കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസവും മലയാളികളുടെ അഹങ്കാരവുമായ ഐ.എം.വിജയന് ഇന്ന് 52ാം പിറന്നാള്‍. സമൂഹ്യ മാധ്യമങ്ങളിലടക്കം നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയത്.
സ്പെയിനിന്റെയും ബാര്‍സിലോനയുടെയും എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ ചാവി ഹെര്‍ണാണ്ടസും ഐ.എം.വിജയന് ആശംസകളുമായി രംഗത്തെത്തി.
ഇന്ന് വിജയന്റെ 52ാം ജന്മദിനം, ഐ.എം.വിജയനു പിറന്നാള്‍ ആശംസകള്‍ എന്ന് സ്പാനിഷില്‍ പറയുന്ന വീഡിയോയിലൂടെയാണ് ചാവി മലയാളികളുടെ പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്നത്.
ചാവി കയ്യൊപ്പിട്ട 10ാം നമ്പര്‍ ജഴ്സിയും പിറന്നാള്‍ സമ്മാനമായി അയച്ചു നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള ജീവിതത്തില്‍ തനിക്കു ലഭിച്ച ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനമാണിതെന്ന് ഐ.എം വിജയന്‍ പറഞ്ഞു.
1969 ഏപ്രില്‍ 25-ന് തൃശൂരിലാണ് അയനിവളപ്പില്‍ മണിയുടെയും കൊച്ചമ്മുവുന്റെയും മകനായി ഐ.എം വിജയന്‍ ജനിച്ചത്. 1992ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ വിജയന്‍ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങളില്‍ 39 ഗോളുകള്‍ നേടി.
2003ല്‍ കായിക താരങ്ങള്‍ക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ അര്‍ജുന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം അദ്ദേഹം മലബാര്‍ സ്പെഷല്‍ പൊലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ് ആയി ചുമതലയേറ്റിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക