ന്യൂദല്‍ഹി: ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് ഐ.എം.എ. ഇളവുകള്‍ പ്രഖ്യാപിക്കുന്നെങ്കില്‍ കരുതലോടെ വേണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
ആരോഗ്യപ്രവര്‍ത്തകരുടെ രോഗബാധ ആശങ്കാജനകമാണ്. പ്രവാസികളെ വീടുകളില്‍ വിടരുതെന്നും ഐ.എം.എ അറിയിച്ചു.
നേരത്തെ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ചില മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. അതേസമയം കൊവിഡിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നീണ്ട യുദ്ധമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
കൊവിഡുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു.
തീവ്രബാധിത പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ തുടരുമെന്നും കൊവിഡ് ബാധിതരില്ലാത്ത ജില്ലകളില്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന സൂചനയും മോദി നല്‍കി. കേന്ദ്രനിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആവശ്യപ്പെട്ടു.
മേഘാലയ മുഖ്യമന്ത്രിയ്ക്കായിരുന്നു ആദ്യം പ്രധാനമന്ത്രിയുമായി സംസാരിക്കാനുള്ള അവസരം. മെയ് മൂന്നിന് ശേഷവും ലോക്ക് ഡൗണ്‍ തുടരാന്‍ സംസ്ഥാനം തയ്യാറാണെന്നും എന്നാല്‍ അവശ്യ സര്‍വീസുകളും മെഡിക്കല്‍ രംഗത്തെ യാത്രകളും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മിസോറാം മുഖ്യമന്ത്രിയും ലോക്ക് ഡൗണില്‍ കേന്ദ്രതീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് യോഗത്തില്‍ അറിയിച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി സംസ്ഥാനത്തിന് പി.പി.ഇ കിറ്റുകള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്. മെയ് മൂന്നിന് ലോക്ക് ഡൗണ്‍ അവസാനിക്കുന്ന പക്ഷം വ്യാവസായിക സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങും സംസ്ഥാനത്തെ ബിസിനസ് വ്യാപാര മേഖലകള്‍ ഘട്ടംഘട്ടമായി തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് ആവശ്യപ്പെട്ടത്. എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയുമായിരിക്കും ഇതെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം മോശം അവസ്ഥയിലാണെന്നുമായിരുന്നു ഇദ്ദേഹം ചൂണ്ടിക്കാട്ടിയത്. ടൂറിസം രംഗത്തുനിന്നും ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണ് ലോക്ഡൗണ്‍ മൂലം സംഭവിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലെ കൂടി സ്ഥിതി കണക്കിലെടുത്ത് മാത്രം ലോക്ക് ഡൗണ്‍ കാര്യത്തില്‍ തീരുമാനം എടുത്താല്‍ മതിയെന്നും സാമ്പത്തിക പ്രക്രിയകളെല്ലാം സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
മെയ് മൂന്നിന് ശേഷവും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം എന്ത് തന്നെയായാലും പാലിക്കുമെന്നായിരുന്നു ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചത്. നാല് കോടി ആളുകളെ സ്‌ക്രീനിങ് ചെയ്തെന്നും പോളിയോ ക്യാമ്പയിന്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണ്‍ നീട്ടണമെന്നും എന്നാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കണമെന്നുമായിരുന്നു ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞത്. കൊവിഡിനെതിരെ ഒരുമിച്ച് പോരാടുമ്പോള്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മേഘാലയ, മിസോറാം പുതുച്ചേരി, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, ഒഡീഷ, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് ഇന്ന് സംസാരിക്കാന്‍ അവസരം.
അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണ് അമിത് ഷായോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടണമോ എന്ന കാര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചര്‍ച്ച നടത്തുന്നത്.
രാജ്യത്തെ 13 നഗരങ്ങളില്‍ രോഗ വ്യാപനം ശക്തമാവുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മുംബൈ, അഹമ്മദാബാദ്, ഇന്ദോര്‍, പൂണെ, ജയ്പൂര്‍ , ഹൈദരാബാദ്, താനെ, സൂറത്ത്, ചെന്നൈ, ഭോപ്പാല്‍, ആഗ്ര, ജോധ്പൂര്‍ , ദല്‍ഹി എന്നീ നഗരങ്ങളിലാണ് രോഗബാധ തീവ്രമായിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.