വാഷിങ്ടണ്‍: ഇന്ത്യയിലേതുള്‍പ്പെടെ ലോകത്തെ പ്രമുഖരായ നിരവധി വ്യക്തികളുടെ കള്ളപ്പണ നിക്ഷേപങ്ങള്‍ പുറത്തുവിട്ട പനാമ രേഖകള്‍ ഓണ്‍ലൈനില്‍.
2,14000 അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. 2000 ഇന്ത്യക്കാരുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
42 ഇടനിലക്കാരുടെ പേരുകളും പരസ്യപ്പെടുത്തിയിട്ടുണ്ട്. 40 വര്‍ഷത്തെ നിക്ഷേപ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 1977 മുതല്‍ 2015 വരെയുള്ളവ ഇതില്‍ ഉള്‍പ്പെടും.
ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റാണ് രേഖകള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11;45 നാണ് രേഖകള്‍ പുറത്തുവിട്ടത്.
ഇന്ത്യന്‍ ചലച്ചത്ര താരങ്ങളായ അമിതാബ് ബച്ചന്‍, ഐശ്വര്യ റായ്, റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എന്നിങ്ങനെ രാഷ്ട്രീയ് സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുടെ പേരുകള്‍ പനാമ പേപ്പറില്‍ ഉള്‍പ്പെട്ടിരുന്നു.
പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ്, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, എന്നിവര്‍ ഉള്‍പ്പെടെ ഒരു ഡസനോളം രാഷ്ട്രത്തലവന്മാരും എഴുപതോളം രാജ്യങ്ങളിലെ 128 ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് പനാമ രേഖകളില്‍ പറയുന്നത്.
ലോകത്തെമ്പാടുമുള്ള നൂറുകണക്കിന് കോടീശ്വരന്‍മാരാണ് പനാമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന വിദേശത്ത് നിക്ഷപം നടത്തിയത്.
രേഖയില്‍ ഇന്ത്യയില്‍ നിന്നുള്ള 828 മേല്‍വിലാസങ്ങളുണ്ട്. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ മാതൃകയില്‍ വിവരങ്ങള്‍ തെരയാനുള്ള സൗകര്യത്തോടെയാണ് രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഒന്നരക്കോടിയോളം വരുന്ന രേഖകളുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.