌സ് തീയേറ്ററുകള്‍ക്ക് വളരെ വലിയ സ്‌ക്രീനുകള്‍ ഉണ്ട്, ഇത് കാഴ്ചക്കാര്‍ക്ക് കൂടുതല്‍ ആഴത്തിലുള്ള അനുഭവം പ്രദാനം ചെയ്യും എന്നതാണ്. ഐമാക്‌സ് സ്‌ക്രീനുകള്‍ക്ക് എട്ട് ലെയറുകള്‍ ഉണ്ടാകും, ഒരാള്‍ തിയേറ്ററില്‍ ഇരിക്കുമ്പോള്‍ കണ്ണില്‍ കാണുന്ന മുഴുവന്‍ സ്പേസും നിറഞ്ഞുനില്‍ക്കുന്ന രീതിയിലായിരിക്കും ഐമാക്സിലെ ദൃശ്യാനുഭവം. കൂടാതെ, ഐമാക്‌സ് തിയേറ്ററുകള്‍ പ്രത്യേക പ്രൊജക്ഷനും ശബ്ദ സംവിധാനങ്ങളും ഉപയോഗിക്കുന്നു.
ലോകത്ത് 1500 ഐമാക്സ് തിയേറ്ററുകളാണ് ഉള്ളത്. അതില്‍ 21 എണ്ണം ഇന്ത്യയിലാണ്. എല്ലാ സിനിമകളും ഐമാക്‌സില്‍ പ്രദര്‍ശിപ്പിക്കാറില്ല. ഐമാക്‌സ് ക്യാമറകളാല്‍ ചിത്രീകരിച്ചതോ ഡിജിറ്റല്‍ റീ മാസ്റ്റര്‍ ചെയ്തതോ ആയ സിനിമകളാണ് ഐമാക്‌സില്‍ പ്രദര്‍ശിപ്പിക്കുക. 1970ല്‍ ഇറങ്ങിയ ടൈഗര്‍ ചൈല്‍ഡ് എന്ന ജാപ്പനീസ് ചിത്രമാണ് ആദ്യമായി ഐമാക്‌സില്‍ പ്രദര്‍ശിപ്പിച്ച ചിത്രം. ധൂം 3 ആണ് ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. തിരുവനന്തപുരം ഐമാക്‌സില്‍ അവതാര്‍ ദ വേ ഓഫ് വാട്ടറാണ് ആദ്യമായി പ്രദര്‍ശിപ്പിക്കാന്‍ പോകുന്നത്.
സാധാരണ തിയേറ്ററുകളെ അപേക്ഷിച്ചു ടിക്കറ്റ് ചാര്‍ജ് ഐമാക്‌സില്‍ കൂടുതലായിരിക്കും. അതിനാല്‍ തന്നെ ഒരു ശരാശരി സിനിമ ആസ്വാദകന് ഐമാക്‌സ് കുറച്ചു ചിലവേറിയതാണ്, എങ്കില്‍ കൂടി സിനിമ അതിന്റെ ഏറ്റവും മികച്ച ദൃശ്യ മികവില്‍ തന്നെ ആസ്വദിക്കാന്‍ സാധിക്കും. ഐമാക്‌സ് പോലുള്ള സംരംഭങ്ങള്‍ ആളുകളെ തീയേറ്ററില്‍ പോയി തന്നെ സിനിമ കാണാന്‍ പ്രേരിപ്പിക്കുമെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
content highlight: IMAX theaters aren’t really that new; Don’t go see Avatar without knowing about IMAX