| Tuesday, 6th August 2024, 12:30 pm

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ സാരിയെടുത്തുടുത്തും വളര്‍ത്തുമൃഗങ്ങളെ മോഷ്ടിച്ചും കലാപകാരികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ബംഗ്ലാദേശിലെ ആഭ്യന്തര കലാത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവെച്ച ഷെയ്ഖ് ഹസീനയുടെ വസതി കൈയേറിയ പ്രക്ഷോഭകാരികളുടെ വീഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

കലാപത്തെ തുടര്‍ന്ന് നാടുവിട്ട ഹസീനയുടെ ഔദ്യോഗിക ബംഗ്ലാവില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ ഹസീനയുടെ സാരികള്‍, ചായക്കപ്പുകള്‍, ടി.വി സെറ്റുകള്‍ എന്നിവ അപഹരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വസതി കീഴടക്കിയ അക്രമികാരികളില്‍ ചിലര്‍ ഹസീനയുടെ സാരിയും ബ്ലൗസും ധരിച്ച് നില്‍ക്കുന്ന ചിത്രവും എക്സില്‍ പ്രചരിക്കുന്നുണ്ട്. ഷെയ്ഖ് ഹസീനയുടെ സാരികള്‍ നിറച്ച സ്യുട്ട്കേസ് സ്വന്തമാക്കിയ കലാപകാരികളിലൊരാള്‍ ‘ഇത് ഞാന്‍ എന്റെ ഭാര്യയ്ക്ക് സമ്മാനമായി നല്‍കും,അവരെ ഞാന്‍ അടുത്ത പ്രധാനമന്ത്രിയാക്കും ‘ എന്ന് പറയുന്ന വീഡിയോ ലക്ഷകണക്കിന് പേരാണ് ഇതിനകം കണ്ടത്.

ആഗോളതലത്തില്‍ തന്നെ പലപ്പോഴും ധരിക്കുന്ന സാരികളുടെ പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവ വ്യക്തിയായിരുന്നു ഷെയ്ഖ് ഹസീന. കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ക്യാമ്പയിനില്‍ സാരി ഉയര്‍ത്തിപ്പിടിച്ചായിരുന്നു അവര്‍ മറുപടി നല്‍കിയത്.

ആദ്യം പ്രതിപക്ഷ നേതാക്കള്‍ ഭാര്യമാരുടെ സാരി കത്തിച്ചു കളയാത്തതെന്താണ് എന്ന മറുചോദ്യം ചോദിച്ചാണ് ഹസീന പ്രതിപക്ഷത്തെ നേരിട്ടത്.

ഇതിന് പുറമെ ഹസീനയുടെ കിടപ്പറയില്‍ കലാപകാരികള്‍ കിടക്കുന്നതിന്റെയും ,തീന്‍മേശയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെയും വളര്‍ത്തുജീവികളെ എടുത്തുകൊണ്ട് പോകുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ പ്രതിമയും അക്രമകാരികള്‍ തകര്‍ത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് സൈന്യത്തിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം ഹസീന രാജി വെയ്ക്കുന്നത്. ഇതിന് പിന്നാലെ ഹസീനയും സഹോദരി ഷെയ്ഖ് രഹാനെയും ഇന്ത്യയില്‍ അഭയം പ്രാപിച്ചിരുന്നു. നിലവില്‍ കലാപത്തെ തുടര്‍ന്ന് ഞായറാഴ്ച മാത്രം 135 പേര്‍ രാജ്യത്ത് കൊല്ലപ്പെട്ടിരുന്നു.

Content Highlight: Images of protestors storming Bangladesh PM’s house flood social media

We use cookies to give you the best possible experience. Learn more