“ഇമൈക്ക നൊടികള്‍” എന്നാല്‍ മിഴിയടയ്ക്കാനാവാത്ത നിമിഷങ്ങള്‍ എന്നാണര്‍ത്ഥം. പേരിനോട് നീതിപുലര്‍ത്തി പ്രേക്ഷകരെ 170 മിനിറ്റ് മിഴിയടപ്പിക്കാതെ ഉദ്വേഗജനകമായി പിടിച്ചിരുത്തുന്നതില്‍ ആര്‍ .ജ്ഞാനവേല്‍ മുത്തു വിജയിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ മികച്ച തമിഴ്ചിത്രങ്ങളുടെ ശ്രേണിയില്‍ മുന്‍നിരയിലായിരിക്കും ചിത്രത്തിന്റെ സ്ഥാനവും.
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ അഭിനയ അരങ്ങേറ്റം, ഇവര്‍കൊപ്പം യുവതാരം അഥര്‍വയുടെ സാനിധ്യവും ഒത്തുചേരുന്നതുകൊണ്ട് തന്നെ റിലീസിന് മുന്‍പേ തന്നെ ചിത്രം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു .കൂടാതെ ചിത്രത്തിന്റെ ട്രെയ്‌ലറുകളും ടീസറുകളുമെല്ലാം പ്രതീക്ഷകളെ ഉത്തേജിപ്പിക്കുന്നതായിരുന്നു.
മൂന്ന് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കഥപറയുന്ന ശൈലിയിലാണ് “ഇമൈക്ക നൊടികള്‍” മുന്നോട്ട് നീങ്ങുന്നത്. ഡിമോത്തി കോളനി എന്ന ആദ്യ സിനിമയിലൂടെ തന്നെ തന്റെ പ്രതിഭയും കയ്യടക്കവും തെളിയിച്ച ആര്‍ .ജ്ഞാനവേല്‍ മുത്തുവിന്റെ രണ്ടാമത്തെ സംവിധാന സംരഭമാണ് ഇമൈക്കാ നൊടികള്‍. ക്രൈം തില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്‍റെ കഥ മുന്നോട്ട് നീങ്ങുന്നത്. മൂന്ന് കഥാപാത്രങ്ങളിലൂടെയാണ്.
സിബിഐ ഓഫീസറായ അഞ്ജലിയായാണ് നയന്‍താര ചിത്രത്തില്‍ വേഷമിടുന്നത്. സീരിയല്‍ കില്ലര്‍ രുദ്ര എന്ന കഥാപാത്രത്തെ അനുരാഗ് കശ്യപ്പും ഇവര്‍ക്കിടയിലേക്ക് അവിചാരിതമായി കടന്നുവരുന്ന അര്‍ജുന്‍ എന്ന ഡോക്ടറായി അഥര്‍വയും എത്തുന്നു.
ബാംഗ്ലൂര്‍ നഗരത്തിലെ ഒരു പബ്ബില്‍ നടക്കുന്ന തട്ടികൊണ്ട് പോകലിലൂടെ തുടങ്ങുന്ന സിനിമ വളരെ വേഗത്തില്‍ തന്നെ കഥയിലേക്ക് പ്രവേശിക്കുന്നുണ്ട് . കൊലപാതകങ്ങളും റൊമാന്‍സും ഫ്‌ലാഷ്ബാക്കും ഇടകലര്‍ന്നു? പോകുന്ന ആദ്യ പകുതിയും ആക്ഷനും ട്വിസ്റ്റുകളുമായി പോകുന്ന ത്രില്ലിംഗ് രണ്ടാം പകുതിയുമാണ് സിനിമക്കുള്ളത്.
കഥാപാത്രങ്ങള്‍ക്കെല്ലാം വ്യക്തമായ ഡീറ്റൈലിംഗ് കൊടുക്കുന്നതില്‍ സംവിധായന്‍ വിജയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം സിനിമയുടെ മൂഡിനോട് ചേര്‍ന്നു പോകുന്നു. കഥയുടെ മുന്നാട്ടുപോക്കിന് വിപരീതമായി വരുന്ന “കാതലിക്കാതെ” എന്ന സോങ് അരോചകമാകുന്നുണ്ട്.
സമീപകാലത്തായി തന്നിലേക്ക് എത്തിയ മികച്ച കഥാപാത്രങ്ങളുടെ ശ്രേണിയിലേക്ക് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രമാണ് നയന്‍താരയുടെ സി.ബി.ഐ ഓഫീസര്‍ അഞ്ജലി. കേന്ദ്രകഥാപാത്രത്തോടൊപ്പം അരങ്ങില്‍ നിറഞ്ഞാടുന്ന പ്രതിനായക വേഷങ്ങള്‍ തമിഴ് സിനിമയില്‍ അടുത്തകാലങ്ങളിലായി കാണുന്ന സവിശേഷതയാണ്.
അനുരാഗ്കശ്യപിന്റെ രുദ്രയും മികച്ച പ്രതിനായകരുടെ നിരയില്‍ എന്നും ഓര്‍മിപ്പിക്കും വിധം സവിശേഷതകളുള്ളതാണ്. മികച്ച സ്‌ക്രീന്‍ പ്രെസ്സെന്‍സ് സിനിമയിലുടനീളം നിലനിര്‍ത്താനും അനുരാഗിനായി. താരത്തിനായ് ചെയ്ത ഡബ്ബിങ്ങും കഥാപാത്രത്തിന് മൂര്‍ച്ച കൂട്ടുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളിലെ മികവിലൂടെ രണ്ടുകഥാപാത്രങ്ങളോടും കൂടെ അഥര്‍വയും തന്റെ വേഷം ഭംഗിയാക്കുന്നു.
ഗസ്റ്റ് അപ്പിയറന്‍സില്‍ വന്ന വിജയ് സേതുപതിക്ക് തന്റെ സാനിധ്യം അറിയിക്കാന്‍ മാത്രം പ്രാപ്തിയുള്ള വേഷമല്ലായിരുന്നു ചിത്രം ഒരുക്കിയത്. റാഷി ഖന്നയും ദേവനും തങ്ങളുടെ ചുമതലകള്‍ ഭംഗിയാക്കി.
യുക്തിയെ ചോദ്യം ചെയ്യുന്ന ചില രംഗങ്ങളൊഴിച്ചാല്‍ തൃപ്തിപ്പെടുത്തുന്ന, ഉദ്വേഗജനകമായ സിനിമതന്നെയാണ് ഇമൈക്ക നൊടികള്‍.