ലോകകപ്പില്‍ പാകിസ്ഥാന്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുകയാണ്. നെതര്‍ലന്‍ഡ്‌സിനെതിരെ നേടിയ 81 റണ്‍സിന്റെ വിജയം നേടിയ പാകിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയെയാണ് നേരിടുന്നത്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ട ലങ്ക ആദ്യ വിജയം തേടിയാണ് ഹൈദരാബാദിലെത്തിയിരിക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ലങ്കന്‍ നായകന്‍ ദാസുന്‍ ഷണക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടീം സ്‌കോര്‍ അഞ്ചില്‍ നില്‍ക്കവെ ലങ്കക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. കുശാല്‍ പെരേരയുടെ വിക്കറ്റാണ് പാകിസ്ഥാന്‍ ആദ്യം പിഴുതെറിഞ്ഞത്. ഹസന്‍ അലിയുടെ പന്തില്‍ മുഹമ്മദ് റിസ്വാന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
വണ്‍ ഡൗണായി സൂപ്പര്‍ താരം കുശാല്‍ മെന്‍ഡിസാണ് ക്രീസിലെത്തിയത്. മികച്ച രീതിയില്‍ ബാറ്റ് വീശിയ മെന്‍ഡിസ് ലങ്കന്‍ സ്‌കോര്‍ പതിയെ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ മെന്‍ഡിസ് ഈ മത്സരത്തിലും ടീമിന്റെ രക്ഷകനാകുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിച്ചു.
എന്നാല്‍ ലങ്കന്‍ സ്‌കോര്‍ 35ല്‍ നില്‍ക്കവെ ആരാധകര്‍ ഒന്ന് ഞെട്ടിയിരുന്നു. 18 പന്തില്‍ 18 റണ്‍സ് നേടി നില്‍ക്കുകയായിരുന്ന മെന്‍ഡിസിനെ നഷ്ടപ്പെട്ടുവെന്നാണ് ആരാധകര്‍ കരുതിയത്.
ഷഹീന്‍ ഷാ അഫ്രിദിയുടെ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച മെന്‍ഡിസിന് പിഴച്ചു. സ്‌ക്വയര്‍ ഡ്രൈവിന് ശ്രമിച്ച മെന്‍ഡിന്റെ ഷോട്ട് ബാക്ക്‌വാര്‍ഡ് പോയിന്റില്‍ നിന്ന ഇമാം ഉള്‍ ഹഖിന്റെ കൈകളിലേക്കാണ് ചെന്നത്.
എന്നാല്‍ പാകിസ്ഥാന്‍ താരം ആ സിംപിള്‍ ക്യാച്ച് കൈവിട്ടു കളയുകയായിരുന്നു. ഇമാം ക്യാച്ച് വിട്ടത് കണ്ട പാക് താരങ്ങളെല്ലാം അമ്പരന്ന് പോയിരുന്നു.
ആ തെറ്റിന് പാകിസ്ഥാന്‍ നല്‍കേണ്ടി വന്ന വില വളരെ വലുതായിരുന്നു. ലൈഫ് തിരിച്ചുകിട്ടിയ മെന്‍ഡിസ് അവസരം കൃത്യമായി തന്നെ മുതലാക്കി. സെഞ്ച്വറി നേടിയാണ് ലങ്കന്‍ സൂപ്പര്‍ താരം കളം വിട്ടത്.
77 പന്തില്‍ 122 റണ്‍സാണ് മെന്‍ഡിസ് അടിച്ചുകൂട്ടിയത്. 14 ബൗണ്ടറിയും ആറ് സിക്‌സറും അടക്കമായിരുന്നു മെന്‍ഡിസിന്റെ ഇന്നിങ്‌സ്. 158.44 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്. മെന്‍ഡിസിന്റെ ഈ സെഞ്ച്വറി കളിയുടെ ഗതിയെ തന്നെ പൂര്‍ണമായി മാറ്റി മറിച്ചേക്കാം.
മറ്റൊരു സെഞ്ച്വറി കൂടി ലങ്കന്‍ ഇന്നിങ്‌സില്‍ പിറവിയെടുക്കാനൊരുങ്ങുകയാണ്. 98 റണ്‍സുമായി സൂപ്പര്‍ താരം സധീര സമരവിക്രമ ബാറ്റിങ് തുടരുകയാണ്.
ഓപ്പണര്‍ പാതും നിസംഗയുടെ അര്‍ധ സെഞ്ച്വറിയും ലങ്കന്‍ ഇന്നിങ്‌സില്‍ തുണയായി. 61 പന്തില്‍ 51 റണ്‍സ് നേടിയാണ് താരം കളംവിട്ടത്.
അതേസമയം, 45 ഓവര്‍ പിന്നിടുമ്പോള്‍ 315 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ലങ്ക. 80 പന്തില്‍ 98 റണ്‍സുമായി സധീര സമരവിക്രമയും 12 പന്തില്‍ ഏഴ് റണ്‍സുമായി ക്യാപ്റ്റന്‍ ദാസുന്‍ ഷണകയുമാണ് ക്രീസില്‍.
ഇതുവരെ പാകിസ്ഥാനായി ഹസന്‍ അലി മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
Content highlight: Imam Ul Haq dropped Kushal Mendis at 18