| Monday, 21st September 2020, 12:17 pm

fact check: അംബേദ്കറുടെ ഫോട്ടോ പതിച്ച ബസ്സുകള്‍ അമേരിക്കയില്‍ സര്‍വ്വീസ് നടത്തുന്നു? സത്യാവസ്ഥ ഇതാണ്...

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡോ.ബി.ആര്‍.അംബേദ്കറിന്റെയും അദ്ദേഹത്തിന്റെ ഭാര്യ സവിത അംബേദ്കറിന്റെയും ചിത്രങ്ങള്‍ പതിപ്പിച്ച ബസുകള്‍ കൊളംബിയയില്‍ സര്‍വ്വീസ് നടത്തുന്നതായി പ്രചരണം. ഈ ബസ്സുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍.

കൊളംബിയ സര്‍വകലാശാലയില്‍ നിന്നുമാണ് അംബേദ്കര്‍ ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് അംബേദ്കറുടെ ബഹുമാനാര്‍ഥം അദ്ദേഹത്തിന്റെ തന്നെ ആത്മകഥയായ വെയിറ്റിംഗ് ഫോര്‍ വിസ സര്‍വകലാശാല പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കൊളംബിയയിലെ തെരുവുകളില്‍ അദ്ദേഹത്തിന്റെ ചിത്രത്തോടുകൂടിയ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുവെന്ന പ്രചരണം.

അമേരിക്കയിലെ കൊളംബിയന്‍ തെരുവുകളില്‍ അംബേദ്കറുടെയും അദ്ദേഹത്തിന്റ ഭാര്യയായ സവിത അംബേദ്കറിന്റെയും ഫോട്ടോ പതിപ്പിച്ച ബസുകള്‍ ഓടിത്തുടങ്ങി.

ഇത് യഥാര്‍ത്ഥ ബഹുമതിയാണ്, അമേരിക്ക ഇപ്പോഴും ബാബാ സാഹിബിന്റെ ആശയങ്ങളെ ബഹുമാനിക്കുന്നുവെന്നതിന് തെളിവാണിത്- എന്ന തലക്കെട്ടോടെയാണ് ഈ ചിത്രം പ്രചരിച്ചത്.

ഹിന്ദി ഭാഷയിലായിരുന്നു ചിത്രത്തിന് നല്‍കിയ വിവരണം. എന്നാല്‍ ഇത് വ്യാജപ്രചരണമാണെന്ന് ഫാക്ട്‌ചെക്കിംഗ് സൈറ്റായ ബൂംലൈവ് കണ്ടെത്തിയിരിക്കുകയാണ്.

ഇംഗ്ലണ്ടിലെ ബേത് നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസിനു മേല്‍ അംബേദ്കറിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന വാര്‍ത്തയാണിതെന്ന് ബൂംലൈവ് റിപ്പോര്‍ട്ട് ചെയ്തു.

2008 ജൂലൈ 28 ന് ബേത് നഗരത്തില്‍ സര്‍വ്വീസ് നടത്തിയ ബസിന്റെ ചിത്രം നേരത്തേ തന്നെ വിക്കിമീഡിയ കോമണ്‍സില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രത്തിലാണ് അംബേദ്കറുടെ ഫോട്ടോ ചേര്‍ത്ത് വ്യാജപ്രചരണത്തിന് ഉപയോഗിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: b r ambedkar photo columbia bus service

We use cookies to give you the best possible experience. Learn more