| Monday, 22nd January 2018, 9:55 am

'ഗോവ കളിച്ചു, നല്ല ഒന്നാന്തരം കളി, എങ്ങനെ കളിക്കണമെന്നു  കേരളത്തിനു കാണിച്ചുകൊടുത്തു'; ബ്ലാസ്റ്റേഴ്‌സിന്റെ പ്രകനടത്തിനെതിരെ തുറന്നടിച്ച് ഐ.എം വിജയന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: എഫ്.സി ഗോവയ്‌ക്കെതിരെ സ്വന്തം തട്ടകത്തില്‍ തോറ്റമ്പിയ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‍. ആദ്യ നാലില്‍ കടക്കാനുള്ള സുവര്‍ണാവസരമാണ് ബ്ലാസ്റ്റേഴ്‌സ് കളഞ്ഞുകുളിച്ചത്. ഒന്നാം പകുതിയില്‍ ഒരു ഗോള്‍ അടിച്ചതൊഴിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് ചിത്രത്തില്‍ പോലുമുണ്ടായില്ല. സ്വന്തം കാണികള്‍ക്കു മുന്നില്‍ പ്രസിങ് ഗെയിം പുറത്തെടുക്കാന്‍ പോലും ബ്ലാസ്റ്റേഴ്‌സ് മെനക്കെട്ടില്ല. എന്നായിരുന്നു വിജയന്റെ പ്രതികരണം.

മനോരമയിലെഴുതിയ കോളത്തിലായിരുന്നു മുന്‍ ഇന്ത്യന്‍ താരത്തിന്റെ പ്രതികരണം. “ഗോവ കളിച്ചു. നല്ല ഒന്നാന്തരം കളി. എങ്ങനെ കളിക്കണമെന്നു ഗോവന്‍ ടീം കേരളത്തിനു കാണിച്ചുകൊടുക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടില്‍ വന്ന് ഇത്രയും ആത്മവിശ്വാസത്തോടെ കളിച്ചതിനു ഗോവന്‍ താരങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടെ പ്രതിരോധക്കാര്‍ പോലും വളരെ കൂള്‍ ആയാണ് കളിച്ചത്. ഗോളടിക്കുമെങ്കിലും ഗോവയുടെ പ്രതിരോധനിര ദുര്‍ബലമാണെന്നാണു പറഞ്ഞുകേട്ടത്. എന്നാല്‍ ഇന്നലത്തെ മല്‍സരം ആ ധാരണ തിരുത്തി. ഡിഫന്‍സില്‍ പോലും വണ്‍ടച്ച് ഫുട്‌ബോള്‍ കളിച്ച ഗോവന്‍ താരങ്ങള്‍ കേരളത്തിന്റെ ബാക്കിയുള്ള ആത്മവിശ്വാസം പോലും കളഞ്ഞിട്ടുണ്ടാകും.” അദ്ദേഹം പറയുന്നു.

ആദ്യ ഗോള്‍ വഴങ്ങിയതിനു ശേഷം കുറച്ചുനേരം ഉണര്‍ന്നു കളിച്ചു. അതിന്റെ ഫലമാണ് വിനീതിന്റെ ഗോള്‍ വന്നതും. പക്ഷേ ആ ചൂട് നിലനിര്‍ത്താന്‍ പരാജയപ്പെട്ടു. ഫിറ്റ്‌നസിന്റെ കാര്യത്തിലും ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങള്‍ നിരാശപ്പെടുത്തുകയാണ്. ഹോം മാച്ചുകളുടെ ആനുകൂല്യമാണ് ടീം കൈവിട്ടുകളയുന്നത്. ഇനിയുള്ള എല്ലാ മല്‍സരങ്ങളും ജയിച്ചാല്‍ മാത്രമേ മുന്നോട്ടു പോകാനാകൂ. സ്വന്തം ജയം മാത്രമല്ല, മറ്റു ടീമുകളുടെ തോല്‍വിയും ഇനി കേരളത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നും വിജയന്‍ പറയുന്നു.

2-1നായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം. ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സി.കെ വിനീതാണ് ആശ്വാസ ഗോള്‍ നേടിയത്. അതേസമയം, വീണുകിട്ടിയ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് ബ്ലാസ്റ്റേഴ്‌സിന് വിനയായി. ഇതോടെ പ്ലേ ഓഫിനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ മോഹങ്ങള്‍ക്ക് കരുത്ത് നഷ്ട്‌പ്പെട്ടിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more