| Friday, 13th January 2023, 8:32 pm

സഞ്ജുവേ... ഒന്നും നോക്കണ്ട, അടുത്ത ലേലത്തില്‍ ഇവനെയങ്ങ് പൊക്കിയേരേ; സൂപ്പര്‍ കിങ്‌സിനെ എറിഞ്ഞിട്ട് റോയല്‍സിന്റെ ചെക്കന്‍

സ്പോര്‍ട്സ് ഡെസ്‌ക്

എസ്.എ 20യില്‍ ജോബര്‍ഗ് സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തെറിഞ്ഞ് പാള്‍ റോയല്‍സ്. ടൂര്‍ണമെന്റിലെ നാലാം മത്സരത്തിലാണ് പിങ്ക് പട വിജയം സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൂപ്പര്‍ കിങ്‌സിനെ 81 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് റോയല്‍സ് കരുത്ത് കാട്ടിയത്. 57 പന്തും മൂന്ന് വിക്കറ്റും ബാക്കി നില്‍ക്കവെയായിരുന്നു റോയല്‍സിന്റെ വിജയം.

ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സിന് തുടക്കത്തിലേ പിഴച്ചിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് സൂപ്പര്‍ കിങ്‌സിന് നഷ്ടമായത്. സൂപ്പര്‍ താരങ്ങളായ ജാനേമന്‍ മലനും റീസ ഹെന്‍ഡ്രിക്‌സും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി.

പത്താമനായി കളത്തിലെത്തി 18 പന്തില്‍ നിന്നും പുറത്താവാതെ 17 റണ്‍സ് നേടിയ ലിസാര്‍ഡ് വില്യംസ് ആണ് സൂപ്പര്‍ കിങ്‌സിന്റെ ടോപ് സ്‌കോററര്‍.

നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇമാദ് ഫോര്‍ച്യൂണാണ് സൂപ്പര്‍ കിങ്‌സിനെ എറിഞ്ഞിട്ടത്. ഓപ്പണര്‍മാരായ ജാനേമന്‍ മലനും റീസ ഹെന്‍ഡ്രിക്‌സും ലൂയീസ് ഗ്രിഗറിയുമാണ് ഫോര്‍ച്യൂണിന്റെ സ്പിന്‍ കെണിയില്‍ വീണത്.

ഫോര്‍ച്യൂണിന് പുറമെ 2.2 ഓവറില്‍ 21 റണ്‍സ് വഴങ്ങി ഇവാന്‍ ജോണ്‍സും മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഫെറിസ്‌കോ ആഡംസ് രണ്ട് വിക്കറ്റും ലുന്‍ഗി എന്‍ഗിഡി, തബ്രിയാസ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സൂപ്പര്‍ കിങ്‌സിന്റെ പതനം പൂര്‍ത്തിയായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സ് അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. 21 പന്തില്‍ നിന്നും പുറത്താവാതെ 29 റണ്‍സ് നേടിയ ജോസ് ബട്‌ലറന്റെയും 19 റണ്‍സ് നേടിയ വിഹാന്‍ ലുബെയുടെയും ഇന്നിങ്‌സാണ് റോയല്‍സിന് വിജയം സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ പാള്‍ റോയല്‍സിന്റെ ആദ്യ വിജയമാണിത്.

രണ്ട് മത്സരത്തില്‍ നിന്നും ഒരു വിജയവും ഒരു തോല്‍വിയുമായി അഞ്ച് പോയിന്റോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് പാള്‍ റോയല്‍സ്.

ജനുവരി 15ന് ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സുമായിട്ടാണ് റോയല്‍സിന്റെ അടുത്ത മത്സരം.

Content highlight: Imad Fortuin’s incredible performance against Joburg Super Kings

We use cookies to give you the best possible experience. Learn more