ഐ.എസ്.എല്ലിലെ ഗോവ കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തെ വിലയിരുത്തി ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍. മനോരമയിലെഴുതിയ തന്റെ കോളത്തിലാണ് മുന്‍ ഇന്ത്യന്‍ താരം മത്സരത്തെ വിലയിരുത്തുന്നത്.
ഐ.എസ്.എല്ലിന്റെ നിലവാരം തകര്‍ക്കുന്ന റഫറിയിങ്ങാണ് കഴിഞ്ഞ മത്സരത്തില്‍ കണ്ടെതെന്നാണ് താരം പറയുന്നത്. ‘പെനാല്‍റ്റിയും കോര്‍ണറും ഫൗളും ഹാന്‍ഡുമെല്ലാം കൂട്ടത്തോടെ കാണാതെ പോകുന്നതു ബാലിശമായ റഫറിയിങ്ങാണ്. കളിക്കാരുടെ അധ്വാനത്തെ കൊന്നുകളയുന്നതിനൊപ്പം ലീഗിന്റെ നിലവാരത്തെയും ഇതു ബാധിക്കും,’ അദ്ദേഹം പറയുന്നു.
ഇത്തരം വീഴ്ചകള്‍ തടയാന്‍ ഐ.എസ് എല്‍ അധികൃതര്‍ ഇനിയും വൈകരുതെന്നും, റഫറിമാരുടെ കണ്ണുകള്‍ പരിശോധിക്കണമെന്നും ഐ. എം വിജയന്‍ പറയുന്നു.
നേരത്തെ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുക്മനൊവിച്ചും മോശം റഫറിയിങ്ങിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കൃത്യമായ റഫറിയിങ്ങാണ് ഇതുവരെ നടന്നിട്ടുള്ളതെങ്കില്‍ എപ്പോഴെ തങ്ങള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയേനേ എന്നായിരുന്നു വുക്മനൊവിച്ച് പറഞ്ഞത്.
മികച്ച പ്രകടനം നടത്തിയിട്ടും സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശയും താരം പങ്കുവെച്ചു.
മികച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാതെ തുലച്ചുകളഞ്ഞ സഹലിനെയും ചെയഞ്ചോയേയും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതാണു കളി. തീക്കളി. ആദ്യം ബ്ലാസ്റ്റേഴ്സും പിന്നെ ഗോവയും ഒരുപോലെ മിന്നിച്ചു. ആദ്യപകുതിയില്‍ നാലു ഗോള്‍ വീണ പോരാട്ടത്തില്‍ ഫുട്ബോളിന്റെ എല്ലാ ത്രില്ലും ചേര്‍ന്നിട്ടുണ്ടായിരുന്നു. ‘ഫ്രീകിക്ക്’ രൂപത്തില്‍ വന്നൊരു സുന്ദരന്‍ ഫീല്‍ഡ് ഗോളും കോര്‍ണറില്‍ നിന്നു പറന്നിറങ്ങിയ ഒളിംപിക് ഗോളുമെല്ലാമായി ടീമുകള്‍ കട്ടയ്ക്കു നിന്ന മത്സരം. ടി.വിക്കു മുന്നിലിരുന്ന, ചങ്കില്‍ കാല്‍പന്തിന്റെ സ്പന്ദനം സൂക്ഷിക്കുന്നവരുടെയെല്ലാം കാലുകള്‍ ഇന്നലെ പലവട്ടം അറിയാതെ ‘പന്തിനു നേര്‍ക്ക്’ ഉയര്‍ന്നിട്ടുണ്ടാകും!
ഗോവയ്ക്കായിരുന്നു കളത്തില്‍ ആധിപത്യമെങ്കിലും ബ്ലാസ്റ്റേഴ്സിന് ജയിച്ചു കയറാമായിരുന്ന ഒന്നായിരുന്നു ഈ മത്സരം. സഹലും ചെഞ്ചോയും പാഴാക്കിയ ആ അവസരങ്ങള്‍ക്കു ന്യായീകരണമില്ല. പോരാട്ടവീര്യത്തിനു കുറവുണ്ടായില്ലെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ കളി അത്ര സുഖമായില്ല. മുന്‍ മത്സരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏതാനും പടി താഴോട്ടു പോയി പ്രകടനം. ഫോമില്‍ അല്ലാത്ത, പ്രതിരോധം പാളി നില്‍ക്കുന്ന ഗോവയെ ബ്ലാസ്റ്റേഴ്സ് ലാഘവത്തോടെ കണ്ടിരുന്നോ?
ഒഡീഷയും മുംബൈയും ചെന്നൈയും പോലെ കത്തിനില്‍ക്കുന്ന ടീമുകള്‍ക്കെതിരെ കണ്ട ഒരുക്കവും പദ്ധതിയും കരുതലുമൊന്നും പോയിന്റ് നിലയില്‍ പിന്‍നിരയിലുള്ള ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സില്‍ നിന്നുണ്ടാകില്ലെന്നു തോന്നുന്നു. നോര്‍ത്ത് ഈസ്റ്റ് മുതല്‍ ഗോവ വരെയുള്ള മത്സരങ്ങള്‍ അതിന് ഉദാഹരണമായുണ്ട്.
തുടക്കത്തിലെ രണ്ടു ഗോളിന്റെ ലീഡെടുത്തെങ്കിലും കളത്തില്‍ അതിന്റെ ആധിപത്യമോ ശക്തമെന്നു തോന്നിച്ച ബില്‍ഡ് അപ് നീക്കങ്ങളോ ബ്ലാസ്റ്റേഴ്സില്‍ കണ്ടില്ല. എതിരാളികളുടെ പൊസഷന്‍ ഗെയിമിനു മുന്നില്‍ മിസ് പാസുകള്‍ കൂടിയായതോടെ ബ്ലാസ്റ്റേഴ്സ് മുങ്ങിപ്പോയി. ലൂനയുടെ അഭാവം പ്രകടമായ രണ്ടാം പകുതിയില്‍ ഗോവയുടെ കൈകളിലായി കളിയുടെ കടിഞ്ഞാണ്‍.
റഫറിമാരുടെ പ്രകടനത്തെക്കുറിച്ചു വീണ്ടും പറയാതെ വയ്യാ. ഇരുടീമുകളും ഇന്നലെ ആ പിഴവുകളുടെ കയ്പുനീര്‍ കുടിച്ചു. ഗോവയ്ക്ക് ആയിരുന്നു കൂടുതല്‍ നഷ്ടം. സങ്കടം തന്നെ ഈ നിലവാരമില്ലായ്മ. പെനാല്‍റ്റിയും കോര്‍ണറും ഫൗളും ഹാന്‍ഡുമെല്ലാം കൂട്ടത്തോടെ കാണാതെ പോകുന്നതു ബാലിശമായ റഫറിയിങ്ങാണ്. കളിക്കാരുടെ അധ്വാനത്തെ കൊന്നുകളയുന്നതിനൊപ്പം ലീഗിന്റെ നിലവാരത്തെയും ഇതു ബാധിക്കും. ഈ വീഴ്ചകള്‍ തടയാന്‍ ഐ.എസ്.എല്‍ അധികൃതര്‍ ഇനിയും വൈകരുത്. റഫറിമാരുടെ കണ്ണ് പരിശോധിക്കണമെന്നു വീണ്ടും ഞാന്‍ ഊന്നിയൂന്നി പറഞ്ഞുപോകുകയാണു സുഹൃത്തുക്കളേ !