ബാബര്‍ അസം മാന്യമായി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറണം: ഇമാദ് വസീം
2023 ICC WORLD CUP
ബാബര്‍ അസം മാന്യമായി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറണം: ഇമാദ് വസീം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th November 2023, 6:09 pm

അട്ടിമറി വിജയങ്ങളും തോല്‍വികളും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഒരു സീസണായിരുന്നു 2023 ഐ.സി.സി ലോകകപ്പ്. ലോകകപ്പില്‍ നിന്നും ഏറ്റവും ആദ്യം പുറത്തായ ടീം ഇംഗ്ലണ്ടായിരുന്നു. പിന്നാലെ നെതര്‍ലന്‍ഡ്സും ശ്രീലങ്കയും ബംഗ്ലാദേശും പുറത്തായി. അവര്‍ക്ക് രണ്ട് വിജയങ്ങള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.

എട്ട് മത്സരത്തില്‍ നിന്നും നാല് വിജയം മാത്രം സ്വന്തമാക്കിയ മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. അതേതുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളും ബാബര്‍ അസമും സംഘവും ഏറ്റുവാങ്ങിയിട്ടുണ്ട്. വസീം അക്രവും ഷോയ്ബ് മാലിക്കും വിമര്‍ശനവുമായി നേരത്തെ രംഗത്ത് വിരുന്നു. ഇപ്പോള്‍ പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഇമാദ് വസീം പാക് നായകനെ വിമര്‍ശിച്ചിരിക്കുകയാണ്. മോശം പ്രകടനത്തില്‍ പാക് നായക സ്ഥാനത്ത് നിന്ന് മാന്യമായി പിന്‍മാറണമെന്നാണ് ഇമാദ് പറയുന്നത്.

‘ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഇറങ്ങി മാതൃക കാണിക്കണം. അവനോട് മാത്രമല്ല മത്സരത്തിന്റെ ഫലങ്ങള്‍ പരിഗണിക്കുമ്പോള്‍ മറ്റുള്ള ലീഡര്‍മാര്‍ക്കും ഇത് ബാധകമാണ്,’ അദ്ദേഹം പറഞ്ഞു.

സെമിയിലേക്ക് തിരിച്ചുവരുമെന്ന് ബാബര്‍ ആത്മവിശ്വാസം കാണിച്ചെങ്കിലും നവംബര്‍ 11ന് ഇംഗ്ലണ്ടുമായി നടക്കുന്ന മത്സരത്തില്‍ വലിയ റണ്‍റേറ്റിന് വിജയിക്കുന്നത് അസാധ്യമായതോടെ ഔദ്യോഗികമായി പാകിസ്ഥന്‍ പുറത്താവുകയാണ്. ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനോടും ശ്രീലങ്കയോടും വിജയിച്ച് തുടക്കം കുറിച്ച പാകിസ്ഥാന് പിന്നീട് വലിയ തോല്‍വികളായിരുന്നു ഏറ്റുവാങ്ങിയത്. ഇന്ത്യയോട് വലിയ തോല്‍വി വഴങ്ങിയത് മുതലാണ് പോകിസ്ഥാന്റെ കണ്ടകശനി തുടങ്ങിയത്.

നിലവില്‍ കളിച്ച എട്ട് മത്സരങ്ങളും വിജയിച്ച് 16 പോയിന്റോടെ രോഹിത് ശര്‍മയും സംഘവും ഒന്നാം സ്ഥാനത്ത് ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. രണ്ടാം സ്ഥാനത്ത് സൗത്ത് ആഫ്രിക്കയും മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയയുമാണ്. നാലാം സ്ഥാനത്ത് ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു.

ഒടുവില്‍ 2023 ലോകകപ്പിന്റെ തുടര്‍ച്ചയായ വിജയാഘോഷത്തിലാണ് രോഹിത്തും സംഘവും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നവംബര്‍ 15ന് നടക്കുന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി ന്യൂസിലാന്‍ഡ് ആണെന്നത് ഇതിനോടകം തെളിഞ്ഞിരിക്കുകയാണ്. സെമിയില്‍ വിജയിച്ച് ഇന്ത്യ 2023ലെ ലോകകപ്പ് ചാമ്പ്യന്‍മാരാവുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.

 

Content Highlight: Imad Wasim Says Babar Assam Will Resign As Captain