| Tuesday, 19th March 2024, 7:37 am

സിക്‌സറടിച്ചല്ല ബൗണ്ടറി നേടിയല്ല വിക്കറ്റ് വീഴ്ത്തിയുമല്ല, വല്ലാത്തൊരു ഹാട്രിക്കുമായി ചാമ്പ്യന്‍ ടീമിന്റെ ചാമ്പ്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ പരാജയപ്പെടുത്തി ഇസ്‌ലമാബാദ് യുണൈറ്റഡ് കിരീടമുയര്‍ത്തിയിരുന്നു. കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാന പന്ത് വരെ ആവേശം തിങ്ങിനിറഞ്ഞ മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു യുണൈറ്റഡിന്റെ വിജയം.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുള്‍ട്ടാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. ഉസ്മാന്‍ ഖാന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് സുല്‍ത്താന്‍ മോശമല്ലാത്ത സ്‌കോറിലേക്കുയര്‍ന്നത്.

ഉസ്മാന്‍ ഖാന്‍ 40 പന്തില്‍ 57 റണ്‍സ് നേടിയപ്പോള്‍ ഇഫ്തിഖര്‍ അഹമ്മദ് 20 പന്തില്‍ പുറത്താകാതെ 32 റണ്‍സും നേടി.

അഞ്ച് വിക്കറ്റ് നേടിയ ഇമാദ് വസീമിന്റെ മികച്ച പ്രകടനമാണ് സുല്‍ത്താന്‍സിനെ തടഞ്ഞുനിര്‍ത്തിയത്. നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. ഇമാദ് വസീമിന് പുറമെ ക്യാപ്റ്റന്‍ ഷദാബ് ഖാന്‍ മൂന്ന് വിക്കറ്റും നേടി.

160 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ യുണൈറ്റഡിന് ഒരു പന്തില്‍ വിജയിക്കാന്‍ ഒരു റണ്‍സ് വേണമെന്ന നിലയില്‍ നില്‍ക്കവെ അവസാന പന്തില്‍ ക്രീസിലെത്തിയ ഹുനൈന്‍ ഷാ ബൗണ്ടറിയടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു.

അര്‍ധ സെഞ്ച്വറി നേടിയ മാര്‍ട്ടിന്‍ ഗപ്ടില്ലിന്റെയും അസം ഖാന്‍, ഇമാദ് വസീം എന്നിവരുടെ ഇന്നിങ്‌സിന്റെയും കരുത്തിലാണ് യുണൈറ്റഡ് വിജയിച്ചത്.

ഗപ്ടില്‍ 32 പന്തില്‍ 50 റണ്‍സും അസം ഖാന്‍ 22 പന്തില്‍ 30 റണ്‍സും നേടി പുറത്തായപ്പോള്‍ 17 പന്തില്‍ പുറത്താകാതെ 19 റണ്‍സാണ് ഇമാദ് വസീം നേടിയത്.

മത്സരത്തിലെ തകര്‍പ്പന്‍ ഓള്‍ റൗണ്ട് പ്രകടനത്തിന് പിന്നാലെ മത്സരത്തിലെ താരമായി തെരഞ്ഞെടുത്തത് ഇമാദ് വസീമിനെ തന്നെയായിരുന്നു.

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഇമാദ് വസീം കളിയിലെ താരമാകുന്നത്. ഫൈനലിന് മുമ്പേ നടന്ന രണ്ട് എലിമിനേറ്റര്‍ മത്സരത്തിലും ഇമാദ് വസീം തന്നെയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരായ മത്സരത്തില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയാണ് ഇമാദ് വസീം കളിയിലെ താരമായത്. ബാബറിന്റെ പെഷവാര്‍ സാല്‍മിക്കെതിരെ കറാച്ചിയില്‍ നടന്ന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ വസീം ടീമിന്റെ ടോപ് സ്‌കോററുമായിരുന്നു. ഇതിന് പിന്നാലെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം താരത്തെ തേടിയെത്തിയത്.

അതേസമയം, ഇത് മൂന്നാം തവണയാണ് യുണൈറ്റഡ് പി.എസ്.എല്‍ ചാമ്പ്യന്‍മാരാകുന്നത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2016ലും മൂന്നാം സീസണായ 2018ലുമാണ് യുണൈറ്റഡ് കപ്പുയര്‍ത്തിയത്. ആദ്യ സീസണില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സിനെ ആറ് വിക്കറ്റിന് തോല്‍പിച്ചപ്പോള്‍ 2018ല്‍ പെഷവാര്‍ സാല്‍മിയെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചാണ് ഇസ്‌ലമാബാദിന്റെ സിംഹങ്ങള്‍ കപ്പുയര്‍ത്തിയത്.

Content highlight: Imad Wasim won Player of the match award in 3 consecutive matches

Latest Stories

We use cookies to give you the best possible experience. Learn more