| Saturday, 14th July 2018, 6:32 pm

എന്‍.എം.സി പിന്‍വലിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ സങ്കരവൈദ്യ നയത്തില്‍ മാറ്റമില്ല: നഖശിഖാന്തം എതിര്‍ക്കുമെന്ന് ഐ.എം.എ

ശ്രീഷ്മ കെ

തിരുവനന്തപുരം: സങ്കരവൈദ്യം നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം അനുവദിക്കുകയില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആധുനികവൈദ്യശാസ്ത്ര തത്വങ്ങള്‍ക്ക് കടകവിരുദ്ധമായ ചികിത്സാരീതി പിന്തുടരുന്ന ആയുര്‍വേദ, ഹോമിയോ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാനുള്ള നടപടിയെ അപലപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഐ.എം.എ ആവശ്യപ്പെട്ടത്.

എം.ബി.ബി.എസ് ബിരുദധാരികളോട് ബ്രിഡ്ജ് കോഴ്‌സുകളും യോഗ്യതാപരീക്ഷകളും വഴി തുല്യപ്പെടാവുന്ന നാഷനല്‍ എക്‌സിറ്റ് ടെസ്റ്റ് പോലുള്ള കുറുക്കുവഴികള്‍ അടങ്ങിയ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യവ്യാപകമായി നടന്ന ഡോക്ടര്‍മാരുടെ സമരം കാരണം മരവിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങളും അതിനോടനുബന്ധിച്ചുയരുന്ന തര്‍ക്കങ്ങളുമെന്ന് ഐ.എം.എ പറയുന്നു.

ഇതര രീതികള്‍ പിന്തുടരുന്നവര്‍ക്ക് ആധുനികവൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രികളില്‍ പരിശീലനം നല്‍കാനുള്ള തീരുമാനം വ്യാജവൈദ്യന്മാരെ സൃഷ്ടിക്കുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഇത്തരം ശ്രമങ്ങളുണ്ടായപ്പോള്‍ ഹൈക്കോടതി ഇടപെടുകയും അതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയുമായിരുന്നെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്.

ബ്രിഡ്ജ് കോഴ്‌സുകള്‍ വഴി തുല്യത നേടിക്കൊടുക്കാന്‍ ദേശീയതലത്തില്‍ നടന്ന ശ്രമം മറ്റൊരു വശം മാത്രമാണെന്നും സംസ്ഥാനത്തെ ആരോഗ്യരംഗത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്ന ഉത്തരവും തമ്മില്‍ ഉദ്ദേശ്യലക്ഷ്യത്തില്‍ മാത്രമാണ് ബന്ധമുള്ളതെന്നും ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫി എന്‍. പറയുന്നു.”1988 മുതല്‍ നിലനില്‍ക്കുന്ന പ്രശ്‌നമാണിത്. ആയുര്‍വേദ-ഹോമിയോപ്പതി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ജറി, ഗൈനക്കോളജി, ലേബര്‍ റൂം എന്നിവിടങ്ങളില്‍ പരിശീലനം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് അന്നത്തെ മന്ത്രി ഷണ്‍മുഖദാസ് ഉത്തരവിറക്കിയിരുന്നു. ആറു മാസത്തോളം മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും സമരം ചെയ്തതിനെത്തുടര്‍ന്ന് അന്ന് അത് നടപ്പില്‍ വരുത്താനാകാതെ പോകുകയായിരുന്നു. മാറി വരുന്ന ഇടത്-വലത് സര്‍ക്കാരുകള്‍ ഇത്തരമൊരു പിന്‍വാതില്‍ നീക്കം കൊണ്ടുവരാന്‍ ശ്രമം നടത്തിയിട്ടുണ്ട്.”

“പിന്നിട് ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോഴും ഈ നീക്കത്തിനായി ശ്രമിക്കുകയും ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് വീണ്ടും നിര്‍ത്തിവയ്‌ക്കേണ്ടി വരികയുമായിരുന്നു. ഇപ്പോള്‍ വീണ്ടുമിത്തരം പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനുള്ള കാരണം രാഷ്ട്രീയ സമ്മര്‍ദ്ദം തന്നെയായിരിക്കണം. ആയുര്‍വേദ വിദ്യാര്‍ത്ഥികളുടെ സംഘടനകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.” ഡോ. സുള്‍ഫി ഡൂള്‍ന്യൂസിനോടു പറഞ്ഞു.

അഞ്ചോളം തടസ്സങ്ങളാണ് ഈ ഉത്തരവു നടപ്പില്‍ വരുത്തുന്നതിനുള്ളതെന്ന് ഡോ. സുള്‍ഫി ചൂണ്ടിക്കാട്ടുന്നു. എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍, ആധുനിക വൈദ്യശാസ്ത്രത്തിലെ നഴ്‌സിങ്ങ് അല്ലെങ്കില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, മറ്റു ഡോക്ടര്‍മാര്‍ എന്നിവര്‍ക്കു മാത്രമേ ഒരു മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍ പരിശീലനം നല്‍കാവൂ എന്നും, ഇതിനു വിപരീതമായി വേണ്ടത്ര യോഗ്യതയില്ലാത്തവര്‍ക്ക് പരിശീലനം നല്‍കിയാല്‍ ലൈസന്‍സു റദ്ദു ചെയ്യാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അധികാരമുണ്ടെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നുണ്ട്.



ആധുനിക വൈദ്യശാസ്ത്രത്തില്‍ അടിസ്ഥാനവിദ്യാഭ്യാസം പോലുമില്ലാത്തവര്‍ക്ക് എന്തുതരം പരിശീലനമാണ് ന്ല്‍കേണ്ടതെന്നും ഡോ. സുള്‍ഫി ചോദിക്കുന്നു. പരിപൂര്‍ണമായ തിരിച്ചറിവില്ലാതെ വ്യാജവൈദ്യം പരിശീലിക്കുന്നവരാണ് അധികവും. ഉത്തരവു നടപ്പിലായാല്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത് വ്യാജവൈദ്യന്മാരാണ്. ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടറുടെയും ഹൈക്കോടതിയുടെയും നിര്‍ദ്ദേശങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് പുതിയ നീക്കമെന്നും ഡോ. സുള്‍ഫി ആരോപിക്കുന്നു. ഇത്തരമൊരു പരിശീലനപദ്ധതിക്ക് അനുമതി നല്‍കിയാല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിച്ചത് മറ്റൊരു രീതിയില്‍ കൊണ്ടുവരാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും ഐ.എം.എ ആരോപിക്കുന്നു. മോഡേണ്‍ മെഡിസിന്റെ പരിധിയിലുള്ള കാര്യങ്ങള്‍ എങ്ങിനെയാണ് ഇതര ചികിത്സാ രീതികളുടെ പാഠ്യപദ്ധതിയില്‍ വരുന്നതെന്നും ഐ.എം.എ അധികൃതര്‍ ചോദിക്കുന്നു.

എന്നാല്‍, ആയുര്‍വേദ-ഹോമിയോപ്പതി വിദ്യാര്‍ത്ഥികള്‍ക്ക് തുല്യത നല്‍കാനുള്ള നടപടിയല്ല സര്‍ക്കാരിന്റേതെന്നും, മറിച്ച് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രയോഗം നിരീക്ഷിക്കാനുള്ള സൗകര്യം മാത്രമാണ് ഒരുക്കുന്നതെന്നും ആരോഗ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സുധേഷ് കുമാര്‍ പറയുന്നു. “സര്‍ജറിയും പോസ്റ്റുമോര്‍ട്ടവും പോലുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുവാനുള്ള അനുമതിയാണിത്. ഈ അനുമതി മുന്‍പേ കൊടുത്തുകൊണ്ടിരുന്നതുമാണ്. ഇടക്കാലത്ത് നിര്‍ത്തലാക്കിയിരുന്നെങ്കിലും വീണ്ടും ആരംഭിക്കുകയാണ്. ഹോമിയോപ്പതി ആശുപത്രികളില്‍ തിയറ്ററുകള്‍ ലഭ്യമല്ലല്ലോ. അവരുടെ സിലബസ്സില്‍ പ്രതിപാദിക്കുന്ന പ്രകാരമുള്ള നിരീക്ഷണം മാത്രമാണ് നടക്കുക” സുധേഷ് കുമാര്‍ അറിയിച്ചു. ഐ.എം.എ എതിര്‍ക്കുന്നുവെന്ന പ്രസ്താവന കണ്ടിരുന്നുവെങ്കിലും അതേക്കുറിച്ച് കൂടുതല്‍ അറിവില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫീസ് ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചത്.

എന്നാല്‍ പടിപടിയായി വ്യാജവൈദ്യന്മാരെ സൃഷ്ടിക്കുവാനുള്ള നീക്കത്തിന്റെ ആദ്യ ഘട്ടമാണ് ഈ നിരീക്ഷണ പദ്ധതിയെന്നും, ഇവര്‍ക്ക് പരിശീലനം നല്‍കാന്‍ ഡോക്ടര്‍മാരാരും തയ്യാറാവില്ലെന്നും ഡോ.സുള്‍ഫി കൂട്ടിച്ചേര്‍ത്തു.

“ആധുനിക വൈദ്യശാസ്ത്രവും മറ്റു ചികിത്സാരീതികളും കൂട്ടിക്കലര്‍ത്താനുള്ള പദ്ധതികള്‍ക്ക് ഐ.എം.എ ആദ്യം മുതല്‍ക്കേ എതിരാണ്. വിഷയം ചര്‍ച്ച ചെയ്യാനായി ഐ.എം.എയുടെ ആക്ഷന്‍ കമ്മറ്റി രൂപീകരണയോഗം നാളെ ആലുവയില്‍ വിളിച്ചു ചേര്‍ക്കും. സര്‍ക്കാര്‍ ഉത്തരവിനെ പൂര്‍ണമായും എതിര്‍ക്കും” ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഉമ്മര്‍ ഇ.കെ. പറഞ്ഞു.

ശ്രീഷ്മ കെ

Latest Stories

We use cookies to give you the best possible experience. Learn more