(കാന്‍ബറയില്‍ നടന്ന അദാനി-വിരുദ്ധ റാലിയില്‍ ഓസ്‌ട്രേലിയന്‍ എഴുത്തുകാരനായ റിച്ചാര്‍ഡ് ഫ്‌ളനഗന്‍ നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍)
ഞാന്‍ വളര്‍ന്നത് ഒരു ഒറ്റപ്പെട്ട ഖനിനഗരത്തിലാണ്. അതിന്റെ കഷ്ടപ്പാട് എനിക്കറിയാം. ഞാന്‍ ആ ദുരന്തം കണ്ടതാണ്. ഒരു ഖനിത്തൊഴിലാളിയുടെ സംസ്‌കാരച്ചടങ്ങില്‍ ഒരു നഗരം മുഴുവന്‍ എത്തിയത് എന്റെ ഓര്‍മകളിലുണ്ട്. ഓരോ കുടുംബങ്ങളും ആ തെരുവില്‍ വരിവരിയായെത്തി. ഓരോരുത്തരും ആ ദുഃഖത്തില്‍ പങ്കുചേര്‍ന്നു.
തുടര്‍ന്നു രാഷ്ട്രീയക്കാര്‍ ഖനിത്തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. പക്ഷേ ഞാന്‍ അവര്‍ പറഞ്ഞ ഒരു വാക്കുപോലും വിശ്വസിച്ചില്ല.
രാഷ്ട്രീയക്കാര്‍ അവരുടെ ക്ഷേമത്തില്‍ ശ്രദ്ധാലുവായിരുന്നെങ്കില്‍ 19-ാം നൂറ്റാണ്ടില്‍ വന്ന ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ ബ്ലാക്ക് ലങ് എന്ന രോഗം 21-ാം നൂറ്റാണ്ടില്‍ തിരിച്ചെത്താനും അതുവഴി ഓസ്‌ട്രേലിയന്‍ ഖനിത്തൊഴിലാളികളെ കൊല്ലാനും അവര്‍ ശ്രമിക്കുമായിരുന്നോ? അരക്ഷിതമായ തൊഴില്‍സാഹചര്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കു വരുന്ന ‘വ്യവസായരോഗ’മാണിത്. അവരുടെ കാര്യത്തില്‍ ശ്രദ്ധാലുവായിരുന്നു രാഷ്ട്രീയക്കാരെങ്കില്‍, മോറിസണ്‍ സര്‍ക്കാരിന്റെ പിന്തുണയോടെ ഖനിത്തൊഴിലാളികളുടെ മരണം കൂടുന്നതിനെതിരേ അവര്‍ സംസാരിക്കുമായിരുന്നില്ലേ?
അവര്‍ അക്കാര്യത്തില്‍ ശ്രദ്ധാലുവായിരുന്നെങ്കില്‍ ഓസ്‌ട്രേലിയന്‍ ഖനിത്തൊഴിലാളികളുടെ തൊഴില്‍ദാതാവാകാന്‍ അദാനി യോഗ്യനാണോ എന്നവര്‍ ചോദിക്കില്ലായിരുന്നോ? അദാനിയുടെ ഇന്ത്യയിലുള്ള ശാന്തിഗ്രാം ലക്ഷ്വറി എസ്‌റ്റേറ്റിലെ തൊഴില്‍ സാഹചര്യത്തില്‍ 15 തവണയാണ് അതിഭീകരമായി കോളറ പടര്‍ന്നുപിടിച്ചത്. ആ രോഗം വന്നുമരിച്ചവരുടെ ശവശരീരങ്ങളെ ഒരു ജാക്കറ്റ് ധരിപ്പിച്ചിച്ചതിനുശേഷം അദാനി പറയണം, ക്വീന്‍സ്‌ലന്‍ഡിലെ ഖനിത്തൊഴിലാളികള്‍ക്കൊപ്പമാണു താനെന്ന്.
പക്ഷേ ഈ മോശം സാഹചര്യങ്ങളില്‍ ഖനിത്തൊഴിലാളികള്‍ക്കു തൊഴില്‍ നല്‍കുകയെന്നതല്ല അദാനിയുടെ ദൂരവ്യാപക ലക്ഷ്യം. 2016-ല്‍ ‘അദാനി മൈനിങ്ങി’ന്റെ സി.ഇ.ഒ ഇങ്ങനെ പറയുകയുണ്ടായി- ‘ഖനിയെ ഞങ്ങള്‍ ശക്തിപ്പെടുത്തുമ്പോള്‍ ഖനി മുതല്‍ തുറമുഖം വരെയുള്ള എല്ലാം സ്വയംഭരണമാകും. ഞങ്ങളുടെ കണ്ണില്‍ ഇതാണ് ഖനിയുടെ ഭാവി.’ അതു ശരിയാണ്. റോബോട്ടുകള്‍ നിറഞ്ഞ ഖനിയാണ് അദാനിയുടെ ആഗ്രഹം. ഒരു ഖനിത്തൊഴിലാളിയെയോ, ഒരു ഡ്രൈവറെയെയോ കാണാനാവാത്തവിധം.
പക്ഷേ അതുകൊണ്ടും തീരുന്നില്ല. അദാനി നേതൃത്വം നല്‍കുന്ന ഗലീലീ ബേസിനിലെ കല്‍ക്കരിഖനനം മുന്നോട്ടുപോയാല്‍ ശേഷി കുറഞ്ഞ ഓസ്‌ട്രേലിയന്‍ കല്‍ക്കരിഖനികള്‍ അപ്രത്യക്ഷമാകുകയും തൊഴിവസരങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. പകരം അദാനിയുടെ പുതിയ ഖനി തൊഴിലുകള്‍ മോഷ്ടിച്ചെടുക്കും.
തൊഴില്‍, തൊഴില്‍, തൊഴില്‍ എന്നെത്ര ഉച്ചത്തില്‍ പുലമ്പിയാലും ഈ സത്യങ്ങള്‍ മാറാന്‍ പോകുന്നില്ല. അതൊരു രാഷ്ട്രീയക്കാരനെയും സത്യസന്ധനാക്കില്ല. ഖനിത്തൊഴിലാളികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവരുടെ വിദൂഷകരായിരിക്കും അവര്‍.
ഓസ്‌ട്രേലിയയിലെ ഖനിവിഭാഗങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടത് അര്‍ഹിക്കുന്നു. അവര്‍ സത്യമെന്താണോ അതര്‍ഹിക്കുന്നു. അവര്‍ക്കാവശ്യം ഒരു പരിവര്‍ത്തനപദ്ധതിയാണ്. അല്ലാതെ നുണകളോ ചതികളോ അല്ല.
കാരണം, അദാനിയുടെ ഖനി തൊഴിലാളികളെ സഹായിക്കാനുള്ളതല്ല. അത് ക്ലെര്‍മോണ്ടിനെയോ മക്കെയെയോ സഹായിക്കാനുള്ളതാണ്. ഒരിക്കലും ഇന്ത്യയിലെ പാവപ്പെട്ടവരെ സഹായിക്കാനുള്ളതും അല്ല. ഇതെല്ലാം സംഭവിക്കുന്നത് ഒറ്റക്കാരണം കൊണ്ടാണ്- അത്യാര്‍ത്തി. ഈ അത്യാര്‍ത്തിയാണു നമ്മുടെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്.
41 വര്‍ഷം മുന്‍പ് ഫ്രാങ്ക്‌ലിന്‍ നദിയിലെ ഐറീനബിസ്സെന്ന മനോഹരമായ ചെറിയ മലയിടുക്കില്‍ക്കൂടി ഞാന്‍ തോണി തുഴഞ്ഞുപോയിരുന്നു. ഈ നദിയിലാണ് അണക്കെട്ട് നിര്‍മിക്കുന്നതിനെതിരേ പോരാട്ടം നടക്കുന്നത്. തുഴച്ചിലിനൊടുവില്‍ ഞാന്‍ ബോബ് ബ്രൗണിനെ കണ്ടു. ഞാന്‍ ബോബിനോടു ചോദിച്ചത് ഈ നദിയെ രക്ഷിക്കാന്‍ കഴിയുമോയെന്നാണ്. പ്രതീക്ഷയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നാലുവര്‍ഷം കൂടി ആ നദിക്കു വേണ്ടിയുള്ള പോരാട്ടം തുടര്‍ന്നു. സര്‍ക്കാരുകള്‍ വന്നു, പോയി. ഓസ്‌ട്രേലിയന്‍ ചരിത്രത്തില്‍ ആദ്യമായാണ് ആയിരക്കണക്കിന് ആളുകളെ ഉത്തരവ് ലംഘിച്ചതിന്റെ പേരില്‍ ജയിലിലാക്കുന്നത്. അതീ നദിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്.
കോടിക്കണക്കിനു രൂപയാണ് അണക്കെട്ട് നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ ചെലവാക്കിയത്. അണക്കെട്ട് നിര്‍മിക്കുന്നതിനുവേണ്ടി അവിടെയുണ്ടായിരുന്ന് മഴക്കാട് നശിപ്പിക്കാവുന്നതിന്റെ പരമാവധി നശിപ്പിച്ചു. പക്ഷേ അവസാന നിമിഷം ഹൈക്കോടതി അണക്കെട്ട് നിര്‍മാണവുമായി മുന്നോട്ടുപോകരുതെന്നു വിധിക്കുകയായിരുന്നു.
ഞാന്‍ പറയാനുദ്ദേശിക്കുന്നത് ഒരു പ്രതീക്ഷയുണ്ടെന്നാണ്. ഫ്രാങ്ക്‌ലിന്‍ സ്വതന്ത്രമായി ഒഴുകുന്നതുപോലെ ഒരുനാള്‍ അദാനിക്കു തടയിടും. ജനങ്ങള്‍ പറയുന്നതുപോലെ രാഷ്ട്രീയത്തിനും പണത്തിനും അപ്പുറമായി മറ്റെന്തൊക്കെയോ ഉണ്ട്. അത്തരമൊരു നിമിഷത്തിലാണ് ഇതൊക്കെ സംഭവിക്കുക. സമയമായാല്‍ ഒന്നിനെയും തടയാനൊക്കുന്ന ശക്തി ലോകത്തിലില്ല.
ഈ വസ്തുതകള്‍ നിരത്തി ഞാന്‍ ഇനിയും നിങ്ങളുടെ സമയം കളയുന്നില്ല. പക്ഷേ ഒരു കാര്യം പറയാനുണ്ട്. 12 വര്‍ഷമുണ്ട് നമ്മുടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനെന്നു കഴിഞ്ഞ ഒക്ടോബറില്‍ ഐ.പി.സി.സി പറഞ്ഞിരുന്നു. ഡീകാര്‍ബണൈസ് ചെയ്യുക, അല്ലെങ്കില്‍ ആഗോളതാപനത്തെ നേരിടുക എന്നതാണത്. ദേശീയതലത്തിലോ, അന്താരാഷ്ട്രതലത്തിലോ യാതൊരു നീക്കങ്ങളുമില്ലാതെ അതില്‍ ആറുമാസം കടന്നുപോയിരിക്കുന്നു. നമ്മള്‍ പുറത്തേക്കുവിടുന്ന ചൂടിന്റെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇതിനുമുന്‍പൊരിക്കലും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് ഇപ്പോള്‍ നമ്മള്‍ നേരിടുന്നത്. ഇപ്പോഴത്തെ സാഹചര്യം സൂചിപ്പിക്കുന്നത് ഓസ്‌ട്രേലിയ ആള്‍പ്പാര്‍പ്പിലാത്ത ഒരു സ്ഥലമാകുമെന്നാണ്.
ലോകത്തിലെ 10 ലക്ഷത്തോളം വംശങ്ങള്‍ ഭാവിയില്‍ ഭക്ഷണത്തിനും വെള്ളത്തിനുമായി കഷ്ടപ്പെടേണ്ടി വരുമെന്നാണു ശാസ്ത്രം പറയുന്നത്. ഇതൊരു ശാസ്ത്രകഥയല്ല. ഇതൊരു നെറ്റ്ഫ്‌ളിക്‌സ് സീരിസല്ല, ഇതാണ് ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞര്‍ പറയുന്നത്. പരിഹാരമെന്നതു വ്യക്തിപരമല്ല, രാഷ്ട്രീയമാറ്റമാണ്.
പക്ഷേ ആ മാറ്റമുണ്ടാക്കാന്‍ മിശിഹായെപ്പോലൊരു നേതാവിനാവില്ല. ഈ പാര്‍ട്ടിയില്‍ നിന്നോ ആ പാര്‍ട്ടിയില്‍ നിന്നോ മാറ്റമുണ്ടാവില്ല. അതു സംഭവിക്കണമെന്നു നമ്മള്‍ വിചാരിക്കുമ്പോള്‍ മാത്രമേ അതു സംഭവിക്കൂ. നമ്മള്‍ നമ്മളെത്തന്നെയാണു കുറ്റപ്പെടുത്തേണ്ടത്, നമ്മളെ രക്ഷിക്കേണ്ടതും നമ്മള്‍ തന്നെ.
ഓസ്‌ട്രേലിയ വരണ്ടുണങ്ങുന്നു എന്നതാണു പ്രശ്‌നം. ഇവിടുത്തെ മത്സ്യബന്ധന മേഖലയുടെ തകര്‍ച്ചയാണ് പ്രശ്‌നം. നമ്മുടെ ജനസംഖ്യയ്ക്കാവശ്യമായ വെള്ളമില്ലെന്നതാണു നമ്മുടെ പ്രശ്‌നം. കൃഷിനാശമാണു നമ്മുടെ പ്രശ്‌നം. പ്രളയത്തിലും ചുഴലിക്കാറ്റിലും നശിച്ച അടിസ്ഥാനസൗകര്യങ്ങളാണു പ്രശ്‌നം. കടല്‍ക്ഷോഭമാണു നമ്മുടെ പ്രശ്‌നം. നദികളുടെയും ടാസ്മാനിയന്‍ മഴക്കാടുകളുടെയും മരണമാണു നമ്മുടെ പ്രശ്‌നം. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യം എങ്ങനെ ഈ അവസ്ഥയിലായി എന്നതിന്റെ ഒരു സൂചകമായി അദാനി മാറിയിരിക്കുകയാണ്. അതുകൊണ്ടാണ് അദ്വാനിക്കെതിരായ പോരാട്ടം രാജ്യത്തിന്റെ ആത്മാവിനു വേണ്ടിയുള്ള പോരാട്ടമാകുന്നത്.
തങ്ങള്‍ക്ക് അധികാരമില്ലെന്നോ കഴിവില്ലെന്നോ ആയിരിക്കും നിങ്ങളില്‍ പലര്‍ക്കും തോന്നുക. അങ്ങനെയെങ്കില്‍ കാലാവസ്ഥാ വ്യതിയാനമല്ല, ശക്തിയില്ലായ്മയാണു നമ്മുടെ യഥാര്‍ഥ പ്രശ്‌നം. നമ്മള്‍ വിശ്വാസമര്‍പ്പിക്കുന്നത് ഏറ്റവും ശക്തരായ രാഷ്ട്രീയക്കാരിലും കോര്‍പറേറ്റുകളിലുമാണ്. അവര്‍ക്കു ലോകത്തെ മാറ്റിമറിക്കാനാകുമെന്നു നമ്മള്‍ വിശ്വസിക്കുന്നു. പക്ഷേ ഇന്നു രാഷ്ട്രീയക്കാരനിലോ കോര്‍പറേറ്റിലോ ഉള്ള വിശ്വാസം നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. ഇനി നമ്മളെ രക്ഷിക്കാന്‍ നമുക്കേ കഴിയൂ. കഴിഞ്ഞ 30 വര്‍ഷത്തിനിടെ അന്തരീക്ഷത്തിലെ പാതിയോളം കാര്‍ബണ്‍ നമുക്കുള്ളിലായി. ഇനി നമുക്ക് പതിനൊന്നര വര്‍ഷം കൂടിയുണ്ട് ഇതിനു തടയിടാന്‍. നമുക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള സമയമാണിത്. കാരണം മറ്റാരുമില്ല, വേറെ സമയവുമില്ല.
ഫ്രാങ്ക്‌ലിന്‍ എന്നത് ഒരു നദിക്കും അപ്പുറത്താണ്. അദാനിയെന്നത് ഒരു ഖനിക്കും അപ്പുറത്താണ്. ഈ രാജ്യത്തെ രക്ഷിക്കുന്നതിനായി അദാനിയെ തടയാനും അതുവഴി ജയിലില്‍പ്പോകാനും എനിക്കു മടിയില്ല. നിങ്ങള്‍ എന്റെ കൂടെയുണ്ടാകുമോ ? എനിക്കു പ്രതീക്ഷയുണ്ട്. എന്തുകൊണ്ട്? 41 വര്‍ഷം മുന്‍പാണ് ഞാന്‍ പ്രതീക്ഷ നഷ്ടപ്പെടാത്ത ഒരു മനുഷ്യനെ കണ്ടത്. പ്രതീക്ഷ ഒരിക്കലും നഷ്ടപ്പെടില്ലെന്നാണ് എനിക്കു പറയാനുള്ളത്, ഒരിക്കലും.
മൊഴിമാറ്റം: ഹരിമോഹന്‍