| Thursday, 23rd July 2020, 12:34 pm

ഈ ഘട്ടത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ല; നല്ലത് പ്രാദേശിക ലോക്ക്ഡൗണെന്നും ഐ.എം.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കൊണ്ട് കാര്യമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് ഗുണം ചെയ്യില്ലെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ് പറഞ്ഞു.

നേരത്തെ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കൊവിഡ് വ്യാപനം നിയന്ത്രിക്കാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിന് സാധിക്കില്ലെന്ന് എബ്രഹാം വര്‍ഗീസ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിലവിലെ സാഹചര്യത്തില്‍ പ്രാദേശിക ലോക്കഡൗണാണ് ഫലപ്രദമാവുകയെന്നും രോഗവ്യാപനമുണ്ടാകുന്ന ക്ലസ്റ്ററുകള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ തിരിച്ച് ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി തുടങ്ങി പ്രധാന പ്രദേശങ്ങളിലെല്ലാം സാമൂഹ്യവ്യാപന സാഹചര്യം നിലവിലുണ്ട്. ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യവുമുണ്ട്. ലക്ഷണങ്ങളില്ലാത്തവര്‍ കൊവിഡ് പോസിറ്റീവാകുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കേരളത്തില്‍ സമൂഹ വ്യാപന സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് പറയുന്നതെന്നും ഐ.എം.എ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയവയെല്ലാം കൃത്യമായി നടപ്പാക്കി വരുന്നതിലൂടെ മാത്രമേ രോഗപ്രതിരോധം സാധ്യമാവൂ എന്നും എബ്രഹാം വര്‍ഗീസ് പറഞ്ഞു.

അതേസമയം കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രി സഭാ യോഗത്തില്‍ തീരുമാനിക്കും.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ഇനി പ്രഖ്യാപിക്കാന്‍ പോകുന്നത് കൂടുതല്‍ ശക്തമായ ലോക്ക്ഡൗണെന്ന് കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ അമര്‍ ഫെറ്റില്‍ പറഞ്ഞിരുന്നു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ സൂചന നല്‍കിയത്.

കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ കര്‍ശന നടപടികള്‍ വേണ്ടിവരും. എന്നാല്‍ എത്രദിവസം ഈ ലോക്ഡൗണ്‍ വേണ്ടിവരുമെന്ന കാര്യത്തില്‍ വ്യക്തയില്ലെന്നും അദ്ദേഹം മീഡിയ വണ്ണിനോട് പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more