റാഞ്ചി: ജാര്‍ഖണ്ഡില്‍ ഇമാമിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ആക്രമണത്തില്‍ ഗുരുതമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇമാം മരണപ്പെട്ടത്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും മുസ്‌ലിങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം.
ആള്‍ക്കൂട്ട ആക്രമണത്തില്‍ മൗലാന സഹാബുദ്ദീന്‍ എന്ന ഇമാമാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ കോഡെര്‍മ ജില്ലയിലാണ് സംഭവം നടന്നത്. തലക്കേറ്റ സാരമായ പരിക്കാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ആള്‍ക്കൂട്ടം ഇമാമിനെ വടികളും മറ്റു ആയുധങ്ങളും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ആക്രമണത്തിന് പിന്നില്‍ വര്‍ഗീയ വിദ്വേഷമില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. എന്നാല്‍ കോഡെര്‍മ ജില്ലയിലെ ഒരു ഹിന്ദു സ്ത്രീയെ പൊതുവഴിയില്‍ വെച്ച് ആക്രമിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ട മര്‍ദനമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ 30ന് ഗുത്താരി കാര്യയ്ക്ക് സമീപം ഹിന്ദു യുവതിയായ അനിതാ ദേവിയും അവരുടെ പങ്കാളിയും സഹോദരനും സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ മൗലാന സഹാബുദ്ദീന്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ യുവതിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഇരുവരും ഇമാമിനോട് ദേഷ്യപ്പെട്ടു.
ഇതിനുപിന്നാലെ സ്ഥലത്തെത്തിയ ഒരു സംഘം ആളുകള്‍ ഇമാമിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഇമാമിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു.
ഇമാമിന്റെ മരണത്തില്‍ പൊലീസ് സ്വീകരിച്ച നിലപാടില്‍ മൗലാന സഹാബുദ്ദീന്റെ കുടുംബം രംഗത്തെത്തി. ഇമാമിന്റെ ശരീരത്തില്‍ പരിക്കുകള്‍ ഇല്ലായിരുന്നുവെന്നും ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നും സഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് പ്രതികരിച്ചു. മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു.
Content Highlight: Imam was beaten to death by mob in Jharkhand