'മിക്‌സോപതി' സൃഷ്ടിക്കരുത്; എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് പരിശീലനം നേടണമെന്ന ദേശീയ മെഡിക്കല് കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ ഐ.എം.എ.
national news
'മിക്‌സോപതി' സൃഷ്ടിക്കരുത്; എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് പരിശീലനം നേടണമെന്ന ദേശീയ മെഡിക്കല് കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ ഐ.എം.എ.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th July 2021, 12:23 pm

ന്യൂദല്‍ഹി: എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതിയില്‍ പരിശീലനം നേടണമെന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ ഐ.എം.എ. മിക്‌സോപതി സൃഷ്ടിക്കരുതെന്നാണ് ഐ.എം.എ. വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് പറഞ്ഞത്.

വൈദ്യശാസ്ത്ര മേഖലയിലെ കൂട്ടിക്കുഴയ്ക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും ഐ.എം.എ. പറഞ്ഞു.

‘ എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ആയുഷ് ചികിത്സാ രീതികളില്‍ക്കൂടി പരിശീലനം നേടണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ കരടില്‍ ഐ.എം.എ. അത്യധികം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പഠനശേഷം ആയുര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികളില്‍ പരിശീലനം നേടണമെന്ന നിര്‍ദേശം അനാവശ്യമാണെന്നും ‘മിക്‌സോപതി’ക്കെതിരെ പോരാടേണ്ട സമയമാണിത്,’ ഐ.എം.എ. പറഞ്ഞു.

എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ പഠനശേഷം ആയുര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികളില്‍ പരിശീലനം നേടണമെന്നാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശം. ഒരാഴ്ച നീണ്ടുനില്‍ക്കുന്നതായിരിക്കും പരിശീലനം. ഇത് സംബന്ധിച്ച ചട്ടത്തിന്റെ കരട് മെഡിക്കല്‍ കമ്മീഷന്‍ പുറത്തിറക്കി.

വിദ്യാര്‍ഥികള്‍ എം.ബിബി.എസ്. എവിടെയാണോ പഠിച്ചത് അതേ സ്ഥാപനത്തില്‍ തന്നെ പരിശീലനം നേടണമെന്നാണ് പറയുന്നത്.

എം.ബി.ബി.എസ്. പൂര്‍ത്തിയാക്കുന്നവരുടെ നിര്‍ബന്ധിത പരിശീലനം സംബന്ധിച്ച നിയമത്തിന്റെ കരട് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ പുറത്തിറക്കിയിരുന്നു.

ഇതുപ്രകാരം, എം.ബി.ബി.എസ്. പൂര്‍ത്തിയാക്കുന്നവരുടെ നിര്‍ബന്ധിത പരിശീലനത്തില്‍ വിവിധ വിഷയങ്ങളില്‍ ഒരാഴ്ചത്തെ വീതമുള്ള പരീശീലനംകൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം. കാര്‍ഡിയോളജി, നെഫ്രോളജി, പള്‍മണറി മെഡിസിന്‍, മെഡിക്കല്‍ ഓങ്കോളജി എന്നിവയില്‍ ഏതെങ്കിലും രണ്ട് വിഭാഗത്തിലാണ് പരിശീലനം പൂര്‍ത്തിയാക്കേണ്ടത്.

ബിരുദം നേടി 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട 17 പോസ്റ്റിങ്ങുകളില്‍ 14 എണ്ണം നിര്‍ബന്ധമായും ചെയ്യേണ്ടതും മൂന്നെണ്ണം ഇലക്ടീവുമാണ്. സൂപ്പര്‍സ്‌പെഷ്യാലിറ്റി മെഡിസിന്‍, ഇന്ത്യന്‍ മെഡിസിന്‍ എന്നിവയാണ് ഇലക്ടീവുകള്‍. ആയുഷിന്റെ കാര്യത്തില്‍ ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, യോഗ തുടങ്ങിയ ചികിത്സാ രീതികളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: IMA against National Medical commission decision on MBBS interns have to taught Ayush