| Wednesday, 26th May 2021, 12:40 pm

രാംദേവിനെ വിടാതെ ഐ.എം.എ; 1000 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ യോഗാചാര്യന്‍ ബാബാ രാംദേവിന്റെ പ്രസ്താവനയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഐ.എം.എ. ഉത്തരാഖണ്ഡ് ഐ.എം.എയുടേതാണ് നടപടി.

1000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

അലോപ്പതിയെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയോ രേഖാമൂലം ഖേദപ്രകടനം നടത്തുകയോ ചെയ്യണമെന്നാണ് ലീഗല്‍ നോട്ടീസില്‍ ഐ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി 15 ദിവസത്തെ സമയം അനുവദിക്കുമെന്നും അല്ലാത്തപക്ഷം 1000 കോടി രൂപ നല്‍കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.

രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും ഐ.എം.എ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഐ.എം.എ ഗൂഢാലോചന നടത്തുന്നെന്ന് ബാബാ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ പറഞ്ഞു. രാംദേവിന്റെ അശാസ്ത്രീയ പ്രചാരണങ്ങള്‍ക്കെതിരെ ഐ.എം.എ രംഗത്തെത്തിയതിന് പിന്നാലെയാണ് ‘ഗൂഢാലോചന സിദ്ധാന്തവുമായി’ ബാലകൃഷ്ണയുടെ പ്രതികരണം.

‘രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് നയിക്കാനാണ് രാംദേവിനെ ലക്ഷ്യമാക്കുന്നതിന് പിന്നില്‍. പൗരന്‍മാര്‍ ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരും തലമുറ നിങ്ങള്‍ക്ക് മാപ്പ് തരില്ല,’ ബാലകൃഷ്ണ ട്വീറ്റ് ചെയ്തു.

ഐ.എം.എ പ്രസിഡന്റ് ഡോ. ജോണ്‍റോസ് ജയലാലാണ് മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ബാലകൃഷ്ണയുടെ പ്രതികരണത്തിനെതിരെ ഐ.എം.എയിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി.

വലിയ ജനപിന്തുണയുള്ളവര്‍ ഇത്തരത്തില്‍ അബദ്ധജടിലവും തെറ്റിദ്ധാരണാജനകവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡോ. ഡി.ഡി ചൗധരി പറഞ്ഞു.

അലോപ്പതിയെയും ശാസ്ത്രീയ വൈദ്യ ശാസ്ത്രത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ ഐ.എം.എ നേരത്തെ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു.

അലോപ്പതിക്കെതിരെ രാംദേവ് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ രാംദേവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവണമെന്ന് ഐ.എം.എ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതോടെ ആധുനിക വൈദ്യശാസ്ത്രത്തെപ്പറ്റി നടത്തിയ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നാണ് രാംദേവിനോട് ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യമന്ത്രിയും തള്ളിപ്പറഞ്ഞതോടെ ഖേദം പ്രകടിപ്പിച്ചുകൊണ്ട് രാംദേവ് അലോപ്പതിയ്ക്കെതിരായ പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: IMA Uttarakhand slaps Rs 1,000 crore defamation notice on Ramdev over remarks on allopathy medicine

Latest Stories

We use cookies to give you the best possible experience. Learn more