ഗസ: നഗ്നരാക്കി അടിവസ്ത്രം മാത്രം ധരിപ്പിച്ച് കണ്ണുകൾ മൂടിക്കെട്ടി ഇസ്രഈലി സൈന്യം ഫലസ്തീനി പുരുഷന്മാരെ തെരുവിൽ മുട്ടുകുത്തി ഇരുത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
സംഭവം നടന്ന ദിവസവും സാഹചര്യവും വ്യക്തമല്ലെങ്കിലും ഇസ്രഈലി സൈന്യത്തിന്റെ തടവിലുള്ളവരെ തിരിച്ചറിഞ്ഞ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും രംഗത്ത് വന്നിരുന്നു. തടവിലുള്ളവർ സിവിലിയന്മാരാണെന്നും ഹമാസുമായി ബന്ധമില്ലെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
ധാരാളം ഫലസ്തീനി സിവിലിയന്മാരെ ഇസ്രയേലി സൈന്യം തടവിലാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് തടങ്കലിന്റെ ഒരു ചിത്രം യൂറോ മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ തങ്ങളുടെ വെബ്സൈറ്റിൽ പങ്കുവെച്ചു.
‘ഡോക്ടർമാരും അധ്യാപകരും മാധ്യമപ്രവർത്തകരും വയോജനങ്ങളും ഉൾപ്പെടെ കുടിയിറക്കപ്പെട്ട ജനങ്ങളെ ഇസ്രയേലി സൈന്യം അറസ്റ്റ് ചെയ്യുന്നതായി മോണിറ്ററിന് റിപ്പോർട്ടുകൾ ലഭിച്ചു,’ യൂറോ മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ അറിയിച്ചു.
പ്രചരിക്കുന്ന ചിത്രങ്ങളെ കുറിച്ച് ഐ.ഡി.എഫ് വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരിയോട് വാർത്താ സമ്മേളനത്തിൽ ചോദിച്ചപ്പോൾ ഗസൽ നടത്തിയ തിരച്ചിലിൽഅറസ്റ്റ് ചെയ്ത ഹമാസ് തീവ്രവാദികളുടെ ചിത്രങ്ങൾ കണ്ടു എന്നായിരുന്നു മറുപടി.
തങ്ങളുടെ റിപ്പോർട്ടറും അദ്ദേഹത്തിന്റെ നിരവധി കുടുംബാംഗങ്ങളും തടവിലാക്കപ്പെട്ടവരുടെ ചിത്രങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വാർത്ത ഔട്ട്‌ലെറ്റ് അൽ അറബി അൽ ജദീദ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
നിവാസികളെ വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിച്ചു എന്നും അവരെ അപമാനിച്ചു എന്നും ദൃക്സാക്ഷികൾ പറഞ്ഞതായി അൽ അറബി അൽ ജദീദ് പറഞ്ഞു. അറസ്റ്റ് ചെയ്തവരെ എങ്ങോട്ടാണ് കൊണ്ടുപോയത് എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടുണ്ട്.
Content Highlight: Images circulate of dozens of men purportedly stripped naked, detained by IDF