തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം. ഈ ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറന്നാല്‍ രോഗ വ്യാപനം നിയന്ത്രണാതീതമാകുമെന്ന് ഐ.എം.എ മുന്നറിയിപ്പ് നല്‍കി.
”നിലവിലെ സാഹചര്യത്തിന്‍ തന്നെ പലരും ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ച വരുന്നുണ്ട്. ആളുകളും സംവിധാനങ്ങളും പൂര്‍ണമായും സജ്ജമായെന്ന് ഉറപ്പ് വരുത്താതെ ഈ അവസരത്തില്‍ ആരാധനാലയങ്ങള്‍ തുറക്കരുതെന്നാണ് അസോസിയേഷന്റെ നിര്‍ദ്ദേശം,” ഐ.എം.എ കേരള ഘടകം സെക്രട്ടറി ഡോ. ഗോപികുമാര്‍.പി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കുന്ന അവസരത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുകയാണെങ്കില്‍ അത് സാമൂഹിക വ്യാപനത്തിലേക്ക് നയിച്ചേക്കാം എന്നും ഗോപി കുമാര്‍ അഭിപ്രായപ്പെട്ടു.
കൊവിഡ് തീവ്രമേഖലകള്‍ക്ക് പുറത്തുള്ള ആരാധനാലയങ്ങളും ഹോട്ടലുകളും റെസ്റ്ററന്റുകളും മാളുകളും തുറക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രത്യേക മാര്‍ഗ രേഖ പുറത്തിറക്കിയതിന് പിന്നാലെയാണ് ഐ.എം.എ കേരള ഘടകത്തിന്റെ പ്രതികരണം. ജൂണ്‍ എട്ടുമുതലാണ് ഈ ഇളവുകള്‍ നിവില്‍വരിക.
രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ നമ്മുടെ ആരോഗ്യ സംവിധാനം അതീവ സമ്മര്‍ദ്ദത്തില്‍ ആവുകയും നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുമെന്നാണ് ഐ.എം.എ പറയുന്നത്.
”ബോംബയിലും ചെന്നൈയിലും കണ്ടതുപോലെ നിയന്ത്രണാതീതമായി കേസുകള്‍ പോയേക്കാം. അതിനാല്‍ ഈ അവസരത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് വൈകിപ്പിക്കണമെന്നാണ് ഐ.എം.എ സംസ്ഥാന ഘടകത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നുണ്ട്. നിര്‍ബന്ധിത ക്വാറന്റൈല്‍ ഉള്ളവര്‍ തന്നെ ക്വാറന്റൈന്‍ ലംഘിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ചെറിയ അളവിലെങ്കിലും ഉറവിടം ഇല്ലാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്. ആരാധനാലയങ്ങളില്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നതിനാല്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം ഉണ്ടായേക്കാം,” ഗോപി കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ആരാധനാലയങ്ങളും മാളുകളും പോലെ ആളുകള്‍ക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോള്‍ തുറക്കരുതെന്നു തന്നെയാണ് ഐ.എം.എ നിര്‍ദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചകളില്‍ പുറം രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഭൂരിഭാഗം പേര്‍ക്കും അസുഖം ഉണ്ടാവുന്ന അവസ്ഥയുണ്ട്. അവരില്‍ ചിലരെങ്കിലും ക്വാറന്റൈന്‍ ലംഘിക്കുന്നതായും മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ സമൂഹവ്യാപന സാധ്യത കൂടി വരികയും ചെയ്യുന്നു. രോഗം കിട്ടിയത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്തവരുടെ എണ്ണവും കൂടുകയാണ്. ഇതില്‍ നിന്നും സമൂഹവ്യാപനം നടക്കുന്നു എന്നു തന്നെ വേണം കരുതാന്‍. ഈ ഒരു ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോള്‍ രോഗ വ്യാപനം നിയന്ത്രണാതീതമായി തീരും എന്ന ആശങ്ക മുന്നറിയിപ്പായി നല്‍കുന്നു. മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായത് പോലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞ് ആരോഗ്യ പ്രവര്‍ത്തകരും ഭരണ സംവിധാനങ്ങളും പകച്ചു നില്‍ക്കേണ്ടി അവസ്ഥ ഉണ്ടാവാന്‍ അനുവദിക്കരുത്- ഐ.എം.എ പത്രക്കുറിപ്പില്‍ പറയുന്നു.
അതേസമയം മുന്‍കരുതലുകളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ ധാരണ ആയതായി വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍. അറിയിച്ചിട്ടുണ്ട്. മതമേലധ്യക്ഷന്മാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. ആരാധനാലയങ്ങളില്‍ സാധാരണനില പുനസ്ഥാപിച്ചാല്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകുമെന്നും അത് നിലവിലെ സാഹചര്യത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്ന സര്‍ക്കാരിന്റെ നിലപാടിനോട് എല്ലാവരും പൂര്‍ണമായും യോജിച്ചതായുമാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. സംസ്ഥാനത്ത് വ്യാഴാഴ്ച 94 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ ആകെ എണ്ണം 1588 ആയി ഉയര്‍ന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശത്ത് നിന്ന് വന്നവരും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. വെള്ളിയാഴ്ച 3 കൊവിഡ് മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാള്‍, അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഷബ്നാസ്, കൊല്ലം സ്വദേശി സേവ്യര്‍ എന്നിവരാണ് വെള്ളിയാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ