അടിയന്തര മേഖല ഒഴികെ എല്ലാം അടച്ചിടണം: കര്‍ശന നിര്‍ദേശവുമായി ഐ.എം.എ
COVID-19
അടിയന്തര മേഖല ഒഴികെ എല്ലാം അടച്ചിടണം: കര്‍ശന നിര്‍ദേശവുമായി ഐ.എം.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd March 2020, 11:35 am

ന്യൂദല്‍ഹി: രാജ്യത്ത് മുഴുവന്‍ ലോക്ക് ഡൗണ്‍ വേണമെന്ന നിര്‍ദ്ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വീടുകളിലേയും ക്ലിനിക്കുകളിലേയും പരിശോധന ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്നും ഐ.എം.എ നിര്‍ദേശിച്ചു.

അടിയന്തര മേഖല ഒഴികെ എല്ലാം അടക്കണമെന്ന് ഐ.എം.എ അറിയിച്ചു. 18 നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രം ആശുപത്രിയില്‍ പ്രവേശനം.

അടച്ചിടല്‍ നിര്‍ദ്ദേശം നിര്‍ബന്ധമായും പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളോട് കേന്ദ്രസര്‍ക്കാരും നിര്‍ദേശിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കാനും കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശമുണ്ട്.

അതേസമയം ഇന്ത്യയില്‍ കൊവിഡ് 19 മൂലം ഒരാള്‍ കൂടി മരണപ്പെട്ടു. ഫിലിപ്പൈന്‍ പൗരനായ 68 കാരനാണ് മുംബൈയില്‍ മരിച്ചത്.

നേരത്തെ ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ട് കസ്തൂര്‍ബാ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇയാള്‍ക്ക് വൃക്ക-ശ്വാസകോശ സംബന്ധിയായ രോഗങ്ങളും ഉണ്ടായിരുന്നതായി പൊതുജനാരോഗ്യവകുപ്പ് അറിയിച്ചു.

ഇന്ത്യയില്‍ 419 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഫിലിപ്പൈന്‍ സ്വദേശിയുടെ മരണത്തോടെ രാജ്യത്ത് 8 പേരാണ് വൈറസ് ബാധയില്‍ മരിച്ചത്. ഇതില്‍ മൂന്നുമരണവും സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്.

89 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

WATCH THIS VIDEO: