| Sunday, 18th July 2021, 3:22 pm

കേരളത്തിലെ ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ ഐ.എം.എ.

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ ഐ.എം.എ. രോഗവ്യാപനം രൂക്ഷമായ സംസ്ഥാനത്ത് ഇളവുകള്‍ നല്‍കിയ സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് ഐ.എം.എ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തീര്‍ത്ഥാടനയാത്രകള്‍ മാറ്റിവെച്ച സാഹചര്യത്തില്‍ കേരളത്തിലെ ഇളവുകള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഐ.എം.എ. പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.പെരുന്നാള്‍ പ്രമാണിച്ചാണ് ഇളവുകള്‍.

നിലവില്‍ കട തുറക്കാന്‍ അനുമതിയില്ലാത്ത ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ നിയന്ത്രണ വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാന്‍ അനുമതിയുണ്ട്.

വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശനത്തിന് അനുമതി നല്‍കും. ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തിരിക്കണമെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം.

ഇലക്ട്രോണിക് ഷോപ്പുകള്‍, ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ എന്നിവ കാറ്റഗറി എ,ബി വിഭാഗങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാം.

എ, ബി വിഭാഗങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ മറ്റ് കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും ഒരു ഡോസ് വാക്‌സിന്‍ എടുത്ത ജീവനക്കാരെ ഉള്‍പ്പെടുത്തി തുറക്കാം.

കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സിനിമാ ഷൂട്ടിങ്ങിനും അനുമതി നല്‍കും. ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഇവിടെയും പ്രവേശനം അനുവദിക്കുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: IMA on Kerala Lockdown Release

We use cookies to give you the best possible experience. Learn more