കൊവിഡ് ചികിത്സക്ക് ആയുര്‍വേദം ഉപയോഗിക്കാമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന; എതിര്‍ത്ത ഐ.എം.എക്കെതിരെ നിയമകുരുക്ക്
national news
കൊവിഡ് ചികിത്സക്ക് ആയുര്‍വേദം ഉപയോഗിക്കാമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന; എതിര്‍ത്ത ഐ.എം.എക്കെതിരെ നിയമകുരുക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd November 2020, 9:40 am

ന്യൂദല്‍ഹി: ആയുര്‍വേദ മരുന്നുകള്‍ കൊവിഡ് 19 ചികിത്സയില്‍ ഫലപ്രദമായി ഉപയോഗിക്കാമെന്ന ആയുഷ് മന്ത്രാലയത്തിന്റെ പ്രസ്താവനയെ എതിര്‍ത്ത ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെതിരെ നിയമ നടപടി.

ആയുര്‍വേദ ഡോക്ടറായ വൈദ്യ പ്രശാന്ത് തിവാരിയാണ് ഐ.എം.എക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തുവന്നിരുന്നത്. ഇയാളുടെ പരാതിയില്‍ ഐ.എം.എക്കെതിരെ നോട്ടീസ് അയച്ചിട്ടുണ്ട്. ആയുഷ് മരുന്നിനെ മരുന്നെന്ന് വിളിക്കാതെ പ്ലാസിബോയെന്ന് വിളിച്ചതിനും അതുവഴി ആയുഷ് മരുന്നുകളെയും അത് പ്രാക്ടീസ് ചെയ്യുന്നവരെയും അപമാനിച്ചെന്നും ആരോപിച്ചാണ് പരാതി.

കഴിഞ്ഞ ആഴ്ച കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ ‘ആയുഷ് സ്റ്റാന്‍ഡേര്‍ഡ് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോള്‍ ഫോര്‍ കൊവിഡ് 19’ എന്ന പേരില്‍ പുതിയ പദ്ധതിയ അവതരിപ്പിച്ചിരുന്നു. ‘ആധുനിക മരുന്ന് ജനജീവിതം ഏറെ സുഗമമാക്കിയെങ്കിലും ആയുര്‍വേദം നമ്മുടെ രാജ്യത്തിലെ അതിപുരാതന ശാസ്ത്രമാണ്. ഒരുപക്ഷേ ഏറ്റവും പഴക്കം ചെന്ന അറിവും. അഥര്‍വ വേദത്തില്‍ നിന്നുമാണ് ആയുര്‍വേദം ഉണ്ടായതെന്ന് വരെ പറയപ്പെടുന്നു.’ ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

കൊവിഡ് 19 ചികിത്സക്ക് ആയുര്‍വേദം ഫലപ്രദമാണെന്ന് പ്രസ്താവിച്ച മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനുമായിട്ടായിരുന്നു ഐ.എം.എ രംഗത്തെത്തിയത്. ‘ ഹര്‍ഷ് വര്‍ധന്‍ അദ്ദേഹം പറയുന്ന മരുന്നുകള്‍ക്ക് പിന്തുണ ലഭിക്കാനായി ഏറെ ആകര്‍ഷണീയമായി പല സ്ഥാപനങ്ങളുടെ പേരും ഉപയോഗിച്ചിട്ടുണ്ട്. ഇംപിരിക്കല്‍ തെളിവുകളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് ഈ മരുന്നുകളെന്ന് അദ്ദേഹം തന്നെ പറയുന്നു. അതായത് ചിലരുടെ വ്യക്തിപരമായ അനുഭവങ്ങളുടെയും കേട്ടറിവുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണിവ.

ഐ.എം.എ അഞ്ച് ചോദ്യങ്ങളും ഹര്‍ഷ് വര്‍ധനോട് ചോദിച്ചിരുന്നു. ‘ഇവക്ക് കൃത്യമായ മറുപടി നല്‍കയില്ലെങ്കില്‍ അതിനര്‍ത്ഥം, പ്ലാസിബോകളെ മരുന്ന് എന്ന് വിളിക്കുന്നതിലൂടെ രാജ്യത്തെയും നിഷ്‌കളങ്കരായ രോഗികളെയും തട്ടിപ്പിനിരയാക്കുകയാണ്. എന്നാണ്’ ഐ.എം.എ പറഞ്ഞു. കൃത്യമായ ഫലമൊന്നുമില്ലാത്ത എന്നാല്‍ ചില മാനസിക ഉല്ലാസം തരുന്ന മരുന്നുകളെയാണ് പ്ലാസിബോകള്‍ എന്നുവിളിക്കുന്നത്.

രാജ്യത്തെ ആരോഗ്യവിദഗ്ധരുടെ ഏറ്റവും വലിയ സംഘടനയാണ് ഐ.എം.എ. കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന വസ്തുതാവിരുദ്ധമായ പല നടപടികള്‍ക്കെതിരെയും ഐ.എം.എ നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: IMA refuses to support AYUSH Ministry’s claim on Covid 19, invites legal trouble